2011ലെ തിരഞ്ഞെടുപ്പ്: 687 പേര്‍ക്ക് കെട്ടിവെച്ച കാശുപോയി; ഖജനാവിലെത്തിയത് 59 ലക്ഷം

Posted on: April 7, 2016 5:40 am | Last updated: April 7, 2016 at 12:41 am
SHARE

കൊച്ചി: 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലുമായി 971 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇവരില്‍ 687 പേര്‍ക്കും കെട്ടിവച്ച കാശുപോയി. ഈയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് 59.25 ലക്ഷം രൂപയാണ്. ദേശീയ കക്ഷികളില്‍പെട്ട സ്ഥാനാര്‍ഥികളായ 256 പേര്‍ക്ക് കെട്ടിവച്ച കാശുപോയപ്പോള്‍ മറ്റ് പാര്‍ട്ടികളില്‍ പെട്ട 140 പേര്‍ക്കും സ്വതന്ത്രന്മാരായ 291 പേര്‍ക്കും ജാമ്യസംഖ്യ നഷ്ടമായി. എന്നാല്‍ സംസ്ഥാന കക്ഷികളില്‍പെട്ട ഒരു സ്ഥാനാര്‍ഥിക്കും ഈ ഗതികേടുണ്ടായില്ല.
ജാമ്യസംഖ്യ നഷ്ടപ്പെടാതിരുന്ന മൂന്ന് ദേശീയകക്ഷികള്‍ സി പി എം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, എന്‍ സി പി എന്നിവ മാത്രമാണ്. ഈ കക്ഷികള്‍ യഥാക്രമം 84, 81, നാല് സ്ഥാനാര്‍ഥികളെ വീതമാണ് രംഗത്തിറക്കിയത്. ഇവരില്‍ യഥാക്രമം 45, 38, രണ്ട് പേര്‍ വീതം വിജയം കണ്ടു.
138 സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയ ബി ജെ പിക്ക് 133 സീറ്റിലും ജാമ്യസംഖ്യ നഷ്ടമായി. 122 സീറ്റില്‍ മത്സരിച്ച ബി എസ് പിക്ക് ഒരു സീറ്റിലും ജാമ്യസംഖ്യ തിരിച്ചുപിടിക്കാനായില്ല. 27 സ്ഥാനാര്‍ഥികളുണ്ടായിരുന്ന സി പി ഐ.ക്ക് ഒരു സീറ്റിലാണ് ജാമ്യസംഖ്യ നഷ്ടമായത്. ഈ ആറു ദേശീയ കക്ഷികളുടേതായി മൊത്തം 456 സ്ഥാനാര്‍ഥികളാണ് രംഗത്തുണ്ടായിരുന്നത്. ദേശീയകക്ഷികളില്‍ നിന്ന് മാത്രം ഖജനാവിലേക്ക് ഈയിനത്തില്‍ ലഭിച്ചത് 21.30 ലക്ഷം രൂപയാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയില്‍ 79 പേര്‍ക്കാണ് തുക നഷ്ടമായത്. 122 പേര്‍ പത്രിക നല്‍കിയ ഇവിടെ 13 പത്രികകള്‍ തള്ളിയിരുന്നു. 109 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഈയിനത്തില്‍ 6.65 ലക്ഷം രൂപയാണ് ഖജനാവിലേക്ക് മുതല്‍ക്കൂട്ടിയത്. എറണാകുളം ജില്ലയില്‍ 107 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവരില്‍ 79 പേര്‍ക്കും തുക നഷ്ടമായി. അവിടെ പത്രിക നല്‍കിയിരുന്ന 126 പേരില്‍ 17 പേരുടെ പത്രികയാണ് തള്ളിപ്പോയത്. ഈയിനത്തില്‍ 7.15 ലക്ഷം രൂപ ഖജനാവിലേക്കു നല്‍കി എറണാകുളമാണ് ഇക്കാര്യത്തില്‍ സംസ്ഥാനത്ത് ഒന്നാമത്.
ഏറ്റവും കുറവ് സ്ഥാനാര്‍ഥികളുണ്ടായിരുന്ന വയനാട് ജില്ല ഈയിനത്തില്‍ 80000 രൂപമാത്രമാണ് ഖജാനിലേക്ക് സ്വരുക്കൂട്ടിയത്. 17 പേര്‍ മത്സരിച്ച അവിടെ 11പേര്‍ക്കും ജാമ്യസംഖ്യ കിട്ടിയില്ല. 36 സ്ഥാനാര്‍ഥികള്‍ മത്സരിച്ച കാസര്‍ഗോഡ് ജില്ലയില്‍ 25 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 71ല്‍ 49 പേര്‍ക്കും കോഴിക്കോട് 97ല്‍ 71 പേര്‍ക്കും മലപ്പുറത്ത് 97ല്‍ 65 പേര്‍ക്കും ജാമ്യസംഖ്യ നഷ്ടമായി. പാലക്കാട് ജില്ലയില്‍ 75 പേര്‍ മത്സരിച്ചതില്‍ 50 പേര്‍ക്കാണ് ജാമ്യത്തുക നഷ്ടമായത്. തൃശൂരില്‍ 84ല്‍ 58 പേര്‍ക്കും ഇടുക്കിയില്‍ 41ല്‍ 31 പേര്‍ക്കും കെട്ടിവച്ചകാശുപോയി.
കോട്ടയം ജില്ലയില്‍ 59 പേര്‍ മത്സരിച്ചതില്‍ 41 പേര്‍ക്കാണ് ജാമ്യത്തുക പോയത്. ആലപ്പുഴയിലിത് യഥാക്രമം 62ഉം 44ഉം ആണ്. പത്തനംതിട്ടയില്‍ മത്സരിച്ച 40പേരില്‍ 30 പേര്‍ക്കും കൊല്ലത്ത് 76 പേരില്‍ 54 പേര്‍ക്കും ജാമ്യസംഖ്യ തിരിച്ചുകിട്ടിയില്ല. ദേശീയകക്ഷികളുടെ സ്ഥാനാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ ജാമ്യസംഖ്യ നഷ്ടമായത് എറണാകുളത്താണ്. 27 സ്ഥാനാര്‍ഥികള്‍ക്കാണ് ഇവിടെ ജാമ്യത്തുക നഷ്ടമായത്. ഏറ്റവും കൂടുതല്‍ സ്വതന്ത്രര്‍ക്ക് കെട്ടിവച്ച കാശുപോയത് തിരുവനന്തപുരത്താണ് (41). വയനാട് മൂന്നു സ്വതന്ത്രര്‍ക്കും രണ്ട് മറ്റു പാര്‍ട്ടികളില്‍ പെട്ടവര്‍ക്കും ജാമ്യത്തുകപോയി. എറണാകുളത്ത് 19 മറ്റുപാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കും 33 സ്വതന്ത്രര്‍ക്കും കെട്ടിവച്ച കാശുപോയപ്പോള്‍ തിരുവനന്തപുരത്ത് മറ്റുപാര്‍ട്ടികളിലെ 15 സ്ഥാനാര്‍ഥികള്‍ക്കാണ് കെട്ടിവച്ച കാശുപോയത്.

LEAVE A REPLY

Please enter your comment!
Please enter your name here