കോഹ്‌ലിക്ക് ഖേല്‍രത്‌ന ശിപാര്‍ശ

Posted on: May 4, 2016 12:31 am | Last updated: May 4, 2016 at 12:31 am

virat kohlyമുംബൈ: ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനും ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനയെ അര്‍ജുന അവാര്‍ഡിനും ബിസിസിഐ ശിപാര്‍ശ ചെയ്തു. നാല് വര്‍ഷത്തിന് ശേഷമാണ് രാജ്യത്തെ പരമോന്നത സ്‌പോര്‍ട്‌സ് ബഹുമതിയായ ഖേല്‍രത്‌നക്കായിബിസിസിഐ ഒരു താരത്തെ ശിപാര്‍ശ ചെയ്യുന്നത്.പുരസ്‌കാരങ്ങള്‍ക്കായി ബിസിസിഐയുടെ പട്ടിക ലഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര കായിക മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
2012-ല്‍ രാഹുല്‍ ദ്രാവിഡാണ് ഒടുവില്‍ ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യപ്പെട്ട ക്രിക്കറ്റ് താരം. എന്നാല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ യോഗേശ്വര്‍ ദത്തിനും ഷൂട്ടര്‍ വിജയ് കുമാറിനുമാണ് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ നല്‍കിയത്. പിന്നീട് 2013-ല്‍ ദ്രാവിഡിന് പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു. സച്ചിന്‍ (1997-98), ഏകദിന ക്യാപ്റ്റന്‍ ധോണി (2007) എന്നിവര്‍ക്ക് മാത്രമാണ് ക്രിക്കറ്റില്‍ നിന്നും ഖേല്‍രത്‌ന പുരസ്‌കാരം ലഭിച്ചത്. 2013-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച പ്രകടനം കണക്കിലെടുത്ത് കോഹ്‌ലിക്ക് അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ക്രിക്കറ്റില്‍ നിന്നും രോഹിത് ശര്‍മയ്ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്. മലയാളി അത്‌ലറ്റ് ഒ പി ജയ്ഷക്കും ഇത്തവണ അര്‍ജുന പുരസ്‌കാരം ലഭിക്കുമെന്നാണ് സൂചന.