തിരൂരില്‍ ആഞ്ഞുപിടിക്കാന്‍ സി പിഎം; പിടിവിടാതെ ലീഗ്

Posted on: May 8, 2016 10:10 am | Last updated: May 8, 2016 at 10:10 am

c mammoottyഭാഷാ പിതാവിന്റെ മണ്ണില്‍ വയനാട്ടില്‍ നിന്ന് വിരുന്നുകാരനായി എത്തി തിരൂര്‍ മണ്ഡലത്തില്‍ സ്ഥാനം ഉറപ്പിച്ച മുസ്‌ലിം ലീഗിന്റെ സി മമ്മുട്ടിയും നാട്ടുകാരനും പൊതുപ്രവര്‍ത്തകനുമായ ഇടത് സ്വതന്ത്രന്‍ ഗഫൂര്‍ പി ലില്ലീസും തമ്മിലാണ് പ്രധാന പോരാട്ടം. ഇരു സ്ഥാനാര്‍ഥികളും നാലാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കുമ്പോള്‍ അരങ്ങത്ത് തീ പാറും പോരാട്ടമാണ്. നാലാം തവണ നിയമസഭയിലേക്ക് മത്സരിക്കുന്ന പരിചയ സമ്പത്തുമായാണ് സി മമ്മുട്ടി എത്തുന്നത്. 1987 ല്‍ കല്‍പ്പറ്റയില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച മമ്മുട്ടി പരാജയപ്പെട്ടെങ്കിലും 2001ല്‍ കൊടുവള്ളിയില്‍ നിന്നും 2011ല്‍ തിരൂരില്‍ നിന്നും ഓരോ തവണ തിരഞ്ഞെടുക്കപ്പെട്ടു. എക്കാലത്തും മുസ്‌ലിം ലീഗിന് വളക്കൂറുള്ള മണ്ണായ തിരൂരില്‍ 2006ല്‍ ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബശീറിനെ മലര്‍ത്തിയടിച്ച് സി പി എമ്മിന്റെ പി പി അബ്ദുല്ലക്കുട്ടി മണ്ഡലത്തില്‍ ചെങ്കൊടി പാറിച്ചു.
തീരദേശ മണ്ഡലം കൂടിയായ തിരൂര്‍ 2011ലെ മണ്ഡലം പുനര്‍ നിര്‍ണയത്തോടെ മുസ്‌ലിം ലീഗിന് അനുകൂലമായ ഭൂപ്രദേശമായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സിറ്റിംഗ് എം എല്‍ എയായിരുന്ന പി പി അബ്ദുല്ലക്കുട്ടിയെ സി പി എം വീണ്ടും ഇറക്കിയെങ്കിലും വിജയം മമ്മുട്ടിക്കൊപ്പമായിരുന്നു. 23,566 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മമ്മൂട്ടിക്ക് ലഭിച്ചത്. ഇത്തവണ ഭൂരിപക്ഷത്തില്‍ ഗണ്യമായ ഇടിവ് സംഭവിക്കുമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങളിലെ തന്നെ വിലയിരുത്തല്‍. സ്ഥാനാര്‍ഥി ടിക്കറ്റ് നേരത്തെ ലഭിച്ചതോടെ പ്രചാരണ രംഗത്ത് ഒരുപടി മുമ്പേ മമ്മുട്ടി നിലയുറപ്പിച്ചിരുന്നു.
അഞ്ച് വര്‍ഷക്കാലത്തിനുള്ളില്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനം എണ്ണിപ്പറഞ്ഞാണ് യു ഡി എഫിന്റെ പ്രചാരണ യോഗങ്ങള്‍ പുരോഗമിക്കുന്നത്. മണ്ഡലത്തിലെ പൗരപ്രമുഖരുടെയും കാരണവന്മാരുടെയും അനുഗ്രഹം തേടിയായിരുന്നു ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പര്യടനം. രണ്ടാം ഘട്ടത്തില്‍ സ്‌കൂള്‍, കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കയറി ഇറങ്ങിയായിരുന്നു പര്യടനം. ഇവിടെ കുട്ടികളുമായും അധ്യാപകരുമായും സമയം ചെലവിട്ട് ആവശ്യങ്ങളെല്ലാം ചോദിച്ചറിയും ഒപ്പം വോട്ടഭ്യര്‍ഥനയും. ആശുപത്രികളിലും വീടുകളിലും കഴിയുന്ന രോഗികളെ നേരിട്ട് സന്ദര്‍ശിച്ചും കുടുംബ യോഗങ്ങളില്‍ സംസാരിച്ചുമായിരുന്നു മൂന്നാം ഘട്ട പ്രചാരണം പൂര്‍ത്തിയാക്കിയത്. നാലാംഘട്ടത്തില്‍ കവലകള്‍ കേന്ദ്രീകരിച്ചുള്ള റാലികളും പൊതുയോഗങ്ങളുമാണ് ഇപ്പോള്‍ നടക്കുന്നത്.
വികസനത്തെ മുന്‍ നിര്‍ത്തിയും ഇടതുപക്ഷത്തെ കടന്നാക്രമിച്ചുമാണ് ലീഗിന്റെ പ്രചാരണം. മലയാളം സര്‍വകലാശാല, ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയാക്കി ഉയര്‍ത്തല്‍, സമഗ്ര വിദ്യാഭ്യാസ പദ്ധതി, മണ്ഡലത്തിലുടനീളം ഹൈമാസ്റ്റ്, മിനി മാസ്റ്റ് വിളക്കുകള്‍, സിന്തറ്റിക്ക് ട്രാക്കോടുകൂടിയ സ്റ്റേഡിയം, നഗരമധ്യത്തില്‍ നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന മൂന്ന് പാലങ്ങള്‍ തുടങ്ങിയ വകസന പദ്ധതികളാണ് യു ഡി എഫ് പ്രധാനമായും ഉയര്‍ത്തുന്നത്.
എന്നാല്‍ സ്വതന്ത്രനിലൂടെ മണ്ഡലം തിരിച്ചു പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് എല്‍ ഡി എഫ്. ഇടത് സ്വതന്ത്രന്റെ സ്ഥാനാര്‍ഥിത്വം സി പി എമ്മിനും ഇടതു മുന്നണിക്കുള്ളിലും അപശബ്ദങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും പ്രചാരണ രംഗത്ത് ഗഫൂര്‍ പി ലില്ലീസ് മുന്നേറുന്ന കാഴ്ചയാണ്. പരസ്യ പ്രചാരണം ഉള്‍പ്പടെ അഞ്ചാംഘട്ട പര്യടനമാണ് ഇപ്പോള്‍ അദ്ദേഹം നടത്തുന്നത്. പഞ്ചായത്തുകളിലെ പ്രചാരണങ്ങളിലും ഗഫൂര്‍ തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചാണ് പ്രധാന പര്യടനം. നഗരത്തിന്റെ വികസന മുരടിപ്പും കുടിവെള്ളം, ഗതാഗതം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ അടിസ്ഥാന വികസനങ്ങളിലെ പിന്നോട്ടടിയും ഉയര്‍ത്തിയാണ് ഇടത് സ്ഥാനാര്‍ഥിയും പ്രചാരണം പൊടിപൊടിക്കുന്നത്. മുമ്പില്ലാത്ത അത്രയും ഇടതുപക്ഷത്തിന്റെ പ്രചാരണ കെട്ടുറപ്പ് ലീഗ് തട്ടകങ്ങളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കണക്കിലെ ആത്മ വിശ്വാസമാണ് എല്‍ ഡി എഫിന് ഏറെയും പ്രതീക്ഷ നല്‍കുന്നത്.
കഴിഞ്ഞ ലോക്‌സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലെ കണക്കുകളാണ് തിരൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവചനാതീതമായി മാറ്റുന്നത്. 2011ല്‍ നേടിയ 23,566 എന്ന യു ഡി എഫിന്റെ ഭൂരിപക്ഷം 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ 7000 ആയി കുറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 4715ലേക്കു യു ഡി എഫ് ഭൂരിപക്ഷം വീണ്ടും കുറഞ്ഞു. മാത്രമല്ല, തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരൂര്‍ നഗരസഭയില്‍ ഇടതുപക്ഷം അട്ടിമറി വിജയം നേടിയതും എല്‍ ഡി എഫിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.
ലീഗില്‍ നിന്നും തിരൂര്‍ നഗരസഭ പിടിച്ചെടുക്കാന്‍ സി പി എമ്മിനോടൊപ്പം നിര്‍ണായക ശക്തിയായിരുന്നത് ടി ഡി എഫ് (തിരൂര്‍ ഡവലപ്പ്‌മെന്റ് ഫോറം) ആയിരുന്നു. സ്വതന്ത്ര സംഘടനയായ ടി ഡി എഫിന്റെ ജനറല്‍ കണ്‍വീനര്‍ കൂടിയായ ഗഫൂര്‍ പി ലില്ലീസ് മത്സര രംഗത്തുള്ളത് നിഷ്പക്ഷ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ സഹായകമാകും. പഞ്ചായത്തുകളില്‍ ഇടതു മുന്നണിക്ക് നില മെച്ചപ്പെടുത്താന്‍ സാധിക്കുകയും ചെയ്തു.
ബി ജെ പിക്ക് സ്വാധീനമുള്ള മണ്ഡലം കൂടിയാണ് തിരൂര്‍. കന്നിയങ്കത്തിനിറങ്ങിയ തിരൂര്‍ മുത്തൂര്‍ എന്‍ കെ ദേവിദാസനാണ് സ്ഥാനാര്‍ഥി. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഗണേഷ് വടേരി, എസ് ഡി പി ഐ സ്ഥാനാര്‍ഥി ഇബ്‌റാഹീം തിരൂര്‍, പി ഡി പി സ്ഥാനാര്‍ഥി ശമീര്‍ പയ്യനങ്ങാടി എന്നിവരും മത്സര രംഗത്തുണ്ട്. മണ്ഡലത്തിലെ രണ്ട് ലക്ഷത്തില്‍പരം വോട്ടര്‍മാരില്‍ 25 ശതമാനം വരുന്ന നിഷ്പക്ഷവോട്ടുകളും, 8000ല്‍ അധികം വരുന്ന പുതിയ വോട്ടുകളും ഏറെ നിര്‍ണായകമാകും. ഈ വോട്ടുകള്‍ ആര്‍ക്കൊപ്പമാണെന്നതാണ് വിജയം കണക്കാക്കുക. 2006ല്‍ ശക്തമായ അടിയൊഴുക്കുകകളായിരുന്നു ഇടതുമുന്നണിക്ക് തുണയായത്. അടിയൊഴുക്ക് 2016ലും ആവര്‍ത്തികുമെന്നാണ് ഇടതുപാളയത്തിലെ പ്രതീക്ഷ.