Connect with us

Kerala

വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും ആചാരമല്ല: ആര്‍ എസ് എസ്

Published

|

Last Updated

തിരുവനന്തപുരം: വെടിക്കെട്ടിന്റെയും ആനയെഴുന്നള്ളിപ്പിന്റെയും പേരില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഭ്രാന്തിനെ ആചാരമെന്ന് വിളിക്കരുതെന്ന് ആര്‍ എസ് എസ്. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖപത്രമായ കേസരിയിലെ മുഖപ്രസംഗത്തിലാണ് ആര്‍ എസ് എസിന്റെ വിമര്‍ശം. ക്ഷേത്രോല്‍സവങ്ങളിലെ കാലാനുസൃതമല്ലാത്ത സമ്പ്രദായങ്ങള്‍ ഹിന്ദുസമൂഹം ഒഴിവാക്കണമെന്നും ആര്‍ എസ് എസ് ആവശ്യപ്പെട്ടു.
കോഴിക്കൂടിന്റെ വലിപ്പമുള്ള ക്ഷേത്രങ്ങളില്‍വരെ കോടികളുടെ കരിമരുന്ന് കത്തിക്കുന്നത് സാമൂഹ്യദ്രോഹമാണ്. ശബരിമല പോലുള്ള കാനനക്ഷേത്രങ്ങളില്‍ വന്യജീവികളെ അകറ്റാന്‍ ആരംഭിച്ച കതിനവെടിയെ അനുഷ്ഠാനമായി അനുകരിച്ചപ്പോഴാണ് വെടിവഴിപാടുണ്ടായത്. ഭക്തന്റെ ഏകാഗ്രതയെ നശിപ്പിക്കുന്ന ശബ്ദമലിനീകരണത്തിനപ്പുറത്ത് വെടിക്കെട്ടിന് ഒരു പ്രാധാന്യവും യുക്തിയുമില്ല. ക്ഷേത്രം പോലും തകര്‍ത്തുകൊണ്ടു നടത്തുന്ന കരിമരുന്ന് ഭീകരതയെ കലയെന്ന് വിളിക്കണമെങ്കില്‍ തലക്ക് തകരാറുണ്ടാകണം.
വെടിക്കെട്ട് ക്ഷേത്രാചാരമാണെന്നും നിരോധിക്കാനാകില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവനയെ തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തിലാണ് വിലയിരുത്തേണ്ടതെന്നും മുഖപ്രസംഗം പറയുന്നു. വെടിക്കെട്ടിനെ ഉപാസനയുടെ ഭാഗമായി തന്ത്രശാസ്ത്രവിധിയില്‍ പറയുന്നില്ല. കരിയും കരിമരുന്നും ക്ഷേത്രങ്ങളില്‍ വേണ്ടെന്ന് പറഞ്ഞ ശ്രീനാരായണഗുരുവിനെയും മന്നത്തുപത്മനാഭനെയും അനുസരിക്കാന്‍ ഹിന്ദുസമൂഹം തയ്യാറായിട്ടില്ല.
തീവട്ടിയുടെയും വെയിലിന്റെയും വെടിക്കെട്ടിന്റെയും നടുവില്‍ ആനയെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണം. പൂര്‍ണമായി ഇണങ്ങാത്ത വന്യജീവിയാണ് ആനയെന്ന് തിരിച്ചറിയേണ്ടതുണ്ടെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനം തടയേണ്ടതില്ലെന്ന വ്യക്തമാക്കിയതിനു പിന്നാലെയാണ് കരിയും കരിമരുന്നും സംബന്ധിച്ച ആര്‍ എസ് എസ് നിലപാട്.

Latest