ഖത്വറില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് പ്ലാറ്റ്‌ഫോം

Posted on: March 30, 2016 9:02 pm | Last updated: April 1, 2016 at 8:23 pm

IoT-Graphicദോഹ: മേഖലയില്‍ തന്നെ ആദ്യമായി ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിച്ച് ഖത്വര്‍ മൊബിലിറ്റി ഇന്നൊവേഷന്‍സ് സെന്റര്‍ (ക്യു എം ഐ സി). സംരംഭകര്‍, സംരംഭങ്ങള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ലബീബ് എന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് പ്ലാറ്റ്‌ഫോമിന് തുടക്കമായത്. ഏത് വസ്തുവില്‍ നിന്നും ഉപകരണത്തില്‍ നിന്നുമുള്ള ഡാറ്റയുടെ സംഭരണവും ശേഖരണവുമാണ് ഇതെന്ന് ക്യു എം ഐ സി. സി ഇ ഒ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അദ്‌നാന്‍ അബു ദയ്യ പറഞ്ഞു.
എണ്ണ- വാതകം, ആരോഗ്യം, യൂട്ടിലിറ്റീസ് തുടങ്ങിയ നിരവധി വിപണി മേഖലകളുടെ വിപുലമായ സേവനം ഇതിലൂടെ ലഭിക്കും. പുതിയ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സര്‍വീസുകളും ആപ്ലിക്കേഷനുകളും കുറഞ്ഞ ചെലവില്‍ വികസിപ്പിക്കാനും ഇതിലൂടെ സാധിക്കും. 2009 മുതല്‍ ഈ പദ്ധതിയുമായി ക്യു എം ഐ സി പ്രവര്‍ത്തിക്കുന്നുണ്ട്. വയര്‍ലസ്സ് നെറ്റ്‌വര്‍കിലൂടെ സെന്‍സര്‍ ഡാറ്റ ശേഖരിച്ച് വ്യത്യസ്ത മേഖലകള്‍ക്കുള്ള സര്‍വീസിലേക്കും ആപ്ലിക്കേഷനിലേക്കും മാറ്റുന്നതാണ് യഥാര്‍ഥ ബിസിനസ് പദ്ധതി.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ശക്തമായ ബിസിനസ്സ് സ്രോതസ്സ് ആക്കുന്നതിന് സംരംഭകരെയും സ്റ്റാര്‍ട്ട്അപ്പുകളെയും ഗവേഷകരെയും മറ്റും തയ്യാറാക്കുകയാണ് ക്യു എം ഐ സിയുടെ കര്‍മപദ്ധതി. ഇതിലൂടെ പ്രാദേശിക ഡിജിറ്റല്‍ ബിസിനസ്സിലേക്ക് വാതില്‍ തുറക്കും. ഇതിന്റെ അന്താരാഷ്ട്ര മാനം ആശ്ചര്യപ്പെടുത്തുന്നതാണെന്നും ആഗോള ഉപയോക്താക്കള്‍ക്ക് നല്‍കാവുന്നതാണെന്നും ഡോ. അബു ദയ്യ പറഞ്ഞു.
തുടക്കത്തില്‍ സംരംഭകര്‍, സ്റ്റാര്‍ട്ടഅപ്പുകള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഇന്‍കുബേറ്റിംഗ് സെന്ററുകള്‍ തുടങ്ങിയവയെ ഉദ്ദേശിച്ചാണ് ലബീബ് പ്രവര്‍ത്തിക്കുക. തുടക്കഘട്ടത്തില്‍ സൗജന്യമായി ഉപയോഗിക്കാമെങ്കിലും വാണിജ്യ ഉപയോഗത്തിന് കുറച്ചുകഴിഞ്ഞ് നിരക്ക് ഈടാക്കും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അധിക വ്യവസായങ്ങളെയും രൂപകല്‍പ്പന ചെയ്യുന്ന വലിയ വിപണി ട്രെന്‍ഡ് ആയി ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് മാറും. 2025ഓടെ നാല് മുതല്‍ 11 വരെ ട്രില്യന്‍ ഡോളറിലേക്ക് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എത്തുമെന്നാണ് പ്രതീക്ഷ. കാര്യക്ഷമത, ഉത്പാദനക്ഷമത തുടങ്ങിയവ മെച്ചപ്പെടുത്തിയും പുതിയ സേവനങ്ങളും ബിസിനസ്സ് മാതൃകകളും അവതരിപ്പിച്ചും ആണ് ഇത് സാധ്യമാക്കുക. സ്വന്തം സേവനങ്ങളും ആപ്ലിക്കേഷനുകളും വികസിപ്പിക്കുന്നതിന് മൂന്നാം കക്ഷികള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് പ്ലാറ്റ്‌ഫോം തുടങ്ങാനും ക്യു എം ഐ സി തീരുമാനിച്ചിട്ടുണ്ട്. ഖത്വര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി പാര്‍ക്കിലാണ് ഖത്വറിലെ ആദ്യ ആര്‍ ആന്‍ഡ് ഡി സെന്റര്‍ ആയ ക്യു എം ഐ സി സ്ഥിതി ചെയ്യുന്നത്.

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്‌

ഉപകരണങ്ങള്‍, വാഹനങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ വസ്തുക്കളെ ഇലക്‌ട്രോണിക്‌സ്, സോഫ്റ്റ്‌വെയര്‍, സെന്‍സര്‍, നെറ്റ്‌വര്‍ക് കണക്ടിവിറ്റി എന്നിവയുമായി യോജിപ്പിച്ച് ഡാറ്റ ശേഖരിക്കാനും കൈമാറ്റം ചെയ്യാനും ഈ വസ്തുക്കളെ പര്യാപ്തമാക്കുന്ന സാങ്കേതികവിദ്യയാണ് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നത്.