സൈബര്‍ കുറ്റകൃത്യങ്ങളുടെ ഇരകള്‍ യുവാക്കള്‍

Posted on: April 6, 2016 8:27 pm | Last updated: April 6, 2016 at 8:27 pm

Most-popular-ways-less-technical-people-fall-victim-to-cybercriminalsദോഹ: സൈബര്‍ കുറ്റങ്ങള്‍ക്ക് കൂടുതല്‍ ഇരകളാകുന്നത് യുവാക്കള്‍. അത്യാധുനിക രീതിയിലാണ് സൈബര്‍ ക്രിമിനലുകള്‍ ആക്രമണം നടത്തുന്നതെന്നും സുരക്ഷാ ഏജന്‍സികള്‍ക്ക് പലപ്പോഴും മുന്‍കൂട്ടി തടയാന്‍ സാധിക്കില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൂടുതല്‍ കര്‍ക്കശ നടപടികള്‍ സ്വീകരിക്കുകയും ജാഗ്രത വര്‍ധിപ്പിക്കുകയുമാണ് ഏക പോംവഴി.
18നും 29നും ഇടയില്‍ പ്രായമുള്ളവരാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാകുന്നത്. എല്ലാ സമയത്തും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നവരായതും ഫ്രീ വൈ ഫൈക്ക് വേണ്ടി കൂടുതല്‍ തിരയുന്നവരായതും കൊണ്ടാണിത്. പൊതു സ്ഥലങ്ങളിലുള്ള വൈ ഫൈ കണക്ഷനുകള്‍ എല്ലായ്‌പ്പോഴും സുരക്ഷിതമാകണമെന്നില്ല. സുരക്ഷിതമല്ലാത്ത ഇന്റര്‍നെറ്റ് കണക്ഷനിലൂടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ അടക്കമുള്ളത് മോഷ്ടിക്കപ്പെട്ടേക്കാം. ഓണ്‍ലൈന്‍ ഷോപ്പിംഗ് തട്ടിപ്പുകള്‍ക്കും ഇരകളായേക്കാം. വ്യക്തിവിവരങ്ങള്‍ അടങ്ങിയ ഇ മെയിലുകളും മറ്റ് രേഖകളും ഒഴിവാക്കാത്തതിനാല്‍ ഈ പ്രായക്കാര്‍ സൈബര്‍ തട്ടിപ്പുകള്‍ക്ക് കൂടുതല്‍ ഇരകളാകും. ഉപേക്ഷിക്കുന്ന രേഖകള്‍ വേണ്ടവിധം കീറാത്തതിനാല്‍ എളുപ്പത്തില്‍ മേല്‍വിലാസവും മറ്റ് രഹസ്യവിവരങ്ങളും ശേഖരിക്കാം. പെട്ടെന്ന് തിരിച്ചറിയാനും സാധിക്കും.
തട്ടിപ്പ് സംബന്ധിച്ച് ബോധവാന്മാരല്ല എന്നതും പ്രധാന കാരണമാണ്. സംശയകരമായ ഇടപാടുകളോ അശ്രദ്ധമായ നിരക്ക് ഈടാക്കുമ്പോഴോ ബേക്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ് റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ സമയാസമയം പരിശോധിക്കുകയുമില്ല. അനധികൃതമായി ബാലന്‍സ് നഷ്ടപ്പെട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ ബേങ്ക്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എപ്പോഴും പരിശോധിക്കണം.
സ്വകാര്യ ബേങ്ക് അക്കൗണ്ടു വിവരങ്ങള്‍ മാത്രമല്ല സൈബര്‍ ആക്രമണങ്ങളിലൂടെ മോഷ്ടിക്കുന്നത്. ഐ ഡി കാര്‍ഡ്, ലൈസന്‍സ് തുടങ്ങി വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ എന്തും മോഷ്ടിക്കപ്പെടുകയോ കോപ്പി എടുക്കാനോ സാധ്യതയുണ്ട്. അത്തരം സംശയം തോന്നിയാല്‍ അടിയന്തരമായി അധികൃതരെ അറിയിക്കുകയാണ് വേണ്ടത്. അഡ്വാന്‍സ്ഡ് സൈബര്‍ ക്രൈം, സൈബര്‍ ഇനാബ്ള്‍ഡ് ക്രൈം എന്നിങ്ങനെ സൈബര്‍ കുറ്റങ്ങളെ വിദഗ്ധര്‍ തരംതിരിച്ചിട്ടുണ്ട്. കംപ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍, സോഫ്റ്റ്‌വേര്‍ എന്നിവക്ക് നേരെയുള്ള അത്യാധുനിക ആക്രമണമാണ് ആദ്യത്തെത്. തീവ്രവാദം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് ചെയ്യുന്നതാണ് രണ്ടാമത്തേത്.