Connect with us

Articles

'നീറ്റ്' ചരിത്രപരമായ മണ്ടത്തരം

Published

|

Last Updated

രാജ്യത്തെ മെഡിക്കല്‍- ഡെന്റല്‍ പ്രവേശനപരീക്ഷകള്‍ ഏകീകൃത ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ അഥവാ നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് എന്ന കടമ്പയിലേക്കു കടക്കുകയാണ്. സുപ്രീം കോടതിയുടെ ഡിവിഷന്‍ ബഞ്ചിന്റെ ഏപ്രില്‍ 28ലെ വിധി പ്രകാരമാണ് മെഡിക്കല്‍ രംഗത്ത് ഒറ്റ പരീക്ഷ മാത്രം എന്ന സ്ഥിതി വന്നുചേര്‍ന്നിരിക്കുന്നത്. അഴിമതി തടയാനും സുതാര്യത ഉറപ്പുവരുത്താനും മെറിറ്റ് സംരക്ഷിക്കാനും എന്നൊക്കെയാണ് ഉന്നയിക്കപ്പെട്ട വാദങ്ങള്‍. മെയ് ഒന്നിന് നടന്ന അഖിലേന്ത്യാ പ്രീ-മെഡിക്കല്‍ ടെസ്റ്റ് “നീറ്റി”ന്റെ ഒന്നാം ഘട്ടമായി പരിഗണിക്കപ്പെട്ടു. അങ്ങനെ, പ്രവേശനപരീക്ഷാ രംഗത്ത് ഒരു ദേശീയ “നീറ്റല്‍” ആരംഭിച്ചിരിക്കുന്നു.
പല പരീക്ഷകള്‍ ഒഴിവാക്കാന്‍ ഒരൊറ്റ ദേശീയ പ്രവേശന വാതില്‍ മാത്രം തുറന്നുവെക്കുന്നതാണ് ഉചിതമായ തീരുമാനമെന്ന് പുറമേ നിന്ന് ചിന്തിച്ചാല്‍ തോന്നിപ്പോകും. എന്നാല്‍, ഉന്നത വിദ്യാഭ്യാസരംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ പ്രൊഫഷനല്‍ പ്രവേശനപരീക്ഷകളുടെ നിയന്ത്രണം പൂര്‍ണമായി കേന്ദ്രീകരിക്കപ്പെടുന്നത് എത്രമേല്‍ അപകടകരമാണ് എന്ന കാര്യം ആലോചിക്കേണ്ടതുണ്ട്. കേന്ദ്രീകരണത്തിന് ന്യായമായി പലവിധ സ്വീകാര്യ നിര്‍ദേശങ്ങള്‍ കൊണ്ടുവരും ഏത് പുത്തന്‍ ഇടപെടല്‍ നടക്കുമ്പോഴും. ദേശീയ പ്രവേശന പരീക്ഷ നടക്കട്ടെ. അത് നിലവിലുള്ള കാര്യവുമാണ്. എന്നാല്‍, ഇന്ത്യപോലെ അതിവിശാലമായ ഒരു രാജ്യത്ത്, ഫെഡറല്‍ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഒരു വ്യവസ്ഥിതിയില്‍, സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ സവിശേഷതകള്‍ ഒന്നും പരിഗണിക്കാതെ ദേശീയ ടെസ്റ്റ് മാത്രം മതി എന്ന നിലപാട് നിശ്ചയമായും ദുരുപദിഷ്ടമാണ്.
സംസ്ഥാനതലത്തിലോ ദേശീയതലത്തിലോ പരീക്ഷാ ക്രമക്കേടുകള്‍ തടയണമെങ്കില്‍ ഫലപ്രദമായ സംവിധാനങ്ങള്‍ ഒരുക്കണം. സ്വാശ്രയ മാനേജ്‌മെന്റുകളുടെ പ്രത്യേക പരീക്ഷകള്‍ മെറിറ്റ് അട്ടിമറിക്കുമെന്നതിനാല്‍ അത് അനുവദിക്കാന്‍ പാടില്ല. എന്നാല്‍, പത്തു ലക്ഷത്തോളം വിദ്യാര്‍ഥികളാണ്. ദേശീയതലപരീക്ഷയില്‍ പങ്കെടുക്കേണ്ടത്. എന്തിനാണ്, ഇത്രയും എണ്ണം വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന ഒരു തലവേദന കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്? പ്രായോഗികമായി ആലോചിച്ചാല്‍ പ്രവേശന പരീക്ഷയില്‍ എണ്ണം കൂടുന്തോറും മെറിറ്റ് നിശ്ചയിക്കല്‍ സങ്കീര്‍ണമാകും. ഒന്നര ലക്ഷം പേര്‍ എഴുതുന്ന സംസ്ഥാന മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ പോലും മെറിറ്റും സംവരണവും നിശ്ചയിക്കുക എന്ന ജോലി കുഴഞ്ഞു മറിഞ്ഞതാണ്. അപ്പോള്‍, ദേശീയതലത്തില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കു ഒരൊറ്റ പരീക്ഷയിലൂടെ പ്രവേശനം കൊടുക്കാന്‍ കഴിയുമെന്ന വിചാരം ചരിത്രപരമായ മണ്ടത്തരമായി മാറും.
ഈ വര്‍ഷം കേരളത്തിലെ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച നടപടികള്‍ ആകെ താറുമാറാകുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ട്. ഏകീകൃത ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്താമെന്ന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ പറയുന്നുണ്ട്. അങ്ങനെ വരുമ്പോള്‍, സംസ്ഥാന സര്‍ക്കാറും വിവിധ സ്വാശ്രയമാനേജ്‌മെന്റുകളും തമ്മില്‍ ഇതിനകം രൂപപ്പെടുത്തിയ എല്ലാ കരാറുകളും അപ്രസക്തമാകും. മറ്റൊരു കാര്യം, എന്തുകൊണ്ട് കേരളത്തിലെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഏകീകൃത പ്രവേശന പരീക്ഷയെ സ്വാഗതം ചെയ്യുന്നു? എന്തുകൊണ്ടെന്നാല്‍, ചെറിയ എണ്ണം വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍ തിരിമറി കാണിക്കുന്നതിനേക്കാള്‍, ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതുന്ന ദേശീയ പരീക്ഷാ പട്ടികയില്‍ നിന്നും അവര്‍ക്കിഷ്ടപ്പെട്ടവര്‍ക്ക് പ്രവേശനം നല്‍കുന്നതാണ് കൂടുതല്‍ അഭികാമ്യം. പരീക്ഷ നടത്തിയെന്ന ആക്ഷേപവുമില്ല. ലിസ്റ്റില്‍ പേരുള്ള ആര്‍ക്കും അഡ്മിഷന്‍ കൊടുക്കുകയും ചെയ്യാം.
അപ്പോള്‍, പ്രവേശ പരീക്ഷ ദേശീയമായാലുടന്‍ അത് മെറിറ്റ് പുനഃസ്ഥാപിക്കുമെന്ന് ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. രണ്ടാമത്, അഴിമതി തടയുമെന്ന സ്വപ്‌നം ഒരു ദിവാസ്വപ്‌നം മാത്രമാണെന്നു പറയേണ്ടിയിരിക്കുന്നു. പത്തു ലക്ഷം പേര്‍ എഴുതുന്ന പരീക്ഷയില്‍ കൂടുതല്‍ പണം കൊടുക്കുന്നവര്‍ക്കു പ്രവേശനം. അത് മലയാളി തന്നെയാകണമെന്നില്ല. ബംഗാളിയോ ബീഹാറിയോ ആകാം. മെഡിക്കല്‍ വിദ്യാഭ്യാസ വ്യാപാരം ദേശീയതലത്തില്‍ നടത്താനുള്ള പഴുതുകളാണ് “നീറ്റ്” യഥാര്‍ഥത്തില്‍ തുറന്നു കൊടുക്കുന്നത്. സംശയമുള്ളവര്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ അത് മാറ്റാന്‍ അവസരമുണ്ടാകും.
ദേശീയ പരീക്ഷകളുടെ വിശ്വാസ്യത വന്‍തോതില്‍ നഷ്ടപ്പെട്ട ഒരു കാലമാണിത്. സി ബിഎസ് ഇ നടത്തിയ ഒരു ദേശീയ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ചോര്‍ന്ന സംഭവം കഴിഞ്ഞ വര്‍ഷമാണല്ലോ ഉണ്ടായത്. വ്യാപം അഴിമതിയെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുന്ന വേളയില്‍ തന്നെയാണ് വിശ്വാസ്യത വെല്ലുവിളിക്കപ്പെട്ട ആ സംഭവത്തിന് സി ബി എസ് ഇയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നുവന്നത്. മധ്യപ്രദേശിലെ പ്രവേശനപരീക്ഷാബോര്‍ഡ് എത്രയോ വര്‍ഷങ്ങളായി സ്‌കൂളില്‍ പോകാത്തവര്‍ക്കും ഡിഗ്രിദാനം ചെയ്യുന്ന ക്രമക്കേടുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ചോദ്യം ചെയ്തവരെയും സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചവരെയും കൊല ചെയ്യുന്ന വന്‍ മാഫിയാ സംഘമാണ് അവിടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. അപ്പോള്‍, ദേശീയതലത്തില്‍ നടത്തപ്പെടുന്നുവെന്നതു കൊണ്ടു മാത്രം സുതാര്യമോ നിഷ്പക്ഷമോ ആകണമെന്നില്ലായെന്നാണിവയെല്ലാം കാണിക്കുന്നത്.
മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മെറിറ്റ് സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് സുപ്രീം കോടതി പറയുന്നതെങ്കില്‍ അതൊരു വലിയ ഫലിതം തന്നെ. മെഡിക്കല്‍ എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷകള്‍ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കു നടത്താന്‍ അനുമതി നല്‍കിയ വിധി ഇതേ സുപ്രീം കോടതി തന്നെയല്ലേ 2012-ല്‍ പ്രഖ്യാപിച്ചത്? എന്നുമാത്രമല്ല, കേന്ദ്രീകൃതമായി ഒരു പട്ടിക പ്രസിദ്ധീകരിക്കുന്നതുകൊണ്ട് മാത്രം മെറിറ്റ് സംരക്ഷിക്കാന്‍ കഴിയില്ലായെന്ന കാര്യം പലവട്ടം തെളിയിക്കപ്പെട്ടതുമാണ്.
അപ്പോള്‍ യഥാര്‍ഥ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മറ്റ് ചിലതാണ് എന്ന് നിരീക്ഷിക്കാനാകും. ഉന്നത വിദ്യാഭ്യാസരംഗത്തെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ കേന്ദ്ര ബി ജെ പി സര്‍ക്കാരിന് അവസരം കൈവരും എന്നതാണ് കേന്ദ്രീകരണത്തിന്റെ വിനാശകരമായ ഫലം.
എന്‍ സി എച്ച് ഇ ആര്‍ കൊണ്ടുവരാന്‍ നേരത്തെ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തെ ഏക അതോറിറ്റിയാണത്. അധികാര കേന്ദ്രീകരണം ദേശീയ ഭരണാധികാരികള്‍ ലക്ഷ്യമിടുന്നു. പ്രൊഫഷനല്‍ വിദ്യാഭ്യാസരംഗത്ത് അവശേഷിക്കുന്ന മെറിറ്റ്, സംവരണ തത്വങ്ങള്‍ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് എളുപ്പത്തില്‍ കഴിയും ഇതിലൂടെ. പരീക്ഷയില്‍ മാത്രമല്ല, പാഠ്യപദ്ധതിയിലും സിലബസിലും ബോധനത്തിലും മറ്റുമൊക്കെ ഭരണാധികാരി വര്‍ഗത്തിന്റെ അജന്‍ഡകള്‍ ഒളിച്ചുകടത്താനും സംസ്ഥാനങ്ങളെ അപ്രസക്തമാക്കാനും കേന്ദ്രം ഉന്നമിടുന്നുണ്ട്.
ദൂര-വ്യാപകമായ നിരവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുള്ള ഒരു വിധിയാണ് ജസ്റ്റിസ് ദവെ, ശിവകീര്‍ത്തിസിംഗ്, എ കെ ഗോയല്‍ എന്നിവര്‍ ചേര്‍ന്ന് പുറപ്പെടുവിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ മനോഗതം മനസ്സിലാക്കിയതുപോലെയുണ്ട് വിധിയിലെ വാചകങ്ങള്‍. ഭരണഘടനാപരമായി ഈ വിധിയുടെ സാധുത ചോദ്യം ചെയ്യപ്പെടണം.
ദേശീയ പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു അധികാരമുണ്ടോ എന്നതിനേക്കാള്‍ പ്രധാനമാണ് ഫെഡറലിസത്തെ പൂര്‍ണമായും നിരാകരിക്കാന്‍ സുപ്രീംകോടതി ബഞ്ചിന് അധികാരമുണ്ടോയെന്നത്. അതുകൊണ്ട്, ഈ പ്രശ്‌നം ഭരണഘടനാ ബഞ്ച് കൈകാര്യം ചെയ്യുന്നതായിരിക്കും നന്നാകുക. രാഷ്ട്രീയ ഒളി അജന്‍ഡകള്‍ കൂടി മനസ്സിലാക്കാന്‍ ദേശീയ വിദ്യാഭ്യാസ-സാമൂഹിക-രാഷ്ട്രീയ നേതാക്കള്‍ക്കു കഴിയുമെങ്കില്‍ ഇതിന്റെ മാനങ്ങള്‍ പുതിയ തലത്തിലേക്കു മാറുന്നതിനും രാജ്യം സാക്ഷിയാകും.

---- facebook comment plugin here -----

Latest