Connect with us

Malappuram

വടക്കാഞ്ചേരി അപകടത്തില്‍ മരിച്ചവര്‍ക്ക് യാത്രാമൊഴി

Published

|

Last Updated

പെരിന്തല്‍മണ്ണ: വെള്ളിയാഴ്ച തൃശൂര്‍ വടക്കാഞ്ചേരിയിലെ വാഹനപകടത്തില്‍ മരണപ്പെട്ടവരുടെ മയ്യിത്തുകള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. തൂത വാഴങ്കട കളത്തില്‍കുണ്ട് സ്വദേശികളായ തോട്ടശ്ശേരി കളത്തില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ: മാരായമംഗലം സ്വദേശിനി റാബിയ (50), മകന്‍ മുഹമ്മദ് ശമീര്‍ (24), റാബിയയുടെ ബന്ധുവായ ഓട്ടോ ഡ്രൈവര്‍ തോരക്കാട്ടില്‍ മുഹമ്മദ് അലി (40)എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുമായി കാറിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് മയ്യിത്തുകള്‍ ഒരേ സമയം ഒരു പ്രദേശത്ത് നിന്നും എടുത്തപ്പോള്‍ നാടും നാട്ടുകാരും വിതുമ്പലടക്കുവാനാകാതെ തേങ്ങി. വൈകുന്നേരം 4.30 ഓടു കൂടിയാണ് ആശുപത്രിയില്‍ നിന്നും മയ്യിത്തുകള്‍ വീട്ടിലെത്തിയത്. മരണപ്പെട്ട ഉറ്റവരെ ഒരു നോക്കു കാണാന്‍ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന വന്‍ ജനാവലി രാവിലെ തന്നെ വാഴങ്കട കളത്തില്‍ കുണ്ടിലെ റാബിയയുടെയും മുഹമ്മദലിയുടെയും വീടുകളിലെത്തിയിരുന്നു. ശനിയാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന് ശേഷമാണ് മയ്യിത്തുകള്‍ വീട്ടിലെത്തിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെ കളത്തില്‍കുണ്ട് ബദറുല്‍ ഹുദാ ജുമ്അ മസ്ജിദിലാണ് മയ്യിത്തുകള്‍ ഖബറടക്കിയത്. എസ് എസ് എഫ് കളത്തില്‍കുണ്ട് യൂനിറ്റ് സെക്രട്ടറിയായ ശമീര്‍ നാട്ടില്‍ സാമൂഹ്യ രംഗത്തും സജീവമായിരുന്നു. പെരിന്തല്‍മണ്ണ മാനത്ത് മംഗലത്തെ കാര്‍ പാര്‍ക്കിലെ ജീവനക്കാരനായിരുന്നു ശമീര്‍. ഉമ്മയുടെ ചികിത്സക്കായി തൃശൂര്‍ ജ്യൂബിലി മിഷന്‍ ആശുപത്രിയിലേക്ക് ഓട്ടോയില്‍ പോകാന്‍ തീരുമാനിച്ചത് വഴിയില്‍ മരണം കാത്തുനില്‍ക്കുന്നതറിയാതെയായിരുന്നു. ഓട്ടോ ഡ്രൈവറും റാബിയയുടെ ഭര്‍ത്താവ് മുഹമ്മദ് കുട്ടിയുടെ പിതൃ സഹോദരന്റെ മകനുമായ മുഹമ്മദലി വിദേശത്തായിരുന്നു. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നാട്ടില്‍ എത്തിയിട്ട്. ഇയാളും ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇദ്ദേഹം നാട്ടില്‍ ഓട്ടോ ഓടിക്കുകയായിരുന്നു. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം എന്നിവര്‍ ജനാസ നിസ്‌കാരത്തിന് നേതൃത്വം നല്‍കി. പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി, അബ്ദുല്‍ റശീദ് സഖാഫി മേലാറ്റൂര്‍, മഞ്ഞളാംകുഴി അലി, വി ശശികുമാര്‍, നാലകത്ത് സൂപ്പി, പി പി വാസുദേവന്‍, വി രമേശന്‍, ഫൈസല്‍ എന്നിവരും വസതിയിലെത്തിയിരുന്നു.