മോഷണം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Posted on: May 5, 2016 1:21 am | Last updated: May 5, 2016 at 9:28 am

crime 2ചിങ്ങവനം (കോട്ടയം): മോഷ്ടാവെന്ന് ആരോപിച്ച് നാട്ടുകാര്‍ പൊരിവെയിലത്ത് കെട്ടിയിട്ട ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. കോട്ടയം ജില്ലയില്‍ ചിങ്ങവനം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആസാം സ്വദേശി കൈലാസ് ജ്യോതി ബെഹ്‌റ(30)യാണ് ഇന്നലെ ഉച്ചക്ക് 12.30 ഓടെ മരിച്ചത്. കൈലാസുള്‍പ്പെടെയുള്ള മൂന്നംഗ സംഘം ഇന്നലെ രാവിലെയോടെയാണ് പൂവന്‍തുരുത്തിലെ റബ്ബര്‍ ഫാക്ടറിയില്‍ ജോലിക്ക് വന്നത്. അതിനിടെ, റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇയാള്‍ വഴിതെറ്റി ചിങ്ങവനത്തെത്തുകയായിരുന്നു. ഭാഷ വശമില്ലാത്തതിനാല്‍ ഇയാള്‍ പൂവന്‍തുരുത്തിന് പകരം ചിറവംമുട്ടം ക്ഷേത്രത്തിന് സമീപം എത്തി. പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ മോഷ്ടാവെന്ന് കരുതി ഇയാളെ കൈകാലുകള്‍ കെട്ടി വെയിലത്ത് നിര്‍ത്തിയ ശേഷം പോലീസില്‍ അറിയിച്ചു. ചിങ്ങവനം പോലീസെത്തി ഇയാളെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.