ദോഹയിലേക്കുള്ള ടിക്കറ്റിന് ഇരട്ടിയിലധികം നിരക്ക്

Posted on: April 4, 2016 8:19 pm | Last updated: April 4, 2016 at 8:19 pm

qatar airwaysദോഹ: നാട്ടില്‍ നിന്നും ഖത്വറിലേക്ക് വിമാന ടിക്കറ്റു കിട്ടാനില്ല. ലഭ്യമായവക്ക് കൊല്ലുന്ന നിരക്ക്. നാട്ടില്‍ സ്‌കൂള്‍ അവധി ആരംഭിച്ചതോടെ കുടുംബങ്ങള്‍ ഗള്‍ഫിലേക്കു വരുന്നതു വര്‍ധിച്ചതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ന്നത്. കൊച്ചിയില്‍നിന്നും കോഴിക്കോടു നിന്നും ദോഹയിലേക്ക് നേരിട്ടുള്ള യാത്രക്ക് 1400 റിയാലിനു മുകളിലാണ് നിരക്ക്. കണക്ഷന്‍ വിമാനങ്ങള്‍ക്കും 1000നു മുകളില്‍ നല്‍കണം.
കഴിഞ്ഞ ഏതാനും മാസങ്ങളില്‍ തീരേ കുറഞ്ഞ നിരക്കില്‍ ലഭ്യമായിരുന്ന ടിക്കറ്റുകള്‍ക്കാണ് ഇരട്ടിയും രണ്ടിരട്ടിയുമൊക്കെയായി നിരക്ക് ഉയര്‍ന്നത്. ഇങ്ങോട്ടുള്ള എല്ലാ വിമാനങ്ങളും ഫുള്‍ ആണെന്നും യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചതാണ് നിരക്ക് ഉയരാന്‍ കാരണമായതെന്നും എയര്‍ലൈന്‍ വൃത്തങ്ങള്‍ പറയുന്നു. മെയ്മാസത്തിലും താരതമ്യേന ഉയര്‍ന്ന നിരക്കാണ് കാണിക്കുന്നത്. എന്നാല്‍ ഈ മാസം നാട്ടിലേക്കുള്ള ടിക്കറ്റുകള്‍ക്ക് നിരക്ക് സാധാരണമാണ്. മെയ് മധ്യത്തോടെ നാട്ടിലേക്കുള്ള നിരക്ക് ഉയരും.
ഈ മാസം 20ന് കൊച്ചിയില്‍നിന്നും ദോഹയിലേക്കുള്ള നേരിട്ടുള്ള ടിക്കറ്റ് ജെറ്റ് എയര്‍വേയ്‌സില്‍ 1460 റിയാലും ഖത്വര്‍ എയര്‍വൈയ്‌സില്‍ 2809 റിയാലുമാണ് നിരക്ക്. നേരിട്ടു സര്‍വീസുള്ള എയര്‍ എന്ത്യാ എക്‌സ്പ്രസില്‍ ടിക്കറ്റ് ലഭ്യമല്ല. കണക്ഷന്‍ യാത്രക്ക് ശ്രീലങ്കന്‍ വിമാനത്തില്‍ 1098, എയര്‍ അറേബ്യയില്‍ 1285, ഇത്തിഹാദ് 1392, എമിറേറ്റ്‌സ് 1477 റിയാല്‍ വീതമാണ് നിരക്ക്. ഏപ്രില്‍ 20ലും നേരിട്ടുള്ള വിമാന നിരക്കില്‍ വലിയ മാറ്റമില്ല. എന്നാല്‍ കണക്ഷന്‍ യാത്രാ നിരക്ക് എയര്‍ അറേബ്യ 711, ശ്രീലങ്കന്‍ 975 തോതിലേക്ക് താഴുന്നു. മാസാവസാനം വരെ ഇതേ നിലവാരം തുടരുന്നു.
കോഴിക്കോട്ടുനിന്ന് ദോഹയിലേക്ക് ഈ മാസം 20ന് നേരിട്ടുള്ള ജെറ്റ് എയര്‍വേയ്‌സിലെ നിരക്ക് 1425 റിയാലും ഖത്വര്‍ എയേര്‍വേയ്‌സില്‍ 2538 റിയാലുമാണ്. കണക്ഷന്‍ യാത്രക്ക് എമിറേറ്റില്‍ 1525, എയര്‍ അറേബ്യയില്‍ 1757 റിയാലും കാണിക്കുന്നു. മറ്റു വിമാനങ്ങളില്‍ ഇതിനേക്കാള്‍ ഉയര്‍ന്നതാണ് നിരക്കുകള്‍. ഈ മാസം മധ്യത്തിലും ഒടുവിലും കോഴിക്കോട്ടു നിന്നുള്ള നിരക്കുകളില്‍ വലിയ മാറ്റം സംഭവിക്കുന്നില്ല.
എന്നാല്‍ ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് ഈ മാസം 20ന് ഇത്തിഹാദില്‍ 457, ഒമാന്‍ എയറില്‍ 467 റിയാല്‍ തോതില്‍ കണക്ഷന്‍ യാത്രാ ടിക്കറ്റുകള്‍ ലഭിക്കുന്നു. നേരിട്ടുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് 567, ഖത്വര്‍ എയര്‍വേയ്‌സ് 616 റിയാലിനും ലഭിക്കും. ജെറ്റില്‍ പക്ഷേ ആയിരത്തിനു മുകളിലാണ് നിരക്ക്. ഈ മാസം 20ന് എക്‌സ്പ്രസില്‍ 503 റിയാലിന് കൊച്ചിയിലേക്കു ടിക്കറ്റ് ലഭിക്കുന്നു. ഖത്വര്‍ എയര്‍വേയ്‌സില്‍ 567 റിയാലാണ് നിരക്ക്.
കോഴിക്കോട്ടേക്ക് ഈ മാസം 10ന് എക്‌സപ്രസില്‍ 658 റിയാലിനു യാത്ര ചെയ്യാം. ഖത്വര്‍ എയര്‍വേയ്‌സില്‍ പക്ഷേ 1407 റിയാലാണ് നിരക്ക്. 462 റിയാലിന് ഇത്തിഹാദിന്റെ കണക്ഷന്‍ വിമാനം ലഭിക്കും. ജെറ്റില്‍ 1317 റിയാല്‍ നല്‍കണം. വിമാനങ്ങളില്‍ ആയിരത്തോടടുത്താണ് നിരക്ക്. അടുത്ത മാസം മധ്യം പിന്നിടുന്നതോടെ ടിക്കറ്റ് നിരക്ക് ഉയരുന്നു. അവധിക്കാലത്ത് ഇവിടെയെത്തിയ കുടുംബങ്ങള്‍ തിരിച്ചു പോകുന്നതിന്റെ തിരക്കിലാണ് ടിക്കറ്റ് നിരക്കുയരുന്നത്.
അവധിക്കാലയാത്ര നേരത്തേ തീരുമാനിച്ചവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിച്ചിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു. കുടുംബങ്ങളിലധികവും നേരത്തേ ടിക്കറ്റെടുത്തുവെച്ചവരാണ്. ഇതോടെ യാത്രാ നിരക്കിന്റെ കെടുതി അനുഭവിക്കേണ്ടി വരുന്നത് പെട്ടെന്ന് യാത്ര നടത്തേണ്ടി വരുന്നവരും നേരത്തേ ടിക്കറ്റ് എടുത്തുവെക്കാന്‍ വിട്ടുപോയവരുമായ പ്രവാസികളാണ്. ടിക്കറ്റ്‌നിരക്ക് കുത്തനെ ഉയര്‍ന്നതു കണക്കിലെടുത്ത് യാത്ര ഉപേക്ഷിക്കുന്ന കുടുംബങ്ങളുമുണ്ട്. അതിനിടെ മുന്‍കാലങ്ങളെ അപേക്ഷിച്ച് രാജ്യത്തെ തൊഴില്‍ പിരിച്ചുവിടല്‍ ആനുകൂല്യം വെട്ടിക്കുറക്കല്‍ നടപടികളുടെ പശ്ചാത്തലത്തില്‍ കുടുംബങ്ങള്‍ വരുന്നതു കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.