അണ്ഡാശയ ക്യാന്‍സര്‍: ജോണ്‍സണ്‍ കമ്പനി 55 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Posted on: May 4, 2016 10:51 am | Last updated: May 4, 2016 at 10:51 am

johnson andjohnsonന്യൂയോര്‍ക്ക്: ജോണ്‍സണ്‍ കമ്പനിയുടെ പൗഡര്‍ ഉപയോഗിച്ചതിന്റെ പേരില്‍ അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചു എന്ന് ചൂണ്ടിക്കാട്ടി യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് കമ്പനി 55 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യു എസ് കോടതി ഉത്തരവിട്ടു. കമ്പനിക്ക് പ്രതികൂലമായി വരുന്ന രണ്ടാമത്തെ കേസാണിത്. ക്യാന്‍സറിന് കാരണമായ പദാര്‍ഥങ്ങളെ കുറിച്ച് കമ്പനി ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്ന പരാതിയില്‍ 1200ഓളം കേസുകള്‍ കമ്പനിക്കെതിരെ നിലവിലുണ്ട്.

ഗ്ലോറിയ റിസ്റ്റേസുന്‍ഡ് എന്ന സ്ത്രീ നല്‍കിയ കേസില്‍ മിസൂരി സ്റ്റേറ്റില്‍ മൂന്നാഴ്ചയായി നടന്നുവരുന്ന വിചാരണക്കൊടുവിലാണ് കോടതി കമ്പനിയോട് നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടത്. അഞ്ച് മില്യന്‍ ഡോളര്‍ നഷ്ടപരിഹാരമായി ഇവര്‍ക്ക് വിധിച്ചതോടൊപ്പം കുറ്റകരമായ പ്രവര്‍ത്തിയുടെ പേരില്‍ 50 മില്യന്‍ ഡോളറും നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു.
എന്നാല്‍ 30 വര്‍ഷമായി നടത്തിവരുന്ന ഗവേഷണ ഫലങ്ങളോട് എതിരാകുന്നതാണ് കോടതി വിധിയെന്ന് കമ്പനി വക്താവ് കാരോള്‍ ഗുഡ്‌റിച്ച് പറഞ്ഞു. കമ്പനി ഈ കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും തങ്ങളുടെ ഉത്പനത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.