ജിഷ കൊലപാതകം:കുറ്റവാളി കാണാമറയത്ത്

Posted on: May 5, 2016 9:17 am | Last updated: May 5, 2016 at 4:43 pm

JISHAപെരുമ്പാവൂര്‍:ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നാല് പേരും പ്രതികളല്ലെന്ന് വ്യക്തമായതോടെ അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പോലീസ്. അതേസമയം, അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് വൈകാതെ ഉണ്ടാകുമെന്നാണ് അറിയുന്നത്.
ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികളുടെ പിറകെയാണ് അന്വേഷണസംഘം. ബലാത്സംഗത്തിന് ശേഷം തെളിവുകള്‍ ഒന്നും ബാക്കിയാകാത്ത രീതിയില്‍ ശരീരം ക്രൂരമായി ആക്രമിച്ചത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. ഏഴ് പേരെയാണ് ഇതുവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ജിഷയുടെ ബന്ധു, ഇയാളുടെ സുഹൃത്ത്, അയല്‍വാസിയായ യുവാവ്, ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് കസ്റ്റഡിയിലായത്. സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ജിഷയുടെ സഹോദരിയുടെ മുന്‍ ഭര്‍ത്താവ് കുറ്റക്കാരനല്ലെന്ന് പോലീസ് അറിയിച്ചു. ജിഷ കൊലചെയ്യപ്പെട്ട ദിവസം ഇയാളുടെ മൊബൈ ല്‍ ഫോണ്‍ കുറുപ്പംപടി പരിധിയില്‍ ഇല്ലായിരുന്നെന്നും പോലീസ് പറയുന്നു.
കണ്ണൂരില്‍ പിടിയിലായ അയല്‍വാസിയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സംശയിച്ചിരുന്നുവെങ്കിലും മൊഴികളും തെളിവുകളും ഇയാള്‍ നിരപരാധിയാണെന്ന സൂചനയാണ് നല്‍കുന്നത്. കണ്ണൂര്‍ പോലീസ് പെരുമ്പാവൂര്‍ പോലീസിന് കൈമാറിയ ഇയാളെ വിശദമായി ചോദ്യം ചെയ്തുവെങ്കിലും സംശയം ബലപ്പെടുത്തുന്ന വിവരങ്ങളൊന്നും ലഭിച്ചില്ല. സാക്ഷിമൊഴികളുടെയും സി സി ടി വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പോലീസ് തയ്യാറാക്കിയ രേഖാചിത്രത്തിലെ രൂപവുമായുള്ള സാദൃശ്യമാണ് ഇയാളെ സംശയത്തിന്റെ നിഴലിലാക്കിയത്. എന്നാല്‍, ജിഷയുടെ വീട്ടില്‍ നിന്ന് ലഭിച്ച പ്രതിയുടേതെന്ന് കരുതുന്ന വിരലടയാളവും കസ്റ്റഡിയിലുള്ള അയല്‍വാസിയുടെ വിരലടയാളവും പൊരുത്തപ്പെടാത്തത് പോലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാളെ കണ്ണൂരിലെ ഹോട്ടലില്‍ നിന്ന് പിടികൂടിയത്.