Connect with us

National

പൂവനും പിടയും പിന്നെ 140 അരിമണികളും

Published

|

Last Updated

വീട്ടിലെ പൂവന്‍ കോഴിക്ക് ഒരു കുസൃതിയുണ്ട്. മുട്ടയിടാനിരിക്കുന്ന പിടക്കോഴിയെ പ്രത്യേകമായി പരിചരിക്കുന്നത് കാണുമ്പോള്‍ അത് കലിതുള്ളി കൂവി കൊണ്ടിരിക്കും. പിടക്കോഴിയോടുള്ള സ്‌നേഹമാണെന്നാണ് ആദ്യം വീട്ടുകാരൊക്കെ കരുതിയത്. ഒരു ദിവസം കൂവിക്കൊണ്ടിരിക്കുന്ന പൂവന് കുറച്ച് അരിമണി വിതറി കൊടുത്തപ്പോഴല്ലേ സംഗതി മനസ്സിലായത്. പുള്ളിക്കാരന്‍ കൂവല്‍ നിര്‍ത്തിയെന്ന് മാത്രമല്ല, അരിമണി കൊത്താനെത്തിയ മുഴുവന്‍ പിടക്കോഴികളെയും കൊത്തി പറപ്പിക്കുകയും ചെയ്തു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പിടക്കോഴികള്‍ക്ക് വേണ്ടി കൂവിക്കൊണ്ടിരുന്ന പൂവന്‍ കോഴികളെല്ലാം നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അരിമണി കൊത്തിക്കൊണ്ടിരിക്കുന്ന തിരക്കിലാണ്. ആകെയുള്ള 140 അരിമണികള്‍ വീതം വെച്ച് കൊത്തിതിന്നാന്‍ തന്നെ കഴിയുന്നില്ല. അതിനിടയില്‍ പിടക്കോഴിക്ക് വേണ്ടി കൂവാന്‍ എവിടെ സമയം.
പിടക്കോഴിക്ക് അരിമണി കൊടുക്കുന്ന കാര്യത്തില്‍ പൂവന്‍ കോഴികള്‍ക്കെന്തൊരു ഈര്‍ഷ്യതയാണെന്നോ. അത് സ്ത്രീ “വിമോചന”ത്തിന് വേണ്ടി പോരാട്ടം നടത്തുന്ന ഇടതായാലും വനിത തന്നെ തലപ്പത്തുള്ള കോണ്‍ഗ്രസ് നയിക്കുന്ന വലതായാലും ശരി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വനിതാ ശാക്തീകരണത്തെ കുറിച്ചൊന്നും ആരും ഒന്നും പറയുന്നത് കേള്‍ക്കുന്നില്ല.
നിയമസഭയിലേക്കുള്ള അരിമണി “സംവരണ ചാക്കി”ല്‍ നിന്നെടുത്തതല്ലെന്നത് ശരി തന്നെ. പക്ഷേ അതൊരു ന്യായീകരണം ആക്കുന്നത് ശരിയാണോ?. സംവരണചാക്കില്‍ നിന്നായാലേ അരിമണി കൊടുക്കൂവെന്നതില്‍ ഒരു “ഇതില്ലായ്മ” ഇല്ലേ. കൊത്തിപ്പെറുക്കുന്നതിനിടയില്‍ തെറിച്ചുപോയ 16 അരിമണികള്‍, വിശപ്പ് സഹിക്കാനാകാത്ത ചില പിടക്കോഴികള്‍ക്ക് കിട്ടിയിട്ടുണ്ടെന്നതൊക്കെ നേരാണ്. ആരെങ്കിലും വാദിക്കാന്‍ വന്നാല്‍ ഇതൊരു പിടിവള്ളിയാക്കാമെന്ന് കരുതിയിരിക്കുകയാണ് മുതിര്‍ന്ന പൂവന്‍ കോഴികള്‍. എന്നാല്‍ തെറിച്ച അരിമണിയില്‍ പലതും അപ്പുറത്തെ വീട്ടിലെ പൂവന്‍ കോഴിക്കുള്ളതാണെന്ന് ഏറെക്കുറെ ഉറപ്പാണ്.
പാവം… തദ്ദേശത്തില്‍ അരിമണി കൊത്താന്‍ കാത്തിരുന്ന എത്ര പൂവന്‍ കോഴികളാണെന്നോ അഞ്ച് വര്‍ഷത്തേക്കുള്ള നോമ്പെടുത്ത് ഇരിക്കുന്നത്. ഈ അഞ്ച് വര്‍ഷത്തിനിടയില്‍ എന്തും സംഭവിക്കാം. കുറുക്കന്‍ കൊണ്ടുപോകാം, കോഴിക്കൂട് മാറി പോകാം, നല്ല “ഇറച്ചി”യുള്ള പൂവനാണെങ്കില്‍ പെരുന്നാളിനോ വിഷുവിനോ ക്രിസ്തുമസിനോ കറിവെക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അരിമണികിട്ടിയ പിടക്കോഴികളാകട്ടെ തൊണ്ടയില്‍ കുരുങ്ങിക്കളിക്കുകയാണ്. ഇപ്പോള്‍ മുട്ടയിടാനോ കോഴി കുഞ്ഞുങ്ങളെ നോക്കാനോ സമയം കിട്ടാത്ത വിഷമത്തിലാണത്രേ. എന്തായാലും അരിമണിയാണല്ലോ… കുരുങ്ങിയിട്ട് ഇറക്കാനും കഴിയുന്നില്ല വിശന്നിട്ട് തുപ്പാനും കഴിയുന്നില്ല.
അന്ന് അരിമണികിട്ടാതെ വിഷമിച്ച തദ്ദേശ പൂവന്മാരോട് സ്ത്രീ ശാക്തീകരണത്തിന്റെ സവിശേഷത വിളിച്ചോതിയ മണ്ഡല, ജില്ല, സംസ്ഥാന തല കോഴികള്‍ക്കിപ്പോള്‍ പിടക്കോഴികളെ കാണുന്നത് തന്നെ അലര്‍ജിയാണ്. പ്രത്യേകിച്ച് അരിമണി കൊടുക്കുന്ന കാര്യത്തില്‍. എന്തായാലും കാണികളായ ജനങ്ങള്‍ക്ക് ഒരു കാര്യം മനസ്സിലായി. പിടക്കോഴിക്ക് വേണ്ടിയുള്ള പൂവന്‍ കോഴികളുടെ കൂവലില്‍ ഒരു ആത്മാര്‍ഥതയുമില്ലെന്ന്. മറ്റുള്ളവരുടെ കാര്യത്തിലേ പിടക്കോഴി സ്‌നേഹമുള്ളൂ. സ്വന്തം അരിമണിയുടെ കാര്യമെത്തുമ്പോള്‍ മുന്നും പിന്നും നോക്കില്ല.
പിടക്കോഴികള്‍ക്ക് അരിമണി കൂടുതല്‍ കൊടുത്താല്‍ തൊണ്ടയില്‍ കുരുങ്ങി ആകെ അരക്ഷിതാവസ്ഥയാകുമെന്നത് പൂവന്‍ കോഴികള്‍ക്ക് ബോധ്യമായിട്ടുണ്ടെന്ന കാര്യവും വ്യക്തം. തൊണ്ടയില്‍ കുരുങ്ങിയ തദ്ദേശ അരിയുടെ കാര്യത്തിലൊരു തീരുമാനമായിട്ട് മണ്ഡലം അരി കൊത്തിപ്പെറുക്കാനെത്തിയാല്‍ മതിയെന്നാണ് പൂവന്‍കോഴികളുടെ നിലപാട്.

---- facebook comment plugin here -----

Latest