ഒരാള്‍ക്കുകൂടി കോറോണ വൈറസ്; ഒട്ടക ഫാം തൊഴിലാളികള്‍ നിരീക്ഷണത്തില്‍

Posted on: May 3, 2016 7:37 pm | Last updated: May 3, 2016 at 7:37 pm

corona virusദോഹ: രാജ്യത്ത് ഒരു മെര്‍സ് കൊറോണ വൈറസ് കേസ് കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒട്ടകഫാമില്‍ ജോലിക്കാരനായ 40കാരനിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ഈ വര്‍ഷം ഇതു രണ്ടാമതു കൊറോണ വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
രോഗം ബാധിച്ചയാള്‍ അപകടനില തരണം ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. നാഷണല്‍ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സക്കു വിധേയമായി കൊണ്ടിരിക്കുന്ന രോഗിയെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മറ്റ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ മറ്റൊരു വിദേശ രാജ്യത്തേക്ക് സമീപകാലത്ത് യാത്ര ചെയ്യുകയോ ചെയ്തിട്ടില്ലാത്ത തൊഴിലാളിക്കാണു മെര്‍സ് ബാധ കണ്ടെത്തിയത്. ഒട്ടകങ്ങളില്‍ നിന്നു രോഗം പകരാമെന്ന സാധ്യത ബലപ്പെടുത്തുന്നതാണ് ഈ സംഭവം.
സാധാരണ അസുഖങ്ങളുമായി ഹമദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഇദ്ദേഹത്തിന് മെര്‍സ് ടെസ്റ്റില്‍ അണുബാധ കണ്ടെത്തുകയായിരുന്നു. ആരോഗ്യവകുപ്പിനു കീഴില്‍ സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള ദ്രുതകര്‍മസംഘം രോഗിയുമായി അടുത്തിടപഴകിയിരുന്നവരെ പ്രാഥമിക പരിശോധനകള്‍ക്ക് വിധേയരാക്കി. ഇവരെ തുടര്‍പരിശോധനകള്‍ക്ക് വിധേയമാക്കുകയും രണ്ടാഴ്ചത്തേക്കു നിരീക്ഷിക്കുകയും ചെയ്യും. രോഗ പ്രതിരോധനത്തിനായുള്ള നടപടികളും നിര്‍ദേശങ്ങളും ഇവര്‍ക്കു നല്‍കിയിട്ടുണ്ട്. മെര്‍സ് ബാധിച്ച 66 വയസ്സുള്ള സ്വദേശി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മരിച്ചിരുന്നു. പ്രമേഹം, ശ്വാസകോശ അസുഖങ്ങള്‍, വൃക്കരോഗം തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും ഒട്ടകങ്ങളുമായി ഇടപഴകരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഒട്ടക ഫാമുകളിലും ഒട്ടകങ്ങളെ അറുക്കുന്ന സ്ഥലങ്ങളിലും പരിപൂര്‍ണ ശുചിത്വം ഉറപ്പുവരുത്തണം. ഇവിടെ തൊഴിലെടുക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക്കും കയ്യുറയും ധരിക്കണം. മൃഗങ്ങളെ സ്പര്‍ശിക്കുന്നതിനു മുമ്പും ശേഷവും കൈകള്‍ ലോഷനുപയോഗിച്ച് കഴുകണം. മെര്‍സ് കൊറോണ വൈറസ് ബാധക്ക് സാധ്യതയുള്ളതിനാല്‍ ഒട്ടകങ്ങള്‍ ഉള്‍പ്പടെ മൃഗങ്ങളുമായി ഇടപഴകുന്നവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ക്യൂ എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.