തിരഞ്ഞെടുപ്പ് ചെലവും കുറേ തമാശകളും

28 ലക്ഷത്തിന്റെ പരിധി പ്രധാന പാര്‍ട്ടികളൊക്കെ ലംഘിക്കുന്നുണ്ടെന്ന് ഏത് സാധാരണക്കാരനും ബോധ്യപ്പെടുന്ന കാര്യമാണ്. എന്നിട്ടും നിരീക്ഷകര്‍ക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടാകും? ദ്രവ്യത്തിന്റെ ബലമല്ലാതെ മറ്റൊന്നുമാകാന്‍ തരമില്ല. നിയമവും വ്യവസ്ഥകളുമൊക്കെ ഉണ്ടെങ്കിലല്ലേ അത് ലംഘിക്കാനും ലംഘിച്ചത് കാട്ടിക്കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങാനുമൊക്കെ സാധിക്കൂ. എല്ലാ നിയമങ്ങളും അഴിമതിക്കുള്ള സാധ്യത തുറന്നിടുന്നുവെന്ന പൊതുതത്വം ഇവിടെയും ബാധകമാക്കിയിരിക്കുന്നു. ചെലവ് കണക്ക് സമര്‍പ്പിച്ചില്ലെന്നു പറഞ്ഞ് ആയിരത്തിലധികം പേരെ ഇക്കാലത്തിനിടെ ശേഷനും ശേഷം വന്ന കമ്മീഷണര്‍മാരും അയോഗ്യരാക്കിയിട്ടുണ്ട്. സമര്‍പ്പിച്ച ചെലവ് യഥാര്‍ഥ ചെലവുമായി ഒത്തുപോകുന്നില്ലെന്ന കാരണത്താല്‍ ആരെയെങ്കിലും ഇക്കാലത്തിനിടെ അയോഗ്യരാക്കിയതായി വിവരമില്ല. പിന്നെ എന്തിനാണ് ഈ പൊറാട്ടുനാടകം?
Posted on: May 3, 2016 7:49 am | Last updated: May 2, 2016 at 11:53 pm

2014ലെ പൊതുതിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചെലവിട്ടത് ആയിരം കോടി രൂപയാണെന്നാണ് കണക്ക്. 543 മണ്ഡലങ്ങളില്‍ മത്സരിച്ചവര്‍ക്ക് നിയമപ്രകാരം ചെലവിടാന്‍ കഴിയുന്നതിന്റെ കണക്കെടുത്താല്‍ അതും വരും 1,100 കോടി. അനുവദനീയമായ പരിധിക്ക് പുറത്ത് ചെലവിട്ട കോടികള്‍ ഇതിന്റെ പല മടങ്ങ് വരും. പ്രചാരണത്തിന് ചെലവിട്ടത് എട്ട് കോടി രൂപയാണെന്നാണ് അന്തരിച്ച ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെ അനൗദ്യോഗികമായി പറഞ്ഞത്.

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന് നൂറ് കോടിയിലേറെ രൂപ ചെലവുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നിയമസഭാ മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് പ്രചാരണത്തിന് ചെലവിടാവുന്ന തുക 28 ലക്ഷമാണ്. അതുവെച്ച് കണക്കാക്കിയാല്‍ 140 മണ്ഡലങ്ങളിലുമായി ചെലവിടുന്നത് ഏറെക്കുറെ 118 കോടി രൂപ. അനുവദിക്കപ്പെട്ട പരിധിക്ക് പുറത്ത് ചെലവിടുന്നത് ഇതിന്റെ പല മടങ്ങ് വരും. പൊതു തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും വിപണിയിലേക്ക് വലിയ തോതില്‍ പണമൊഴുകുന്ന സമയങ്ങളായി മാറിയിരിക്കുന്നു. അത് സാമ്പത്തിക മേഖലക്ക് നല്‍കുന്ന ഊര്‍ജം ചെറുതല്ല. 2008ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നതിന്റെ പിറകെ 2009ല്‍ ഇന്ത്യന്‍ യൂനിയനില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പ്രചാരണത്തിന് വേണ്ടി പാര്‍ട്ടികളുടെ പക്കല്‍ നിന്നും വിപണിയിലേക്ക് ഒഴുകിയ പണം മാന്ദ്യത്തിന്റെ ആഘാതം കുറക്കാനുള്ള മരുന്നായി മാറിയെന്ന് അന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. നിയമവിധേയമായും അല്ലാതെയും ഒഴുകുന്ന പണം മത്സരഫലത്തെ നിര്‍ണയിക്കുക മാത്രമല്ല, സമ്പദ് വ്യവസ്ഥയുടെ ശതമാനക്കണക്കിലുള്ള വളര്‍ച്ചയെ തുണക്കുന്നു കൂടിയുണ്ടെന്ന് ചുരുക്കം.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 77-ാം വകുപ്പിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചെലവിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. സ്ഥാനാര്‍ഥികള്‍ ചെലവ് കണക്ക് രേഖപ്പെടുത്തി സൂക്ഷിക്കണമെന്നായിരുന്നു നിയമ വ്യവസ്ഥ. തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കെ തികഞ്ഞ ഏകാധിപത്യ പ്രവണത കാട്ടിയ ടി എന്‍ ശേഷന്റെ കാലത്താണ് നിയമത്തിലെ വാക്യം നടപ്പാക്കാന്‍ പാകത്തില്‍ വ്യവസ്ഥകളുണ്ടാക്കിയത്. ചെലവു കണക്ക്, രേഖപ്പെടുത്തിയതൊക്കെ സത്യമാണെന്ന പ്രസ്താവനക്കൊപ്പം, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കണമെന്ന് ശേഷന്‍ വ്യവസ്ഥവെച്ചു. കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ അയോഗ്യനാക്കുമെന്നും. കണക്ക് സമര്‍പ്പിക്കാതെ അയോഗ്യരായവര്‍ രാജ്യത്ത് ഏറെയുണ്ട് താനും.

സ്ഥാനാര്‍ഥികള്‍ വന്‍തോതില്‍ പണമൊഴുക്കി വിജയം നിര്‍മിച്ചെടുക്കുന്ന സാഹചര്യത്തിലാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ ശേഷന്‍ തീരുമാനിച്ചത്. സ്ഥാനാര്‍ഥികള്‍ കണക്ക് സമര്‍പ്പിക്കുന്നുവെന്നത് കൊണ്ടുമാത്രം പ്രശ്‌നം തീരുമായിരുന്നില്ല. അതിനാല്‍ നിയമസഭാ, ലോക്‌സഭാ മണ്ഡലങ്ങളില്‍ ചെലവിടാവുന്ന പണത്തിന് പരിധി വെച്ചു. നിയമസഭാ മണ്ഡലത്തില്‍ 20,000 മുതല്‍ 40,000 വരെയും ലോക്‌സഭാ മണ്ഡലത്തില്‍ 1,50,000 മുതല്‍ 1,70,000 വരെയുമായിരുന്നു ആദ്യത്തെ പരിധികള്‍. രൂപക്ക് ഇത്രത്തോളം വില കുറഞ്ഞിട്ടില്ലാത്ത കാലത്താണ് ഈ പരിധികള്‍ നിശ്ചയിച്ചത്. ഇതാണ് പിന്നീട് ഉയര്‍ത്തി 28 ലക്ഷവും 70 ലക്ഷവുമൊക്കെയായത്. ശേഷന്‍ ആദ്യം നിശ്ചയിച്ച 20,000 രൂപ കൊണ്ട് ഇന്ന് ഒരു ദിവസത്തെ പ്രചാരണം സാധ്യമാകില്ല.

ചെലവിന് പരിധിയും കണക്ക് സമര്‍പ്പിക്കണമെന്ന നിബന്ധനയും കൊണ്ടുവന്നപ്പോള്‍ ഇതെങ്ങനെ പരിശോധിക്കുമെന്ന പ്രശ്‌നം ഉയര്‍ന്നു. അതിനാണ് തിരഞ്ഞെടുപ്പ് നിരീക്ഷകരെ നിയോഗിച്ചത്. ആദിയില്‍ ജില്ലക്കൊന്നായിരുന്നു നിരീക്ഷകര്‍. പിന്നെ നിരീക്ഷകനും ഫോട്ടോഗ്രാഫറുമായി. പിന്നെ ഓരോ ജില്ലയിലും നിരീക്ഷക സംഘമായി, ഒപ്പം വീഡിയോഗ്രാഫര്‍മാരും. അതുകൊണ്ടും പോരെന്ന് തോന്നിയപ്പോള്‍ കണക്കില്‍പ്പെടാത്ത പണം കടത്തുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് വാഹന പരിശോധനയും മറ്റും നടത്തുന്നതിന് വേറെയും സംഘത്തെ നിയോഗിച്ചു. ചുരുക്കത്തില്‍ പ്രചാരണക്കാലത്ത് വലിയൊരു സംഘം ഉദ്യോഗസ്ഥര്‍ ഓരോ ജില്ലയിലേക്കും നിയോഗിക്കപ്പെടും.

വരള്‍ച്ച, വെള്ളപ്പൊക്കം ഇത്യാദികളാല്‍ ജനം ബുദ്ധിമുട്ടിലാകുകയും ബുദ്ധിമുട്ടുണ്ടെന്ന് അങ്ങ് ഡല്‍ഹിയിലെ ഏമാന്‍മാര്‍ക്ക് ബോധ്യപ്പെടുകയും ചെയ്താല്‍ സ്ഥിതി പഠിക്കാന്‍ വിദഗ്ധ സംഘത്തെ അയക്കുന്ന പതിവുണ്ട്. അവരിങ്ങെത്തിയാല്‍ ഏതെങ്കിലും പഞ്ച നക്ഷത്ര ഹോട്ടലില്‍ താമസിക്കും (ഉമ്മന്‍ ചാണ്ടി ബാറുകള്‍ പഞ്ചനക്ഷത്രത്തില്‍ നിജപ്പെടുത്തിയതോടെ ഇനി അതിലൊരു മാറ്റമുണ്ടാകുകയേയില്ല). അന്ന പാനാദികള്‍ പൊടിപൊടിക്കും. പ്രകൃതിക്ഷോഭം ദുരിതമുണ്ടാക്കിയ ഏതെങ്കിലും മുക്കോ മൂലയോ കണ്ടാലായി. താമസിച്ച ഹോട്ടലിന്റെയും അവിടെ ലഭിച്ച സ്വീകരണത്തിന്റെയും അടിസ്ഥാനത്തിലാകും റിപ്പോര്‍ട്ടെഴുത്ത്. ഇതൊക്കെക്കഴിഞ്ഞാല്‍ നശിച്ചുപോയ വാഴയൊന്നിന് രണ്ട് രൂപ, കവുങ്ങൊന്നിന് അഞ്ച് രൂപ തുടങ്ങിയ നിരക്കില്‍ നഷ്ടപരിഹാരം കിട്ടും. അതും കിട്ടുമ്പോള്‍ കിട്ടുമെന്ന് മാത്രം.

ഇത്തരം വിദഗ്ധരുടെ കൂടിയ പതിപ്പാണ് തിരഞ്ഞെടുപ്പ് നിരീക്ഷകര്‍. ആഡംബരം തികഞ്ഞ താമസം, മുന്തിയ ഭക്ഷണം, വിനോദ സഞ്ചാരം ഇവയൊക്കെയാണ് നിരീക്ഷകരുടെ പ്രധാന പരിപാടി. പിന്നെ അങ്ങിങ്ങൊരു നോട്ടം. ഈ നോട്ടത്തിന്റെ അടിസ്ഥാനത്തില്‍ ചെലവ് കൂടുതലാണെന്നൊരു അഭിപ്രായം കക്ഷി നേതാക്കളെ അറിയിക്കുകയും ചെയ്യും. ഇതോടെ ചെലവ് കുറച്ചെഴുതാന്‍ വേണ്ട ദ്രവ്യം നിരീക്ഷകരുടെ പക്കലെത്തും. അതുകൊണ്ട് മാത്രമാണ് ചെലവാക്കാന്‍ നിര്‍ദേശിക്കപ്പെട്ടതിന്റെ പല ഇരട്ടി പൊടിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാധിക്കുന്നത്.

സംസ്ഥാനത്ത് വോട്ട് വിഹിതം വര്‍ധിപ്പിക്കുക എന്നത് പ്രധാന ലക്ഷ്യമായും നിയമസഭയില്‍ അക്കൗണ്ട് തുറക്കുക എന്നത് ലക്ഷ്യമായും മത്സരിക്കുന്ന ബി ജെ പി – ബി ഡി ജെ എസ് സഖ്യത്തിന്റെ (ഇപ്പോള്‍ എന്‍ ഡി എ) കാര്യമെടുക്കുക. ശക്തമായി മത്സരിക്കാന്‍ സാധിക്കുമെന്ന് കരുതുന്ന മണ്ഡലങ്ങളെ എ കാറ്റഗറിയില്‍പ്പെടുത്തിയിരിക്കുന്നു ബി ജെ പി. ഈ കാറ്റഗറിയിലുള്ള ഓരോ മണ്ഡലത്തിലേക്കും പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം അനുവദിച്ചിരിക്കുന്നത് ഒരു കോടി രൂപ വീതമാണെന്നാണ് കേട്ടുകേള്‍വി. മത്സരിച്ച് വോട്ട് വര്‍ധിപ്പിക്കാനാകുമെന്ന് കരുതുന്ന മണ്ഡലങ്ങള്‍ക്കൊക്കെ അമ്പത് ലക്ഷം വീതവും. മറ്റുള്ളവക്ക് 25 ലക്ഷം വീതവും നല്‍കിയെന്നും കേട്ടുകേള്‍വിയുണ്ട്.

ബി ജെ പിയുടെ സംസ്ഥാനക്കമ്മിറ്റി ഓഫീസിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഏത് പ്രവര്‍ത്തകനോട് ചോദിച്ചാലും ഈ കണക്ക് കിട്ടും. സംസ്ഥാനത്ത് പിരിച്ച് പൊടിക്കുന്ന ലക്ഷങ്ങള്‍ക്ക് പുറമെയാണിത്. കേന്ദ്രത്തില്‍ അധികാരം നഷ്ടമായതുകൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി എ ഐ സി സിയില്‍ നിന്ന് ഇത്രയും വലിയ തുക കിട്ടാന്‍ ഇടയില്ല. എങ്കിലും മണ്ഡലമൊന്നുക്ക് പത്ത് ലക്ഷം രൂപയെങ്കിലും നല്‍കിയിട്ടുണ്ടാകണം. കെ പി സി സി നല്‍കുന്ന തുകയും സ്ഥാനാര്‍ഥികള്‍ പ്രാദേശികമായി സമാഹരിക്കുന്ന തുകയും ചേര്‍ത്താല്‍ അതും വലിയ സംഖ്യയാകും. കേന്ദ്ര നേതൃത്വത്തില്‍ നിന്ന് വിഹിതം കിട്ടാനുള്ള സാധ്യത സി പി എമ്മിനില്ല.

ഇവിടെ നിന്ന് പിരിച്ചെടുക്കുന്നതിലൊരു വിഹിതം അങ്ങോട്ട് കൊടുക്കുന്നതുകൊണ്ടാണ് എ കെ ജി ഭവനില്‍ കാര്യങ്ങള്‍ മുട്ടില്ലാതെ നടക്കുന്നത്. എങ്കിലും ചെലവിന്റെ കാര്യത്തില്‍ സി പി എം നേതൃത്വം നല്‍കുന്ന ഇടതു മുന്നണി ഏറെ പിന്നിലാണെന്ന് പറഞ്ഞുകൂടാ. ധനസമാഹരണത്തില്‍ സി പി എമ്മിന്റെ സംസ്ഥാന നേതൃത്വത്തിനുള്ള മികവ് ഇതിന് അവരെ സഹായിക്കുന്നുമുണ്ട്.
28 ലക്ഷത്തിന്റെ പരിധി പ്രധാന പാര്‍ട്ടികളൊക്കെ ലംഘിക്കുന്നുണ്ടെന്ന് മണ്ഡലത്തില്‍ സഞ്ചരിക്കുന്ന ഏത് സാധാരണക്കാരനും ബോധ്യപ്പെടുന്ന കാര്യമാണ്. എന്നിട്ടും തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് മനസ്സിലാകാത്തത് എന്തുകൊണ്ടാകും?

മേല്‍ ചൊന്ന കൈമടക്കിന്റെ ബലമല്ലാതെ മറ്റൊന്നുമാകാന്‍ തരമില്ല. തിരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചെലവിലേക്കായി വേണ്ടിവരുന്ന നൂറു കോടി രൂപയില്‍ പത്ത് കോടിയെങ്കിലും വേണ്ടിവരും ഈ നിരീക്ഷണ സംവിധാനത്തിന്. ജനം നികുതിയായി നല്‍കുന്ന പണത്തിന്റെ വിഹിതമാണിതും. ആ പണമുപയോഗിച്ച് ജനത്തെ വീണ്ടും പറ്റിക്കുന്നു. അതിലൊരു വിഹിതം ഉദ്യോഗസ്ഥര്‍ സ്വന്തമാക്കുന്നു. പുറമെ കൈക്കൂലിയും.

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഖജാനയിലേക്ക് കുത്തക കമ്പനികളില്‍ നിന്നും മറ്റും പണമൊഴുകുന്നുണ്ട്. അതും കണക്കില്‍പ്പെടുന്നതും പെടാത്തതുമുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന പണം പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും കൂടാതെ തിരഞ്ഞെടുപ്പ് രംഗത്ത് ഒഴുക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് സാധിക്കും. വോട്ടര്‍മാരെ സ്വാധീനിക്കാനും കഴിയും. മത്സരത്തില്‍ പ്രസക്തമായ പാര്‍ട്ടികള്‍ക്ക് പോലും തുല്യ നിലയില്‍ മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. അത് തടയാന്‍ ഇക്കണ്ട സംവിധാനമൊന്നും പോരാതെ വരുന്നു, ആ സംവിധാനമൊരുക്കാനുള്ള ചെലവ് പാഴാകുകയും ചെയ്യുന്നു.

ആകെയുള്ള ആശ്വാസം കമ്പോളത്തിലേക്ക് പണമൊഴുകുന്നത് ശതമാനക്കണക്കില്‍ രേഖപ്പെടുത്തുന്ന സാമ്പത്തിക വളര്‍ച്ചക്ക് വേഗം കൂട്ടുമെന്നത് മാത്രമാണ്. പ്രചാരണത്തിനും മറ്റുമായി ഒഴുക്കിക്കളയുന്ന പണം തിരിച്ചെടുക്കാന്‍ അധികാരത്തിലിരിക്കുന്നവരും അധികാരം ലക്ഷ്യമിടുന്നവരും കുത്തക കമ്പനികളെ വീണ്ടും ആശ്രയിക്കും. നല്‍കുന്ന പണത്തിന് പ്രത്യുപകാരം കമ്പനികള്‍ക്ക് ചെയ്തുകൊടുക്കുകയും ചെയ്യും. അപ്പോഴും നഷ്ടം നികുതിയൊടുക്കുകയും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയും ചെയ്യുന്നവര്‍ക്കാണ്.

ജനപ്രാതിനിധ്യ നിയമത്തിലെ വാക്യങ്ങളും അതിന്‍മേല്‍ ശേഷാധികാരത്തിലുണ്ടായ വ്യവസ്ഥകളും അതിന്‍മേലുണ്ടായ പരിഷ്‌കാരങ്ങളും അതിന് ചെലവായ സമയവുമൊക്കെ എന്തിനായിരുന്നു എന്ന ചോദ്യം ബാക്കി. നിയമവും വ്യവസ്ഥകളുമൊക്കെ ഉണ്ടെങ്കിലല്ലേ അത് ലംഘിക്കാനും ലംഘിച്ചത് കാട്ടിക്കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങാനുമൊക്കെ സാധിക്കൂ. എല്ലാ നിയമങ്ങളും അഴിമതിക്കുള്ള സാധ്യത തുറന്നിടുന്നുവെന്ന പൊതുതത്വം ഇവിടെയും ബാധകമാക്കിയിരിക്കുന്നു. ചെലവ് കണക്ക് സമര്‍പ്പിച്ചില്ലെന്നു പറഞ്ഞ് ആയിരത്തിലധികം പേരെ ഇക്കാലത്തിനിടെ ശേഷനും ശേഷം വന്ന കമ്മീഷണര്‍മാരും അയോഗ്യരാക്കിയിട്ടുണ്ട്.

സമര്‍പ്പിച്ച ചെലവ് യഥാര്‍ഥ ചെലവുമായി ഒത്തുപോകുന്നില്ലെന്ന കാരണത്താല്‍ ആരെയെങ്കിലും ഇക്കാലത്തിനിടെ അയോഗ്യരാക്കിയതായി വിവരമില്ല. പിന്നെ എന്തിനാണ് ഈ പൊറാട്ടുനാടകം? തിരഞ്ഞെടുപ്പ് ചെലവുകള്‍ ഭരണകൂടം തന്നെ വഹിക്കുക എന്ന നിര്‍ദേശം ഇടക്കാലത്ത് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അതുകൊണ്ടും പ്രശ്‌നങ്ങള്‍ തീരുമോ എന്ന ശങ്ക അപ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിക്കുന്ന സാധാരണ പൗരന് പോലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്ന സംവിധാനമാണ് യഥാര്‍ഥത്തില്‍ നിലവില്‍ വരേണ്ടത്. അധികാരം കൈയാളുന്നവരാരും അതേക്കുറിച്ചൊന്നും ചിന്തിക്കാനിടയില്ല എന്നതുകൊണ്ട് ഒഴുകുന്ന കോടികളില്‍ അത്ഭുതം കൂറുക മാത്രമേ തരമുള്ളൂ.