Connect with us

International

ഭീകരവാദത്തെ മതവുമായി ബന്ധിപ്പിക്കരുത്: മോദി

Published

|

Last Updated

ബ്രസല്‍സ്: ഒരു മതവും ഭീകരതയെ പ്രോത്‌സാഹിപ്പിക്കുന്നില്ലെന്നും അതിനാല്‍ ഭീകരതയെ മതവുമായി ബന്ധിപ്പിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന്  അദ്ദേഹം ആവശ്യപ്പെട്ടു. ബ്രസല്‍സില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, തീവ്രവാദത്തിന് മുന്നില്‍ ഇന്ത്യ കുമ്പിടില്ലെന്ന് വ്യക്തമാക്കി. തീവ്രവാദത്തെ തടയാന്‍ കഴിയാത്ത ഐക്യരാഷ്ട്ര സഭയുടെ പ്രസക്തി നഷ്ടപ്പെട്ടു വരികയാണെന്നും മോദി പറഞ്ഞു. ഭീകരവാദത്തിന്റെ ഭീഷണി നേരിടുന്നത് ഒരു രാജ്യം മാത്രമല്ല. മനുഷ്യവംശത്തിന് മുഴുവന്‍ ഭീകരത ഭീഷണിയാണെന്നും മോദി പറഞ്ഞു.

മോദി… മോദി വിളികള്‍ക്ക് നടുവില്‍ നിന്നാണ് ബ്രസല്‍സിലെ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ഹിന്ദിയില്‍ ഒരു മണിക്കൂറിലേറെ നീണ്ട പ്രസംഗത്തില്‍ ഭരണനേട്ടങ്ങളും ഭീകരവാദവും മോദി പ്രധാനവിഷയങ്ങളാക്കി. ബെല്‍ജിയത്തിന്റെ സഹകരണത്തോടെ ഇന്ത്യ നിര്‍മിച്ച ആര്യഭട്ട റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒബ്‌സര്‍വേഷണല്‍ സയന്‍സസ് (ആരീസ്) ഒപ്റ്റിക്കല്‍ ടെലിസ്‌കോപ്പ് മോദിയും ചാള്‍സ് മൈക്കളും ചേര്‍ന്ന് ഉദ്ഘാടനംചെയ്തു. ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ സ്ഥാപിച്ചിരിക്കുന്ന ഇത് ഏഷ്യയിലെ ഏറ്റവുംവലിയ ഒപ്റ്റിക്കല്‍ ദൂരദര്‍ശിനിയാണ്. നക്ഷത്രങ്ങളുടെയും അവയുടെ കാന്തികവലയത്തിന്റെയും ഘടന പഠിക്കുന്നതിനാണ് ഇതുപയോഗിക്കുക.

ബെല്‍ജിയവുമായുള്ള സഹകരണത്തിന് ആകാശംപോലും അതിരല്ലെന്ന് മോദിപറഞ്ഞു. ബെല്‍ജിയത്തിലെ വ്യവസായപ്രമുഖരുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ ഐ.ടി., അടിസ്ഥാനസൗകര്യമേഖലകളില്‍ നിക്ഷേപിക്കാന്‍ അദ്ദേഹം അവരെ ക്ഷണിച്ചു.
ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബല്‍ജിയത്തിലെത്തിയ പ്രധാനമന്ത്രി മാര്‍ച്ച് 22ന് ഭീകരാക്രമണം നടന്ന ബ്രസല്‍സ് വിമാനത്താവളം സന്ദര്‍ശിച്ചു. ഭീകരാക്രമണംനടന്ന മാല്‍ബീക് മെട്രോ സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് അദ്ദേഹം പുഷ്പചക്രം അര്‍പ്പിച്ചു. ആണവ സുരക്ഷാ ഉച്ചകോടിയില്‍ പങ്കെടുക്കാനായി നരേന്ദ്ര മോദി പിന്നീട് വാഷിങ്ടണിലേക്ക് തിരിച്ചു.