അഹങ്കാരത്തിനെതിരെയുള്ള പോരാട്ടം: നിയാസ് പുളിക്കലകത്ത്

Posted on: May 7, 2016 11:18 am | Last updated: May 7, 2016 at 11:18 am

niyas pulikkalakathമലപ്പുറം: അഹങ്കാരത്തിനും വികസന മുരടിപ്പിനുമെതിരായ പോരാട്ടമാണ് തിരൂരങ്ങാടി മണ്ഡലത്തിലേതെന്ന് എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി നിയാസ് പുളിക്കലകത്ത്. മുന്‍ ജനപ്രതിനിധികള്‍ അധികാരം ഫലപ്രദമായി വിനിയോഗിക്കാത്തതാണ് മണ്ഡലത്തിന്റെ പിന്നാക്കാവസ്ഥക്ക് കാരണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലമായിട്ടും നന്നമ്പ്ര പഞ്ചായത്തിലെ കാളംതിരുത്തിയിലെ ബദല്‍ സ്‌കൂള്‍ ഓലഷെഡിലാണ് പ്രവര്‍ത്തിക്കുന്നത്. പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ എന്ന സ്വപ്‌നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ജനങ്ങള്‍ രൂക്ഷമായ കുടിവെള്ള പ്രശ്‌നം അനുഭവിക്കുന്നു. സമഗ്രമായ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് കാണിച്ചത്. പല പദ്ധതികളും പാതിവഴിയിലാണ്. തിരൂരങ്ങാടി ഗവ. ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യവും നടപ്പായില്ല. കൃഷിക്കാരെ സംരക്ഷിക്കാനും കാര്‍ഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്താനും നടപടികളെടുത്തില്ല.
എടരിക്കോട് സ്പിന്നിംഗ് മില്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇക്കാലമത്രയും ഒരു കക്ഷിയില്‍ പെട്ടവരെ മാത്രം വിജയിപ്പിച്ചതിന്റെ ശിക്ഷയാണ് ജനങ്ങള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ മനംമടുത്ത മുസ്‌ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും വലിയൊരു വിഭാഗം പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും മണ്ഡലത്തിലെ വികസന പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന ചര്‍ച്ചക്ക് അബ്ദുര്‍റബ്ബ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.