ആശുപത്രികളില്‍ ജങ്ക്ഫുഡ് നിരോധിക്കും

Posted on: May 3, 2016 7:44 pm | Last updated: May 3, 2016 at 7:45 pm

junk-food-1200ദോഹ: ആശുപത്രികളിലെ റസ്റ്റോറന്റുകളില്‍ ആരോഗ്യ മന്ത്രാലയം ജങ്ക് ഫുഡ് വില്‍പ്പന നിരോധിക്കുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ഭക്ഷണശൈലി വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഇത്. ആശുപത്രികളുടെ കഫ്തീരിയയിലും വെന്‍ഡിംഗ് മെഷീനുകളിലും ആരോഗ്യത്തിന് ഗുണപ്രദമായ ഭക്ഷണങ്ങള്‍ മാത്രമെ വില്‍ക്കാന്‍ പാടുള്ളൂ എന്നത് കര്‍ശനമാക്കുമെന്ന് മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണം, പകര്‍ച്ചയിതരവ്യാധി വിഭാഗം ഡയറക്ടര്‍ ഡോ. ശൈഖ അല്‍ അനൂദ് ബിന്‍ത് മുഹമ്മദ് അല്‍ താനി അറിയിച്ചു.
ഇത്തരം ഔട്ട്‌ലെറ്റുകളില്‍ ഏതുതരം ആരോഗ്യകരമായ ഭക്ഷണം വില്‍ക്കാന്‍ പറ്റുമെന്നതിന് സംബന്ധിച്ച് ന്യൂട്രീഷനിസ്റ്റ്, ഡയറ്റീഷ്യന്‍ വിദഗ്ധരുമായി കൂടിയാലോചന നടത്തുന്നുണ്ട്. പ്രമേഹത്തെ പരാജയപ്പെടുത്താം എന്ന പ്രമേയത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പറഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍, മിര്‍സ്‌ക് ഓയില്‍ എന്നിവയുമായി ചേര്‍ന്ന് ബോധവത്കരണം നടത്തുന്നുണ്ട്. പ്രതിരോധ മാര്‍ഗനങ്ങള്‍ നടന്നിട്ടില്ലെങ്കില്‍ 2045ഓടെ നിലവിലെ 17 ശതമാനത്തില്‍ നിന്ന് പ്രമേഹ രോഗികളുടെ എണ്ണം ഇരട്ടിയാകും. പ്രമേഹം ഇല്ലാതാക്കാന്‍ 2016- 2022 ദേശീയ പ്രമേഹ കര്‍മപദ്ധതി ആരംഭിച്ചിട്ടുണ്ട്. പ്രമേഹ സാധ്യത മുന്‍കൂട്ടി കണ്ടെത്തി പ്രതിരോധം തീര്‍ക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും പ്രമേഹ പരിശോധന നടത്തും. ജി സി സി ആരോഗ്യ ബോധവത്കരണ വാരത്തിന്റെ ഭാഗമായി മിര്‍സ്‌ക് ഓയില്‍ ഇന്ന് കതാറയില്‍ മൊബൈല്‍ ക്ലിനിക്ക് നടത്തുന്നുണ്ട്.