Connect with us

National

കൊടും വരള്‍ച്ച: മഹാരാഷ്ട്രയില്‍ കുഴല്‍ക്കിണര്‍ നിര്‍മിച്ചാല്‍ ശിക്ഷ

Published

|

Last Updated

മുംബൈ: കനത്ത വരള്‍ച്ച നേരിടുന്ന മഹാരാഷ്ട്രയില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നു. 200 അടിയില്‍ ആഴമുള്ള കുഴല്‍ക്കിണറുകള്‍ നിര്‍മിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ജലവിതരണ മന്ത്രി ബബന്‍ റാവു ലോനികര്‍ ആവശ്യപ്പെട്ടു. ഉത്തരവ് ലംഘിക്കുന്നവര്‍ മഹാരാഷ്ട്രാ ഭൂഗര്‍ഭഗജല വികസന നിര്‍വഹണ നിയമ പ്രകാരം പിഴയും തടവും അടക്കമുള്ള ശിക്ഷാ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്ന പശ്ചാത്തലത്തില്‍ ഈ നിയമം ശക്തമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. 200 അടിയില്‍ കൂടുതല്‍ താഴ്ചയുള്ള കുഴല്‍ക്കിണര്‍ നിര്‍മാണം യാതൊരു കാരണവശാലും അനുവദിക്കരുതെന്ന് ജില്ലകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ലോനികര്‍ പറഞ്ഞു.
നിയമം നടപ്പാക്കുന്നതിന് ജനപിന്തുണ അഭ്യര്‍ഥിച്ച അദ്ദേഹം 4,356 ടാങ്കറുകള്‍ നിലവില്‍ സംസ്ഥാനത്തുടനീളം ജലവിതരണം നടത്തുന്നുണ്ടെന്നും അറിയിച്ചു. ഇതിനായി 750 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇത് കൂടാതെ ഇതിനകം തന്നെ 500 കോടി രൂപ ജില്ലാ കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, സംസ്ഥാനത്തെ മറാത്ത്‌വാഡാ മേഖലയിലെ ഡാമുകളില്‍ മൂന്ന് ശതമാനം ജലം മാത്രമാണ് ശേഷിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മറാത്ത്‌വാഡയില്‍ 11 ഡാമുകളാണ് ആകെയുള്ളത്. ഇതില്‍ എട്ടെണ്ണത്തിലും ജലം ഏതാണ്ട് വറ്റിയ അവസ്ഥയാണ്. ഇവയില്‍ നിന്ന് ജലം പുറത്തേക്ക് ഒഴുക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഡാമുകളിലെ ജലവിതാനം 11 ശതമാനം വരെയായിരുന്നുവെന്ന് ഔറംഗബാദ് ഡിവിഷനല്‍ കമ്മീഷണര്‍ ഉമാകാന്ത് ദംഗത്ത് പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷമായി മറാത്ത്‌വഡാ മേഖലയില്‍ വരള്‍ച്ച തുടരുകയാണ്. 8,522 ഗ്രാമങ്ങളാണ് കടുത്തവരള്‍ച്ച നേരിടുന്നത്. ഈ പശ്ചാത്തലത്തില്‍ വ്യാവസായ ശാലകള്‍ക്കുള്ള ജലവിതരണം വെട്ടിക്കുറച്ചതായി സംസ്ഥാന ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest