ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം: പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത എതിര്‍പ്പ്

Posted on: May 7, 2016 12:25 am | Last updated: May 7, 2016 at 12:25 am

ryanവാഷിംഗ്ടണ്‍: വിവാദ കോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതിന് പിറകേ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ കടുത്ത എതിര്‍പ്പ് നേരിടുന്നു. ട്രംപിനെ പരസ്യമായി തള്ളിപ്പറഞ്ഞ് പാര്‍ട്ടിയിലെ ഉന്നത നേതാവായ പോള്‍ റിയാന്‍ രംഗത്തെത്തി. പാര്‍ട്ടിയെയും രാജ്യത്തെ ഐക്യത്തിലേക്ക് നയിക്കാന്‍ ട്രംപിന് സാധിക്കില്ല. അതിനാല്‍ അദ്ദേഹത്തെ പിന്തുണക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. സി എന്‍ എന്നിന്റെ ദി ലീഡ് എന്ന പരിപാടിയില്‍ പങ്കെടുത്താണ് ജനപ്രതിനിധി സഭയുടെ സ്പീക്കറായ റിയാന്‍ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചത്. നമ്മുടെ നിലവാരത്തിന് യോജിക്കുന്ന, നിലവാരമുള്ള പ്രതിനിധിയെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കരുത്, കുടിയേറ്റക്കാരെ മുഴുവന്‍ പുറത്താക്കണം തുടങ്ങിയ ട്രംപിന്റെ കാഴ്ചപ്പാടുകള്‍ അംഗീകരിക്കാനാകില്ലെന്ന് റിയാന്‍ സൂചന നല്‍കി.
ട്രംപ് ഒരു പാട് മാറേണ്ടി വരും. അത്തരം പരിവര്‍ത്തനത്തിന് അദ്ദേഹം തയ്യാറായാല്‍ മാത്രമേ പാര്‍ട്ടിയുടെയും അമേരിക്കയുടെയും പിന്തുണ അദ്ദേഹത്തിന് ലഭിക്കുകയുള്ളൂവെന്ന് പോള്‍ റിയാന്‍ വ്യക്തമാക്കി. അതേസമയം, റിയാന്‍ മുന്നോട്ട് വെച്ചിട്ടുള്ള കാര്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ട്രംപ് പ്രതികരിച്ചു. റിയാനും ട്രംപും അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ തയ്യാറാകണമെന്ന് റിപ്പബ്ലിക്കന്‍ നാഷനല്‍ കമ്മിറ്റി ചെയര്‍മാന്‍ റിയാന്‍സ് പ്രിബസ് പറഞ്ഞു. 2012ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന റിയാന്‍ ഇത്തവണ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിന് ഗോദയിലുണ്ടാകുമെന്ന് കരുതപ്പെട്ടയാളാണ്. എന്നാല്‍ അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.
റിയാന്‍ മാത്രമല്ല ട്രംപിനെ തള്ളി രംഗത്ത് വന്നിട്ടുള്ളത്. മുന്‍ പ്രസിഡന്റുമാരായ സീനിയര്‍ ബുഷും ജൂനിയര്‍ ബുഷുമടക്കം നിരവധി റിപ്പബ്ലിക്കന്‍ പ്രമുഖര്‍ റിയല്‍ എസ്റ്റേറ്റ് രാജാവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.