ജിഷയുടെ കൊലപാതകം: കണ്ണൂരില്‍ പിടിയിലായ പ്രതിയ്ക്ക് രേഖാചിത്രവുമായി സാമ്യമെന്ന് സൂചന

Posted on: May 4, 2016 9:24 am | Last updated: May 4, 2016 at 12:39 pm

JISHAപെരുമ്പാവൂര്‍: പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പിടിയിലായ ആള്‍ക്ക് പൊലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമെന്ന് സൂചന. ജിഷയുടെ അയല്‍വാസിയായ ഇയാളെ കണ്ണൂരില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്യലിനായി പെരുമ്പാവൂരില്‍ കൊണ്ട് വരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇയാളെ വിശദമായ ചോദ്യം ചെയ്യലിനായി രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന.

എന്നാല്‍ ഇപ്പോള്‍ പിടിയിലായ ആള്‍ പ്രതിയാണെന്ന് സ്ഥിരീകരിക്കാന്‍ ആകില്ലെന്ന് എ.ഡി.ജി.പി. പത്മകുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇയാളുടെ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ചു വരികയാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. കുറുപ്പംപടി കനാല്‍ പുറമ്പോക്കു ഭൂമിയിലെ അടച്ചുറപ്പില്ലാത്തെ ചെറിയ വീട്ടില്‍ ഏപ്രില്‍ 28 നാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലനടന്ന ഏപ്രില്‍ 28ന് ഉച്ചയ്ക്കു ശേഷം ഇവരുടെ വീടിന്റെ പരിസരത്തു കണ്ട യുവാവിനെക്കുറിച്ച് അയല്‍വാസി നല്‍കിയ വിവരണവും ജിഷയുടെ മാതാവ് രാജേശ്വരി (49) നല്‍കിയ മൊഴിയുമാണു പ്രതിയെക്കുറിച്ച് സൂചന കിട്ടാന്‍ പൊലീസിനെ സഹായിച്ചത്. കൊല നടത്തിയത് ഒരാളാണെന്നാണു പൊലീസ് നല്‍കുന്ന വിവരം.