എ പി അനില്‍കുമാര്‍ വിദ്യാര്‍ഥികളുമായി സ്‌നേഹ സംവാദം നടത്തി

Posted on: May 7, 2016 11:30 am | Last updated: May 7, 2016 at 11:30 am

കാളികാവ്: കത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയില്‍ വണ്ടൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി എ പി അനില്‍കുമാര്‍ കന്നി വോട്ടര്‍മാരുമായും സ്‌നേഹ സംവാദം നടത്തി. കാളികാവ് മണ്ഡലം പര്യടനത്തിനിടെയാണ് സ്ഥലം എം എല്‍ എ യും മന്ത്രിയുമായ യു ഡി എഫ് സ്ഥാനാര്‍ഥി അനില്‍കുമാര്‍ ചെത്തു കടവില്‍ കുട്ടികളുമായി സംവാദത്തിനെത്തിയത്. കെ എസ് യുക്കാരായതിനാല്‍ കുഴക്കുന്ന ചോദ്യമുണ്ടാവില്ലെന്ന് കരുതിയ മന്ത്രി കുട്ടികളുടെ ചോദ്യശരങ്ങള്‍ക്ക് മുന്നില്‍ ആദ്യം ഒന്നു പതറിയെങ്കിലും തുടര്‍ന്ന് ചിരിച്ച് അദ്ദേഹം മറുപടി നല്‍കി.
പെരുമ്പാവൂരിലെ ജിഷയെന്ന എല്‍ എല്‍ ബി വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ക്രൂരതയും കൊലപാതകവും ചൂണ്ടിക്കാട്ടി സമൂഹം നേരിടുന്ന വിപത്തിലേക്കും വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്കുമെല്ലാം ആഴത്തില്‍ ഇറങ്ങിച്ചെന്നുള്ളതായിരുന്നു കുട്ടികളുടെ ചോദ്യങ്ങളിലേറെയും.
സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങള്‍ ചെറുക്കാന്‍ സര്‍ക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്നും ഇനി കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത എല്ലാവരും പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കെ എസ് യു ഭാരവാഹികളായ എം ലിജേഷ്, എം അജ്മല്‍, ശാഫി കുന്നുമ്മല്‍, സാനു കാളികാവ്, സി എം യാസിം, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ടി അജ്മല്‍, മണ്ഡലം പ്രസിഡന്റ് ജാഫര്‍ പൂങ്ങോട്ട്, ശിഹാബ് തങ്ങള്‍ പങ്കെടുത്തു.