ഹൃദയ ശസ്ത്രക്രിയ മെഡിക്കല്‍ രംഗത്തെ വെല്ലുവിളി: ഡോ. അബ്ദുല്‍ അസീസ്

Posted on: March 30, 2016 8:38 pm | Last updated: March 30, 2016 at 8:38 pm

Dr. Abdulaziz Photoദോഹ: മെഡിക്കല്‍ രംഗത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചികിത്സാ രീതിയാണ് ഹൃദശസ്ത്രക്രിയയെന്ന് വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ കാര്‍ഡിയാക് സര്‍ജറി വിഭാഗം തലവന്‍ ഡോ. അബ്ദുല്‍ അസീസ് അല്‍ ഖുലൈഫി. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുകയും വീണ്ടും ആരംഭിക്കുകയും ചെയ്യുന്ന അതി സങ്കീര്‍ണമായ പ്രവര്‍ത്തനമാണ് കാര്‍ഡിയാക് സര്‍ജന്‍മാര്‍ ചെയ്യുന്നത്. ഒരാളുടെ ജീവന് കൂടുതല്‍ കാലം ആയുസ്സ് ലഭിക്കുക എന്ന ഉദ്ദേശ്യത്തോടെ നിര്‍വഹിക്കുന്ന ഈ പ്രവര്‍ത്തനം അത്യധികം സൂക്ഷ്മതയോടെ നിര്‍വഹിക്കേണ്ട ജോലി കൂടിയാണ്. എങ്കിലും അതീവ താത്പര്യത്തോടെയാണ് ഓരോ ശസ്ത്രക്രിയയും ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
രോഗിയെ ഹാര്‍ട്ട് ലംഗ് മെഷീനുമായി ഘടിപ്പിക്കുന്നതോടെയാണ് ശസ്ത്രക്രിയയുടെ സങ്കീര്‍ണമായ ഘട്ടം ആരംഭിക്കുന്നത്. സമയത്തിനു പോലും അതീവപ്രധാന്യമുള്ള അതിസൂക്ഷ്മമായ പ്രവര്‍ത്തനമാണ് ഈ സമയത്തു വേണ്ടത്. ഹാര്‍ട്ട് ലംഗ് മെഷീന്‍ രോഗിയുടെ ഹൃദഗയത്തിന്റെ ശ്വാസോച്ഛ്വാസവും രക്തപ്രവാഹ പ്രവര്‍ത്തനവും ഏറ്റെടുക്കുന്ന ഘട്ടമാണിത്. സര്‍ജന്‍ രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുന്ന ഘട്ടത്തിലാണ് മെഷീന്‍ അല്‍പ സമയത്തേക്ക് ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. അയര്‍ലന്‍ഡിലെ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സില്‍ നിന്നും ശേഷം ഫ്രാന്‍സില്‍ കാര്‍ഡിയാക് സര്‍ജനായി പ്രവര്‍ത്തിച്ചും നേടിയെടുത്ത പരിജ്ഞാനങ്ങള്‍ തനിക്ക് ഈ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നു. 15 വര്‍ഷം യു കെയിലും അദ്ദേഹം ഈരംഗത്ത് പ്രവര്‍ത്തിച്ചു.
ശസ്ത്രക്രിയയുടെ സമയത്ത് ഓരോ സെക്കന്‍ഡുകളും അതിപ്രധാനമാണ്. സര്‍വ ഊര്‍ജങ്ങളെയും സന്നിവേശിപ്പിച്ചു കൊണ്ടും പ്രതീക്ഷ പുലര്‍ത്തിയുമാണ് ശസ്ത്രക്രിയ നടത്തേണ്ടത്. മുഴുവന്‍ സംശയങ്ങളും എല്ലാ ഭയവും മാറ്റിവെക്കണം. എങ്കില്‍ മാത്രമേ ഒരു സര്‍ജനു വിജയിക്കാന്‍ കഴിയൂ. ചില ശസ്ത്രക്രിയകര്‍ക്ക് 12 മണിക്കൂര്‍ വരെ സമയമെടുക്കാറുണ്ട്. എങ്കിലും ശസ്ത്രക്രിയ പൂര്‍ത്തിയാക്കി രോഗി ജീവിതത്തിലേക്കു തിരിച്ചു വരുന്നതോടെയാണ് അത് പൂര്‍ണതയിലെത്തുന്നത്. രോഗി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതു മുതല്‍ മുന്നൊരുക്കങ്ങളും ശസ്ത്രക്രിയയും ശേഷം ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നതു വരെയുള്ള ഒരു പരിചരണ ഘട്ടംകൂടിയാണിത്. ശസ്ത്രക്രിയക്കു ശേഷമുള്ള ഫോളോ അപ്പ് ചികിത്സയും പ്രധാനമാണ്. ശസ്ത്ക്രിയ വളരെ നേരത്തേ തീരുമാനിച്ചുവെച്ച് ചെയ്യാവുന്ന പ്രവര്‍ത്തനമല്ല പലപ്പോഴും. രോഗികള്‍ക്ക് അടിയന്തരമായി ചിലപ്പോള്‍ ശസ്ത്രക്രിയ വേണ്ടി വന്നേക്കും. മുന്‍ ഷെഡ്യൂളുകളെയെല്ലാം മാറ്റിവെച്ച് അറ്റന്ഡു ചെയ്യാന്‍ തയാറാകുമ്പോഴേ ഒരു രോഗിയെ രക്ഷിക്കാന്‍ കഴിയൂ. രോഗികള്‍ക്കു കൊടുക്കുന്ന മാനസിക ധൈര്യവും പിന്തുണയുമെല്ലാം ശസ്ത്രക്രിയയെയും സ്വാധീനിക്കുമെന്നും അദ്ദേഹം പറയുന്നു.