താപനില 41.7 ഡിഗ്രി: ഈ മാസം സൂര്യാഘാതമേറ്റത് 80 പേര്‍ക്ക്‌

Posted on: April 29, 2016 11:36 am | Last updated: April 29, 2016 at 11:36 am
SHARE

പാലക്കാട്: ജില്ലയില്‍ താപനിലക്ക് ശമനമില്ല. ബുധനാഴ്ച 41.9 ഡിഗ്രി താപനിലയിലായിരുന്ന ജില്ലയില്‍ വ്യാഴാഴ്ച 41.6 ആയെങ്കിലും ഇന്നലെ 41.7 യായി ഉയര്‍ന്നു. മലമ്പുഴയില്‍ 41.7 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ മുണ്ടൂരില്‍ 40.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഉയര്‍ന്ന ചൂട് തുടരുന്നതിനാല്‍ പകല്‍ 11 കഴിഞ്ഞാല്‍ പുറത്തേക്കിറങ്ങാനാകാത്ത അവസ്ഥയാണ്.
യാത്രക്കിടെ ചൂടുകാറ്റ് മുഖത്തടിച്ച് ഒട്ടേറെ യാത്രക്കാര്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജില്ലയില്‍ ഈമാസം ഇന്നലെ വരെ 80ഓളം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. നിരവധി വളര്‍ത്തുമൃഗങ്ങളും ചാത്തൊടുങ്ങി.
കുടിക്കാന്‍ വെള്ളം കിട്ടാതെ കാട്ടില്‍ നിന്നിറങ്ങി വരുന്ന കാട്ടാനകളടക്കമുള്ള കാട്ടുമൃഗങ്ങള്‍ക്ക് നാട്ടിലും കൊടും വരള്‍ച്ചയില്‍ വെള്ളം കിട്ടാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലെ താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടര്‍ന്ന് ശരീരത്തിലെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരമൊരു അവസ്ഥയെയാണ് സൂര്യാഘാതമെന്ന് പറയുന്നത്.
ഉയര്‍ന്ന താപനില തുടരുന്നതിനാല്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് വരെ വെയില്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപ്പിട്ട നാരങ്ങ വെള്ളം, സംഭാരം, ഒ ആര്‍ എസ് ലായനി എന്നിവ ധാരാളം കുടിക്കുക, പകല്‍ സമയങ്ങളില്‍ മദ്യപാനം ഒഴിവാക്കുക, അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍, കോട്ടണ്‍ വസ്ത്രങ്ങള്‍ എന്നിവ ധരിക്കുക, അമിത ഭക്ഷണം ഒഴിവാക്കണം. കഴുത്തിന്റെ പിന്നിലാണ് സൂര്യാതപം ഏല്‍ക്കാന്‍ സാധ്യത കൂടുതല്‍. ഹെല്‍മറ്റ് ധരിച്ചാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒരുപരിധിവരെ ഒഴിവാക്കാം. 60 വയസ്സിന് മുകളിലുള്ളവരും രോഗമുള്ളവരും കനത്ത വെയിലിലുള്ള യാത്ര ഒഴിവാക്കണം. പകല്‍ സമയം പുറത്തിറങ്ങുമ്പോള്‍ കുട ഉപയോഗിക്കുന്നതും നേരിട്ടു വെയിലേല്‍ക്കുന്നതില്‍ നിന്നു രക്ഷനല്‍കും. വെയിലിന്റെ കാഠിന്യം കൂടുതലുള്ള സമയത്ത് പുറത്തിറങ്ങാതിരിക്കുക, ശരീരത്തിനാവശ്യമായ ശുദ്ധജലം ഉറപ്പാക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തരുതെന്നാണ് ആരോഗ്യവകുപ്പിന്റെ ഉപദേശം.

LEAVE A REPLY

Please enter your comment!
Please enter your name here