ദുബൈ ഇന്റര്‍നാഷണല്‍ പ്രൊജക്ട് മാനേജ്‌മെന്റ് ഫോറം; ഒരുക്കം തുടങ്ങി

Posted on: May 8, 2016 3:05 pm | Last updated: May 8, 2016 at 3:05 pm

LOGO copyദുബൈ: ഒക്‌ടോബര്‍ 22 മുതല്‍ 25 വരെ നടക്കുന്ന ദുബൈ ഇന്റര്‍നാഷണല്‍ പ്രൊജക്ട് മാനേജ്‌മെന്റ് ഫോറ (ഡി ഐ പി എം എഫ്)ത്തിന്റെ മൂന്നാമത് എഡിഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)യുടെ നേതൃത്വത്തില്‍ ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ), ഇമാര്‍ പ്രോപ്പര്‍ട്ടീസ് എന്നിവരുമായി സഹകരിച്ചാണ് ഫോറം സംഘടിപ്പിക്കുന്നത്. ‘ഭാവിയെ രൂപപ്പെടുത്തല്‍’ എന്ന പ്രമേയത്തിലാണ് ഫോറം. ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഫോറം നടക്കുക.
മേഖലയില്‍ ദുബൈ നഗരത്തിന്റെ വികസനത്തില്‍ പ്രധാനപങ്കുവഹിക്കാന്‍ കഴിയുന്നതാണ് ഡി ഐ പി എം എഫ് എന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു. അന്താരാഷ്ട്രതലത്തിലെ പ്രശസ്ത സ്‌പെഷ്യലിസ്റ്റുകളെയും വിദഗ്ധരേയും ഫോറം ആകര്‍ഷിക്കും. വിവിധ വ്യവസായങ്ങളേയും വിവിധ വിഷയങ്ങളില്‍ പ്രവീണ്യമുള്ളവരെയും ആകര്‍ഷിക്കുന്ന ആഗോള മുഖമുള്ള അറേബ്യന്‍ നഗരമായി ദുബൈയെ മാറ്റാനാണ് ലക്ഷ്യം.
കൂട്ടായ പ്രവര്‍ത്തനത്തിനുള്ള ആറ് സമ്മേളനങ്ങളും നാല് ചര്‍ച്ചാ പാനലുകളും അഞ്ച് പ്രത്യേക പരിശീലന കോഴ്‌സുകളും ഇതോടനുബന്ധിച്ചു നടക്കും.
28 രാജ്യങ്ങളില്‍ നിന്നായി 1,500ലധികം പ്രതിനിധികളാണ് കഴിഞ്ഞ ഫോറത്തിനെത്തിയത്. മാനേജ്‌മെന്റ്, എന്‍ജിനീയറിംഗ്, നിര്‍മാണ പദ്ധതികള്‍, സാങ്കേതികത, കായികം, ഊര്‍ജം, സുസ്ഥിര പ്രദേശങ്ങള്‍ എന്നിവയെ സംബന്ധിച്ചാണ് ചര്‍ച്ച ചെയ്തത്.
അടിസ്ഥാന മേഖലകളില്‍ നിക്ഷേപസാധ്യത വര്‍ധിപ്പിച്ചും നഗര-സാമ്പത്തിക വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുമുള്ള യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഫോറം.
8,000 കോടിയിലേറെ ദിര്‍ഹമാണ് ദുബൈ ഭരണകൂടം ആര്‍ ടി എയുടെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി ചെലവഴിച്ചതെന്ന് മതര്‍ അല്‍ തായര്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ചും സേവനങ്ങള്‍ മെച്ചപ്പെടുത്തിയും കൊണ്ടിരിക്കുകയാണ് ആര്‍ ടി എ എന്ന് അദ്ദേഹം വ്യക്തമാക്കി.
വ്യാപാരം, സാമ്പത്തികം, വിനോദസഞ്ചാരം, പരിസ്ഥിതി സൗഹൃദ സമ്പദ്‌വ്യവസ്ഥ എന്നിവയില്‍ ആഗോള ഹബ് ആയി ദുബൈയെ മാറ്റുന്നതിനുള്ള പരിശ്രമം സമ്മേളനത്തിലുണ്ടാകുമെന്ന് ദിവ എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.
നൂതനമായ മാനേജ്‌മെന്റ് പദ്ധതികള്‍ക്ക് നല്‍കുന്ന ഹംദാന്‍ ബിന്‍ മുഹമ്മദ് അവാര്‍ഡിന് തുടക്കമായത് ഫോറത്തിന്റെ രണ്ടാം എഡിഷനിലായിരുന്നു. രണ്ട് കോടി ദിര്‍ഹമാണ് പുരസ്‌കാര തുക.