Connect with us

National

വോട്ടിംഗ് ഷൂട്ടില്‍ ബൂട്ടിയക്ക് കാലിടറുമോ?

Published

|

Last Updated

കൊല്‍ക്കത്ത: ഏപ്രില്‍ 17ന് നടക്കുന്ന പശ്ചിമ ബംഗാളിലെ രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്ന മണ്ഡലമാണ് വടക്കന്‍ ബംഗാളിലെ ഡാര്‍ജിലിംഗ്. ശ്രദ്ധേയരായ വി വി ഐ പി സ്ഥാനാര്‍ഥികളെയാണ് ഇരു മുന്നണികളും രംഗത്തിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്ത് ആകസ്മികമായ പ്രകടനം കാഴ്ചവെച്ച ബൈച്ചുംഗ് ബൂട്ടിയയും ബംഗാള്‍ രാഷ്ട്രീയത്തിലെ സമുന്നത സി പി എം നേതാവ് അശോക് ഭട്ടാചാര്യയുമാണ് ഇവിടുത്തെ സ്ഥാനാര്‍ഥികള്‍. “വടക്കന്‍ ബംഗാളിന്റെ മുഖ്യമന്ത്രി”യെന്ന വിളിപ്പേരുള്ള ഭട്ടാചാര്യയെ നേരിടാന്‍ കളിക്കളത്തിലെ വീര്യമൊന്നും മതിയാകില്ലെന്ന് ബോധ്യമുള്ള ബൂട്ടിയ പ്രചാരണ രംഗത്ത് സജീവമാണ്.
2011ല്‍ ആഞ്ഞടിച്ച “തൃണമൂല്‍ കാറ്റില്‍” രാഷ്ട്രീയ പെരുമ നഷ്ടമായ ഭട്ടാചാര്യക്കാകട്ടെ അത് തിരിച്ചുപിടിക്കാനുള്ള കച്ചിതുരുമ്പാണ് ഈ തിരഞ്ഞെടുപ്പ്. വികസന രംഗത്ത് ഏറെ മുന്നോട്ടുഗമിച്ച മണ്ഡലത്തില്‍ മമതയോടുള്ള ജനങ്ങളുടെ മമത നഷ്ടമായില്ലെന്ന വിശ്വാസത്തിലാണ് ബൂട്ടിയ. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലൂടെ ബൂട്ടിയയെ കളത്തിന് പുറത്താക്കാമെന്ന കണക്കുകൂട്ടലിലാണ് ഭട്ടാചാര്യ. 2011ലെ ആഘാതം സിലിഗുരി മേയര്‍ പദവിയിലെത്തി ഭാഗികമായി ഭട്ടാചാര്യ തിരിച്ചുപിടിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കന്നി മത്സരത്തിനിറങ്ങിയ ബൂട്ടിയ തോറ്റുകൊണ്ടാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. എന്നാല്‍, ശക്തമായ മത്സരത്തിന് വീണ്ടും ഗ്രൗണ്ടിലിറക്കി ആത്മവീര്യം നല്‍കാനാണ് തൃണമൂല്‍ “ക്യാപ്റ്റന്‍” ഭട്ടാചാര്യക്കെതിരെ ബൂട്ടിയയെ രംഗത്തിറക്കിയത്.
“സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലാ”ണ് രാഷ്ട്രീയ അങ്കത്തേയും ബൂട്ടിയ കാണുന്നത്. “രാഷ്ട്രീയമായി ഒരുപാട് അനുഭവമുള്ളയാളാണ് ഭട്ടാചാര്യ എന്നറിയാം, പക്ഷേ ഇതൊരു പുതിയ കളിയാണ്. പുതിയ തിരഞ്ഞെടുപ്പാണ്. തങ്ങളുടെ ഭാവിയെന്താകണമെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട്. അതെന്തായാലും പഴയ കാലത്തുണ്ടായത് ആവര്‍ത്തിക്കണമെന്നതാകില്ല” -ബൂട്ടിയ പറയുന്നു.
എന്നാല്‍, എതിര്‍ സ്ഥാനാര്‍ഥിയോട് പുച്ഛ മനോഭാവാണ് ഭട്ടാചാര്യക്ക്. ബൂട്ടിയയെ ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് ഭട്ടാചാര്യ പറയുന്നത്. ബൂട്ടിയയെ ഗൗരവത്തിലെടുക്കുന്നില്ലെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വീണ്ടും തോല്‍ക്കാനാണ് ബൂട്ടിയയുടെ വരവെന്ന് ഭട്ടാചാര്യ പറയുന്നു.

---- facebook comment plugin here -----

Latest