സ്ത്രീ പീഡനം; ലീഗ് നേതാവ് അറസ്റ്റില്‍

Posted on: May 8, 2016 11:19 am | Last updated: May 8, 2016 at 11:19 am

വളാഞ്ചേരി: സ്ത്രീ പീഡനക്കേസില്‍ മുസ്‌ലിം ലീഗ് നേതാവ് വളാഞ്ചേരിയില്‍ പിടിയില്‍. കോട്ടക്കല്‍ മണ്ഡലം മുസ്‌ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റായിരുന്ന വെണ്ടല്ലൂര്‍ തറക്കല്‍ അലിഹാജിയെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ ബന്ധം വേര്‍പ്പെട്ടു നില്‍ക്കുകയായിരുന്ന വെണ്ടല്ലൂര്‍ സ്വദേശിനിയായ ബന്ധുവിന് ഭര്‍ത്താവില്‍ നിന്നും ജീവനാംശം വാങ്ങിതാരാമെന്ന് പറഞ്ഞ് പ്രതിയാണ് കോടതിയില്‍ കേസ് നടത്തുന്നതിനുള്ള സഹായങ്ങള്‍ ചെയ്തിരുന്നത്.
യുവതിക്കും അവരുടെ രണ്ടു കുട്ടികള്‍ക്കുമായി 22 ലക്ഷത്തോളം രൂപ ജീവനാംശമായി ലഭിക്കുകയും ചെയ്തു. ഈ തുക തട്ടിയെടുക്കുകയും വിവാഹ വാഗ്ദാനം നല്‍കി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ആവശ്യങ്ങള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ യുവതിയെ കൊണ്ടു പോവുകയും ഹോട്ടല്‍ മുറികളില്‍ വെച്ച് പീഡനം നടത്തുകയും ചെയ്തു. മൂന്നു തവണ യുവതി ഗര്‍ഭിണിയാവുകയും പ്രതി നിര്‍ബന്ധിച്ച് അബോര്‍ഷന്‍ നടത്തുകയും ചെയ്തുവെന്ന് പോലീസ് പറയുന്നു. ജനുവരി 16ന് തിരുവനന്തപുരത്ത് വെച്ചാണ് യുവതിയെ അവസാനമായി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നത്. തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ട യുവതി പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാവുകയായിരുന്നു. നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.