പനാമ രേഖകള്‍: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

Posted on: April 4, 2016 9:46 pm | Last updated: April 6, 2016 at 8:59 am

US-INDIA-ECONOMY-JAITLEYന്യൂഡല്‍ഹി: 500 ഇന്ത്യക്കാരുള്‍പ്പെട്ട പനാമ രേഖകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചു. ഇതിനായി പല അന്വേഷണ ഏജന്‍സികള്‍ ഏകോപിപ്പിച്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം അന്വേഷണം ആരംഭിച്ചതായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

സിബിഡിറ്റി, ആര്‍ബിഐഎഫ്‌ഐയു എന്നിവ ഏകോപിപ്പിച്ചാണ് ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. സംശയമുള്ള അക്കൗണ്ടുകള്‍ നിരന്തരമായി നിരീക്ഷിക്കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

വ്യാജ കമ്പനികളുടെ പേരില്‍ കള്ളപ്പണം നിക്ഷേപിക്കാന്‍ ഇടപാടുകാര്‍ക്ക് രേഖകള്‍ ഉണ്ടാക്കി നല്‍കുന്ന പനാമ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മൊസാക്കോ ഫോണ്‍സേക്ക. കമ്പനിയുടെ 11.5 ദശലക്ഷം നികുതി രേഖകളാണ് ചോര്‍ന്നിരിക്കുന്നത്.

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ഡിഎല്‍എഫ് ഉടമ കെപി സിംഗ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി എന്നിവരുടെ പേരുകളാണ് കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്നത്.