ഫേസ്ബുക്ക് പ്രണയം: വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍

Posted on: March 30, 2016 9:50 am | Last updated: March 30, 2016 at 9:50 am

arrestതൊടുപുഴ: ഫേസ് ബുക്ക് പ്രണയത്തെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് പിടിയില്‍. മഞ്ചേശ്വരം അസ്മ മന്‍സിലില്‍ താഹ മന്‍സൂറി(21)നെയാണ് സി ഐ ഷാജു ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. നഗരത്തിലെ അഭിഭാഷകന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് ഫേസ് ബുക്കിലൂടെ പ്രണയം നടിച്ച് പ്രതിയും രണ്ട് കൂട്ടാളികളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ ഈ സംഭവത്തില്‍ കുറച്ചുനാള്‍ മുമ്പ് വീട്ടുകാര്‍ താക്കീത് ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ രഹസ്യമായി സൂക്ഷിക്കുന്ന വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പെണ്‍കുട്ടി യുവാവിനൊപ്പം പോയപ്പോഴാണ് ഇത് വീട്ടുകാര്‍ മനസ്സിലാക്കുന്നത്. ഉടന്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കി. പ്രതിയെ മഞ്ചേശ്വരത്തെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ കാറും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.