തൃശൂര്‍ പൂരം: കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി

Posted on: April 15, 2016 9:47 am | Last updated: April 15, 2016 at 3:06 pm

oommen chandyതൃശൂര്‍: ഹൈക്കോടതി വിധിപ്രകാരം സുരക്ഷാ നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം ഏറ്റവും ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹൈക്കോടതി നിര്‍ദ്ദേശിച്ച എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കും. നിയന്ത്രണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രത്യേകം വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. പതിവുപോലെ ആനയെഴുന്നള്ളത്തും, വെടിക്കെട്ടും നിയന്ത്രണങ്ങളോടെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു

ആഘോഷങ്ങള്‍ക്കൊപ്പം സുരക്ഷയും പ്രധാനമാണ്, കഴിഞ്ഞ കൊല്ലം നടത്തിയതിനെക്കാള്‍ ഭംഗിയായി പൂരം നടത്തുമെന്നും, പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ ഏവരും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിയില്‍ വര്‍ണപ്പൊലിമയുള്ള വെടിക്കെട്ട് നടത്താന്‍ ശ്രമിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ശബ്ദതീവ്രത പരമാവധി കുറയ്ക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുലക്ഷം രൂപ നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.