യുവാവിനെ ട്രെയിനില്‍ കെട്ടിയിട്ടു മര്‍ദിച്ച സംഭവം: മൂന്നു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Posted on: March 31, 2016 6:25 pm | Last updated: March 31, 2016 at 6:25 pm
അക്രമികള്‍ ട്രെയിന്‍ ജനാലയില്‍ കെട്ടിയിട്ട യുവാവ്‌
അക്രമികള്‍ ട്രെയിന്‍ ജനാലയില്‍ കെട്ടിയിട്ട യുവാവ്‌

ഇറ്റാര്‍സി(മധ്യപ്രദേശ്): അനുവാദം ചോദിക്കാതെ സഹയാത്രികന്റെ കുപ്പിവെള്ളം എടുത്തു കുടിച്ചതിന് യുവാവിനെ ട്രെയിനിന്റെ പുറത്ത് ജനലഴിയില്‍ തലകീഴായി തൂക്കിയിട്ടു മര്‍ദിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ ഒരു ആര്‍പിഎഫ് ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ജബല്‍പുര്‍ സ്വദേശിയായ സുമിത് കച്ചിയാണു ക്രൂരമായ ആക്രമണത്തിന് ഇരയായത്. ജബല്‍പുരിലെ പാടലിപുത്രയില്‍നിന്നു ലോകമാന്യതിലകിലേക്കു പോകവേയായിരുന്നു ഇദ്ദേഹത്തിനെതിരേ ആക്രമണം നടന്നത്. യാത്രക്കിടെ സഹയാത്രികനോട് അല്‍പം വെള്ളം തരാമോ എന്നു ചോദിച്ചെങ്കിലും ഇയാള്‍ വെള്ളം നല്‍കാന്‍ തയാറായില്ല. ദാഹം അസഹനീയമായപ്പോള്‍ അടുത്ത സീറ്റിലിരുന്ന കുപ്പിവെള്ളം എടുത്തുകുടിച്ചു. പാറ്റ്‌ന സ്വദേശികളായ വിക്കി, രവിപ്രസാദ്, ബല്‍റാം പ്രസാദ് എന്നിവരുടേതായിരുന്നു കുപ്പിവെള്ളം. പിന്നാലെ മൂവരുംചേര്‍ന്നു സുമിതിനെ എസ്-2 കോച്ചിനുള്ളില്‍ കെട്ടിയിട്ടു മര്‍ദിച്ചു. മര്‍ദനം അതിരുവിട്ടപ്പോള്‍ യാത്രക്കാര്‍ റെയില്‍വേ പോലീസിനെ വിവരം അറിയിച്ചു. എന്നാല്‍ അര്‍ധരാത്രി കഴിഞ്ഞിരുന്നതിനാല്‍ കോച്ചിനുള്ളില്‍ പോലീസ് ഉണ്ടായിരുന്നില്ല.

പുലര്‍ച്ചെ ഒരു സ്റ്റേഷനില്‍ ട്രെയിന്‍ എത്തി. കോച്ച് ആളൊഴിഞ്ഞ സ്ഥലത്തായതിനാല്‍ മൂവര്‍സംഘം യൂവാവിനെ പുറത്തിറക്കി ട്രെയിനിന്റെ ജനല്‍ അഴികളില്‍ തലകീഴായി ബന്ധിച്ചു വീണ്ടും മര്‍ദിക്കാന്‍ തുടങ്ങി. മര്‍ദനമേറ്റ് അലറിക്കരഞ്ഞ യുവാവിന്റെ ശബ്ദംകേട്ട് പോലീസും റെയില്‍വേസ്റ്റേഷനിലെ കച്ചവടക്കാരും ഓടിയെത്തി അഴികളില്‍നിന്നു കെട്ടഴിച്ചു യുവാവിനെ താഴെയിറക്കി. അവശനിലയിലായ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്നംഗസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഗൗരവമില്ലാത്ത വകുപ്പുകള്‍ പ്രകാരമായിരുന്നു മൂവര്‍ക്കുമെതിരേ കേസെടുത്തത്. എന്നാല്‍ സംഭവം വിവാദമായതോടെ ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനും കെട്ടിയിട്ടു മാരകമായി മുറിവേല്‍പ്പിച്ചതിനും സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചതിനും കേസെടുത്തു.