ആദിവാസി യുവതിയ്ക്ക് ചികിത്സ നിഷേധിച്ചു; ഗര്‍ഭസ്ഥ ശിശു മരിച്ചു

Posted on: May 3, 2016 10:00 am | Last updated: May 3, 2016 at 3:18 pm

കല്‍പ്പറ്റ: വയനാട്ടില്‍ മതിയായ ചികിത്സാ ലഭിക്കാത്തതിനെ തുടര്‍ന്ന് അഞ്ചുമാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചു. മീനങ്ങാടി കോട്ടക്കുന്ന് മണങ്ങവയല്‍ കോളനിയിലെ അനിലിന്റെ ഭാര്യ ബബിതയ്ക്കാണ് കുഞ്ഞിനെ നഷ്ടമായത്. യഥാസമയത്ത് ചികിത്സയും ആംബുലന്‍സ് സൗകര്യവും ആശുപത്രി അധികൃതര്‍ നിഷേധിച്ചതാണ് യുവതിക്ക് കുഞ്ഞിനെ നഷ്ടമാവാന്‍ ഇടയാക്കിയത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണു സംഭവം. ബബിതയ്ക്ക് വേദനയും രക്തസ്രാവവുമുണ്ടായതിനെത്തുടര്‍ന്ന് മീനങ്ങാടി പിഎച്ച്‌സിയില്‍ എത്തിയെങ്കിലും ഡോക്ടര്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. ഓപ്പറേഷന്‍ തീയറ്ററില്‍ ആയതിനാല്‍ ഡോക്ടര്‍ക്ക് ഇറങ്ങാന്‍ സാധിക്കില്ലെന്നാണ് ജീവനക്കാര്‍ പറഞ്ഞത്. കുറച്ചു സമയത്തിനു ശേഷം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് പോകാന്‍ പറഞ്ഞെങ്കിലും ആംബുലന്‍സ് സൗകര്യം ഒരുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

തുടര്‍ന്ന് ഓട്ടോറിക്ഷയിലാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേയ്ക്കും രക്തസ്രാവം അധികമായിരുന്നു. ബത്തേരിയില്‍ എത്തുമ്പോഴേക്കും പ്രസവം നടന്നിരുന്നു. കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ സാഹചര്യമില്ലാത്തതിനാല്‍ മറ്റെവിടെയെങ്കിലും അടക്കം ചെയ്യാന്‍ അനില്‍ അനുവദിക്കുകയും ചെയ്തു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.