Connect with us

Wayanad

ഹൈക്കോടതിക്ക് മുമ്പില്‍ ആദിവാസി ഗോത്രസഭ പൗരാവകാശ സഭ സംഘടിപ്പിക്കും

Published

|

Last Updated

കല്‍പ്പറ്റ: പോക്‌സോ നിയമത്തിന്റെ പേരില്‍ ജയിലിലടച്ച ആദിവാസികളെ വിട്ടയക്കണമെന്നവശ്യപെട്ട് 19ന് ഹൈക്കോടതിക്ക് മുന്നില്‍ ആദിവാസി ഗോത്രസഭ പൗരവകാശസഭ സംഘടിപ്പിക്കുമെന്ന് ജനാധിപത്യ ഊര് വികസന മുന്നണി കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുട്ടികള്‍ക്കും, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കെതിരെയും വര്‍ധിച്ചുവരുന്ന ലൈംഗിക അക്രമണത്തിന്റെ പശ്ചാതലത്തില്‍ 2013 ല്‍ പാസാക്കിയ പോക്‌സോ നിയമത്തിന്റെ മറപിടിച്ച് ആദിവാസി-ദലിത് വിഭാഗങ്ങളെ ജയിലിലടക്കുന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് പൗരവകാശസഭ സംഘടിപ്പിക്കുന്നത്.
പാരമ്പര്യ രീതികളുടെ ഭാഗമായി നിയമാനുസൃതം പ്രായപൂര്‍ത്തിയാകാത്ത ആദിവാസി യുവതീ-യുവാക്കള്‍ വൈവാഹിക ബന്ധത്തില്‍ ഏര്‍പെടാറുണ്ട്. ഇത്തരം കേസുകള്‍ പോക്‌സോ നിയമത്തിന്റെ പരിധിയില്‍ ഉള്‍പെടുത്തി ആധിവാസി യുവാക്കളെ അറസ്റ്റു ചെയ്യുന്നു.
പിന്നീട് ഇവര്‍ക്ക് യാതൊരു തരത്തിലുമുള്ള നിയമപദേശവും നീതിനിര്‍വഹണവും ലഭിക്കുന്നില്ല. ഇത്തരത്തിലുള്ള കേസുകളില്‍ പെട്ടവര്‍ക്ക് 20 വര്‍ഷം കഴിഞ്ഞാല്‍ പോലും കുറ്റപത്രം നല്‍കാറില്ല. ആദിവാസികളും ദളിതരും പരാതിക്കാരായലും കുറ്റരോപിതരായാലും പോലീസും കോടതിയും വിഭാഗീയമായി പെരുമാറുകയും ഇവര്‍ക്കെതിരെയുള്ള കേസുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വിചാരണ നടത്തി പോലീസും കോടതിയും ചേര്‍ന്ന് ആദിവാസികളെ ജയിലില്‍ അടക്കുകയാണെന്ന് ആദിവാസി ഗോത്ര സഭ ആരോപിച്ചു.
മുത്തങ്ങ സംഭവത്തില്‍ നൂറുകണക്കിന് ആദിവാസി കുട്ടികളെ ജയിലിലടച്ചിട്ടും ഒരു പോലീസുകാരന്റെയോ ജയിലില്‍ അടക്കാന്‍ ഉത്തരവിട്ട ജഡ്ജിയുടെ പേരിലോ ജുവനൈല്‍ ജസ്റ്റിസ് നിയമം ലംഘിച്ചതിന്റെ പേരില്‍ കേസെടുത്തിട്ടില്ല. കേരളത്തിലെ ജയിലുകളില്‍ റിമാന്‍ഡ് പ്രതികളില്‍ 80 ശതമാനവും ആദിവാസികളും ദളിതരുമാണ്. ആദിവാസി പെണ്‍കുട്ടികളെ കെട്ടിയിട്ട് പീഢനത്തിനിരയാക്കിയ കേസില്‍ പോലും യഥാര്‍ഥ പ്രതികളെ പോലീസ് അറസ്റ്റു ചെയ്തിട്ടില്ല. അവിവാഹിത അമ്മമാര്‍ എന്ന ഓമന പേരില്‍ പോലീസ് പ്രചരിപ്പിക്കുന്ന നൂറ് കണക്കിന് കേസുകളില്‍ ഒന്നില്‍ പോലും ബലാല്‍സംഗത്തിന് കേസെടുത്തിട്ടില്ല. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്നതിനുള്ള നിയമം 1989 വന്നതിനു ശേഷം പോലും എസ്‌സി/എസ്ടി അതിക്രമ കേസുകളില്‍ 98 ശതമാനം ഉന്നത ജാതികാരായ പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് 19ന് ഹൈക്കോടതിക്ക് മുന്നില്‍ പൗരവകാശ സഭ സംഘടിപ്പിക്കുന്നത്.
ഈ വരുന്ന തിരഞ്ഞെടുപ്പില്‍ ഗോത്രമഹസഭയോ ജനാധിപത്യ ഊര് വികസന സമിതിയോ മത്സര രംഗത്തില്ല. സി കെ. ജാനു ബത്തേരി മണ്ഡലത്തില്‍ ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതില്‍ ഗോത്രമഹസഭയോ ജനാധിപത്യ ഊര് വികസന സമിതിയോ യാതൊരു പിന്തുണയും നല്‍കില്ല. പണിയ സമുദായക്കാര്‍ പോലുള്ള അവഗണിക്കപ്പെടുന്നവരുടെ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി മത്സരരംഗത്തുള്ളവര്‍ക്ക് ഊര് വികസന സമിതിയുടെ പിന്തുണയുള്ളുവെന്നും എം ഗീതാനന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനാധിപത്യ ഊര് വികസന മുന്നണി കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍, രമേശന്‍ കൊയാലിപ്പുര, വി തിരുവണ്ണുര്‍ എന്നിവര്‍ പങ്കെടുത്തു.

Latest