ഭാഷയറിയാത്ത സംഗീത സംവിധായകര്‍ പാട്ടുമുറിച്ച് കൂട്ടിക്കെട്ടുന്നു: വയലാര്‍ ശരത്ചന്ദ്ര വര്‍മ

Posted on: April 7, 2016 6:30 pm | Last updated: April 7, 2016 at 6:30 pm
SHARE
വയലാര്‍ ശരത്ചന്ദ്ര വര്‍മ, ഗായകന്‍ നിഷാദ്, ചാന്‍സ് ഭാരവാഹികള്‍  വാര്‍ത്താ സമ്മേളനത്തില്‍
വയലാര്‍ ശരത്ചന്ദ്ര വര്‍മ, ഗായകന്‍ നിഷാദ്, ചാന്‍സ് ഭാരവാഹികള്‍
വാര്‍ത്താ സമ്മേളനത്തില്‍

ദോഹ: ഭാഷയറിയാത്ത സംഗീത സംവിധായകര്‍ അനവസരങ്ങളില്‍ പാട്ടു മുരിച്ച് ചിട്ടപ്പെടുത്തുന്ന കാലമാണിതെന്നും സംഗീത പ്രാധാന്യമുള്ള മെലഡികളിക്ക് മലയാള സിനാമാഗാനരംഗം മെല്ലെ തിരിച്ചു പോകുന്നുണ്ടെന്നും ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ. ചങ്ങനാശ്ശേരി എന്‍ എസ് എസ് കോളെജ് അലുംനി അസോസിയേഷന്‍ (ചാന്‍സ് ഖത്വര്‍) സംഘടിപ്പിക്കുന്ന സംഗീത പരിപാടി, ‘ഉപാസന വയലാര്‍ ശരത്ചന്ദ്രവര്‍മയോടൊപ്പം’ പരിപാടിക്കെത്തിയ അദ്ദേഹം സംഘാടകരോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുയായിരുന്നു. വലയാര്‍ രാമവര്‍മയുടെ മകനാണ് ശരത്ചന്ദ്ര വര്‍മ.
സംഗീതത്തിനൊത്ത് എഴുതുകയെന്നത് പലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. എഴുതുമ്പോള്‍ മനസ്സില്‍ കണ്ട സംഗീതം ചോദിച്ച് ഈണമിടുന്നവരുണ്ട്. എന്നാല്‍ അത്തരക്കാര്‍ അപൂര്‍വമാണ്. പുരുഷനും സ്ത്രീയും ഇണചേരാതെ കുഞ്ഞുണ്ടാകുന്നതു പോലെയാണ് ഇന്നത്തെ സംഗീതം. പാടുന്ന ആണും പെണ്ണും ഓര്‍കസ്ട്രയുമെല്ലാം പല ദിക്കുകളിലായിരിക്കും. അവ പിന്നീട് സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്. വയലാര്‍ മരിച്ച് നാല്‍പ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹത്തിനുള്ള ഓര്‍മക്കുറിപ്പുകളായി ഇത്തരം പരിപാടികള്‍ അവതരിപ്പിക്കപ്പെടുകയാണെന്ന് വയലാര്‍ ശരത്ചന്ദ്ര വര്‍മ പറഞ്ഞു.
നാളെ വൈകുന്നേരം ആറിന് ബിര്‍ള പബ്ലിക്ക് സ്‌കൂളിലാണ് ഉപാസന നടക്കുക. വയലാര്‍ രാമവര്‍മയുടേയും വയലാര്‍ ശരത്ചന്ദ്ര വര്‍മയുടേയും തിരഞ്ഞെടുത്ത ഗാനങ്ങളാണ് അവതരിപ്പിക്കുന്നത്. ഒ എന്‍ വി കുറുപ്പിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ഏതാനും ഗാനങ്ങളും ആലപിക്കും. പിന്നണി ഗായകന്‍ നിഷാദും ഖത്വറിലെ ഗായകരുമാണ് ഗാനങ്ങള്‍ ആലപിക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗാനങ്ങളേയും അവയുടെ വരികളേയും എഴുതാനുണ്ടായ സാഹചര്യങ്ങളേയും കുറിച്ച് വയലാര്‍ ശരത്ചന്ദ്ര വര്‍മ വിശദീകരിക്കും. നിഷാദിനോടൊപ്പം ദോഹയിലെ ഗായകരായ റിയാസ് കരിയാട്, മണികണ്ഠന്‍, പ്രദീപ്, ജോസ്, മാലിനി, കൃഷ്ണ എന്നിവരാണ് പാടുക. സിംഗിംഗ് ബേര്‍ഡ്‌സ് ഓര്‍കസ്ട്രയാണ് സംഗീതമൊരുക്കുന്നത്. ഗായകന്‍ നിഷാദ്, ചാന്‍സ് പ്രസിഡന്റ് ബിന്ദു ഫിലിപ്പ്, സെക്രട്ടറി ഗിരിധരന്‍ നായര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here