Connect with us

Kannur

ഓര്‍മകളില്‍ ശിരസ്സ് നമിച്ച് നികേഷ്

Published

|

Last Updated

കണ്ണൂര്‍: അഴിക്കോട്ടെ ഇടതു സ്വതന്ത്രനായ എം വി നികേഷ്‌കുമാറും തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി. ഇന്നലെ രാവിലെ കണ്ണൂരിലെത്തിയ നികേഷ് കുമാര്‍ സി പി എം ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെത്തി സി പി എം നേതാക്കളായ എം വി ജയരാജന്‍, എം പ്രകാശന്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അഴീക്കോട്ടേക്ക് തിരിച്ചത്. പ്രചാരണം തുടങ്ങും മുമ്പെ ഗാന്ധി സ്‌ക്വയറിലെ എ കെ ജി സ്തൂപത്തിലും പയ്യാമ്പലത്തെ എം വി രാഘവന്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ സ്മൃതി മണ്ഡപങ്ങളിലും നികേഷ് കുമാര്‍ പുഷ്പാര്‍ച്ചന നടത്തി.
പള്ളിക്കുന്നില്‍ അഴീക്കോടന്‍ രാഘവന്റെ ഭാര്യ മീനാക്ഷി ടീച്ചര്‍, കഥാകൃത്ത് ടി പദ്മനാഭന്‍ തുടങ്ങിയവരെയും സന്ദര്‍ശിച്ചു. പിന്നീടാണ് അഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിലായി നികേഷ് പ്രചാരണത്തിനെത്തിയത്. മാധ്യമപ്രവര്‍ത്തനത്തേയും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി നോക്കിക്കാണുന്ന ആളാണ് താനെന്നും എന്നാല്‍ ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകനായല്ല, മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചാണ് രാഷ്രട്രീയത്തിലിറങ്ങുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
മാധ്യമപ്രവര്‍ത്തനം രാഷ്ട്രീയപ്രവര്‍ത്തനമായി തന്നെയാണ് കണ്ടിരുന്നത്. രാഷ്ട്രീയത്തില്‍ നേരിട്ട് പ്രവര്‍ത്തിക്കണമെന്നു മനഃസാക്ഷി പറഞ്ഞതു കൊണ്ടാണു മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും നികേഷ് കുമാര്‍ പറഞ്ഞു. അഴീക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥിയായ കെ എം ഷാജി നല്ല സ്ഥാനാര്‍ഥിയാണ്. അദ്ദേഹത്തിനെതിരേ ജയം നേടാന്‍ തന്നെയാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയം തന്റെ രക്തത്തിലുള്ളതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രണ്ടാം തലമുറ നേതാക്കളില്‍ പ്രധാനിയായിരുന്നു അച്ഛന്‍ എം വി രാഘവന്‍. അച്ഛന്‍ പാര്‍ട്ടിയുമായി പിണങ്ങിപ്പിരിഞ്ഞ കാലഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തനം എന്ന കര്‍മ മണ്ഡലമാണ് താന്‍ തിരഞ്ഞെടുത്തത്. ഇത് ഒരു വഴിത്തിരിവാണ്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിന്ന് ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്ക് മാറാനുള്ള അവസരം. എന്നാല്‍ രാഷ്ട്രീയമായി ഇതുവരെ പുലര്‍ത്തിപ്പോന്ന നിലപാടുകളുടെ തുടര്‍ച്ച തന്നെയാണ് മനസ്സിലുള്ളതെന്നും നികേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലും കുറിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം കണ്ണൂരിലേക്കു വരുംവഴി വടകരയില്‍ താമസിക്കുന്ന സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെയും നികേഷ് കുമാര്‍ സന്ദര്‍ശിച്ചിരുന്നു.
നികേഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ വലിയ വിജയപ്രതീക്ഷയാണ് എല്‍ ഡി എഫിന് ലഭിച്ചിരിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. നികേഷിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ എല്‍ ഡി എഫിലോ സി പി എമ്മിലോ യാതൊരു അസ്വാരസ്യങ്ങളുമില്ല. ഏകകണ്ഠമായിട്ടാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി നികേഷിനെ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest