രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടില്ല; എന്തുവന്നാലും മല്‍സരിക്കാനില്ലെന്നും ടിഎന്‍ പ്രതാപന്‍

Posted on: April 2, 2016 6:28 pm | Last updated: April 3, 2016 at 10:42 am

tn-prathapan-784.jpg.image.784.410

കൊച്ചി:സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവാദത്തിന് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍. കയ്പമംഗലത്ത് മല്‍സരിക്കണമെന്നാവശ്യപ്പെട്ട് താന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പിതൃശൂന്യമായ കത്താണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്തുവന്നാലും മല്‍സരത്തിനില്ല. ഇക്കാര്യം രാഹുല്‍ ഗാന്ധിയേയും സുധീരനേയും മുഖ്യമന്ത്രിയേയും അറിയിച്ചിട്ടുണ്ട്. താന്‍ കാരണം ഒരു യുവനേതാവിന്റേയും അവസരം നഷ്ടമാവില്ലെന്നും പ്രതാപന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയാണ് തന്നോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടത്. കയ്പമംഗലത്ത് മല്‍സരിക്കാനാണ് തന്നോട് ആവശ്യപ്പെട്ടത്. താന്‍ നിലപാടില്‍ ഉറച്ച് നിന്നെങ്കിലും പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ അദ്ദേഹം തന്നോട് ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി തീരുമാനം പുനഃപരിശോധിക്കുന്ന വേളയിലാണ് കത്ത് വാര്‍ത്ത പുറത്ത് വന്നത്. ഉടന്‍ തന്നെ അക്കാര്യം കെപിസിസി പ്രസിഡന്റ് വിഎം സുധീരനോട് അന്വേഷിച്ചുവെങ്കിലും അത്തരം കത്തൊന്നും രാഹുല്‍ യോഗത്തില്‍ വായിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

കയ്പമംഗലത്ത് സ്ഥാനാര്‍ഥിയായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് ശുഭ സുബിന്റേ പേര് താന്‍ തന്നെയാണ് നിര്‍ദേശിച്ചത്. എംഎല്‍എ ആയില്ലെങ്കിലും കയ്യേറ്റക്കാര്‍ക്കെതിരായ പോരാട്ടം തുടരും. വിഎം സുധീരന്റെ നിലപാടുകളെ തകര്‍ക്കാനാണ് പുതിയ ആരോപണങ്ങളെന്നും അദ്ദേഹത്തെ തകര്‍ക്കാനാകില്ലെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രതാപന്റെ കത്ത് വായിച്ചുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതാപന് കയ്പമംഗലം നല്‍കാന്‍ തീരുമാനമായെന്നും വാര്‍ത്തവന്നിരുന്നു. ഇതേത്തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പ്രതാപനെതിരെ രംഗത്ത് വന്നിരുന്നു. പ്രതാപന്റെ നിലപാട് പൊള്ളയാണെന്നും പ്രതാപന്റേത് വ്യാജ ആദര്‍ശവാദമാണെന്നും ഡീന്‍ ആരോപിച്ചിരുന്നു.

ALSO READ  അയോധ്യയില്‍ കോണ്‍ഗ്രസ് ക്യൂവിലാണ്