ഉദാരമതികളുടെ കനിവ് കാത്ത് യുവാവ്

Posted on: May 7, 2016 9:40 am | Last updated: May 7, 2016 at 9:40 am
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍  കഴിയുന്ന ജയപ്രകാശ്
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍
കഴിയുന്ന ജയപ്രകാശ്

കൊയിലാണ്ടി: ബാലുശ്ശേരി കരിയാത്തന്‍കാവ് ചളുക്കില്‍ ജയപ്രകാശ് (42) കാരുണ്യമതികളുടെ സഹായം തേടുന്നു. തലച്ചോറിനെ ബാധിച്ച മോട്ടോര്‍ നൂറോണ്‍ ഡിസീസ് എന്ന അത്യപൂര്‍വ്വമായ നാഡിസംബന്ധമായ രോഗത്തെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ് ജയപ്രകാശ്. നിത്യവൃത്തിക്കുപോലും വകയില്ലാതെ കഷ്ട്ടപ്പെടുന്ന ജയപ്രകാശിന്റെ ചികിത്സക്ക് പാടുപെടുകയാണ് കുടുംബം. ദിവസംതോറും ശരീരത്തിലെ നാഡികളുടെ പ്രവര്‍ത്തനം നശിച്ചു കൊണ്ടിരിക്കുന്ന ഈ രോഗം തുടങ്ങിയിട്ട് മൂന്ന് വര്‍ഷത്തോളമായി. കിനാലൂരില്‍ പപ്പട നിര്‍മാണ തൊഴിലാളിയായിരുന്ന ജയപ്രകാശ് കുറച്ചുകാലം മസ്‌ക്കറ്റിലായിരുന്നു. അവിടെ ഹോട്ടല്‍ തൊഴിലാളിയായിരിക്കെ ഐസ് ബ്ലോക്ക് തലയില്‍വീണു മണിക്കൂറുകളോളം ചലനമറ്റ് കിടന്ന ജയപ്രകാശ് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവെന്നെങ്കിലും മസ്‌ക്കറ്റില്‍ തുടരുന്നതിനിടയില്‍ കാലിനും പിന്നീട് കൈകള്‍ക്കും സ്വാധിനം നഷ്ട്ടപ്പെട്ടു തുടങ്ങി. ഇതോടെ ഗള്‍ഫിലെ സുഹൃത്തുക്കളുടെ സഹായത്തോടെ നാട്ടിലെക്ക് വരികയായിരുന്നു. നാട്ടിലെത്തിയശേഷം നിരവധി ചികിത്സ നടത്തിയെങ്കിലും രോഗം ഭേദമായില്ല. ഇപ്പോള്‍ ശ്വാസ തടസ്സത്തെതുടര്‍ന്നാണ് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീര്‍ത്തും അവശനായ നിലയിലാണ് ജയപ്രകാശിപ്പോള്‍. സ്വന്തമായി വീടുമില്ല. വീട് നിര്‍മ്മിക്കുവാന്‍ തറ കെട്ടിയ അതേ നിലയിലാണ് ഇപ്പോഴും. കുടുംബക്കാരും മറ്റുളളവരും നല്‍കുന്ന സഹായം കൊണ്ടാണ് ഇത്രയും നാള്‍ ചികില്‍സിച്ചതെന്ന് ഭാര്യ ശോഭന പറഞ്ഞു. മക്കളായ അതുല്യ,അഭിജിത്ത്,ആശ എന്നിവര്‍ വിദ്യാര്‍ഥികളാണ്.ജയപ്രകാശിന് ചികിത്സ തുടരണമെങ്കില്‍ ഉദാരമതികളുടെ കനിവുണ്ടാകണം.