Connect with us

Kerala

ത്രികോണ മത്സരത്തിന് നെഞ്ചിടിപ്പോടെ മുന്നണികള്‍

Published

|

Last Updated

>>തിരുവനന്തപുരം

ഡല്‍ഹിയില്‍ ഭരണം പിടിക്കുന്നവര്‍ക്ക് കേന്ദ്രവും ഭരിക്കാം. ഇന്ദ്രപ്രസ്ഥ ഉപശാലകളിലെ ഈ രാഷ്ട്രീയ വര്‍ത്തമാനം തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് വിലയിരുത്തുമ്പോള്‍ പലരും കടമെടുക്കാറുണ്ട്. ഡല്‍ഹിയുടെ കാര്യം കെജ്‌രിവാള്‍ വന്നതോടെ മാറി. ഇനി തിരുവനന്തപുരത്തെ സ്ഥിതി എന്താകുമെന്ന് കണ്ടറിയണം. മുന്നാക്കം, പിന്നാക്കം, വികസിതം, അവികസിതം, നഗരം, തീരദേശം തുടങ്ങി മണ്ഡല വിലയിരുത്തലിന് ആവശ്യം വേണ്ട ചേരുവകളാല്‍ സമ്പന്നമാണ് തലസ്ഥാന മണ്ഡലം. പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലഭിച്ചത് ബി ജെ പിക്കായതിനാല്‍ ഒരു ത്രികോണ മത്സരത്തിന്റെ പ്രതീതിയുണ്ടുതാനും.
കോണ്‍ഗ്രസിനായി കളത്തില്‍ മന്ത്രിയും സിറ്റിംഗ് എം എല്‍ എയുമായ വി എസ് ശിവകുമാര്‍. മാണിയോട് ഇടഞ്ഞ് യു ഡി എഫ് വിട്ടുവന്ന ജനാധിപത്യ കേരളാകോണ്‍ഗ്രസിലെ ആന്റണി രാജു എല്‍ ഡി എഫിനും. രാഷ്ട്രീയ പിച്ചില്‍ കന്നിക്കാരനായ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ബി ജെ പിക്കും കളത്തിലെത്തിയതോടെ മണ്ഡലത്തിനാകെ ത്രികോണ ചൂട്.
സുരേന്ദ്രന്‍പിള്ള കാത്തുവെച്ചത് ആന്റണിരാജു കൊണ്ടുപോയെന്നതാണ് എല്‍ ഡി എഫിലെ സ്ഥിതി. 2011ല്‍ ഈ മണ്ഡലത്തില്‍ എല്‍ ഡി എഫിനായി മത്സരിച്ച് തോറ്റത് വി സുരേന്ദ്രന്‍പിള്ളയായിരുന്നു. പി സി തോമസ് നയിച്ച ലയനവിരുദ്ധ കേരളാ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി. അതിനും മുമ്പ് 2006ല്‍ മത്സരിച്ച് ജയിച്ചിട്ടുമുണ്ട്. ജോസഫ് എല്‍ ഡി എഫ് വിട്ടപ്പോള്‍ കുറച്ചുകാലം മന്ത്രിയുമായി. 2006ല്‍ അവസാനനിമിഷം ആന്റണി രാജുവിനെ വെട്ടിയാണ് സുരേന്ദ്രന്‍പിള്ള സ്ഥാനാര്‍ഥിയാകുന്നത്. ഒരു കേസിനെ ചൊല്ലിയുണ്ടായ പോരിനെ തുടര്‍ന്നും.
പിളര്‍ന്ന് തളര്‍ന്ന ലയനവിരുദ്ധരുടെ ശേഷി ക്ഷയിച്ചെന്ന ബോധ്യത്തില്‍ തിരുവനന്തപുരം സീറ്റ് ഇത്തവണ സി പി എം ഏറ്റെടുക്കാന്‍ തീരുമാനിച്ചതാണ്. അപ്പോഴും പ്രതീക്ഷ കൈവിട്ടിരുന്നില്ല സുരേന്ദ്രന്‍പിള്ളക്ക്. അതിനിടെയാണ് മാണിയോട് ഇടഞ്ഞ് ഫ്രാന്‍സിസ് ജോര്‍ജും സംഘവും എല്‍ ഡി എഫിലെത്തുന്നത്. ഈ നീക്കത്തിന് ചുക്കാന്‍പിടിച്ച ആന്റണി രാജുവിന് സീറ്റ് കൊടുക്കാന്‍ സി പി എം തീരുമാനിച്ചതോടെ സുരേന്ദ്രന്‍പിള്ള ഔട്ട്.
ബി ജെ പിയില്‍ പല പേരുകള്‍ക്കൊടുവിലാണ് ശ്രീശാന്തിന്റെ വരവ്. ആദ്യം പരിഗണിച്ചത് ഒ രാജഗോപാലിനെ. അദ്ദേഹം നേമം ഉറപ്പിച്ചതോടെ അവസാനം വരെ സുരേഷ്‌ഗോപിയെ നിര്‍ത്താന്‍ നോക്കി. താരം വഴങ്ങാതെ വന്നതോടെ ബി ജെ പി നേതാക്കളില്‍ പലരെയും പരിഗണിച്ചു. തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ സന്നദ്ധനായ ശ്രീശാന്തിന് അവിടെ സീറ്റ് കൊടുക്കാന്‍ കഴിയാതെ വന്നതോടെയാണ് തിരുവനന്തപുരത്തേക്ക് പരിഗണിക്കുന്നത്. ബി ജെ പിയില്‍ അംഗത്വമെടുത്ത് ശ്രീശാന്ത് പ്രചാരണം തുടങ്ങി കഴിഞ്ഞു.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റും മറ്റു നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ അന്യദേശ വോട്ടര്‍മാര്‍ക്ക് ചെറുതല്ലാത്ത സ്വാധീനമുണ്ട്. ജോലി ആവശ്യാര്‍ഥം വടക്കേയറ്റം മുതല്‍ നഗരത്തിലേക്ക് കുടിയേറി സ്ഥിരതാമസമാക്കിയവര്‍ ഏറെയുണ്ട് മണ്ഡലത്തില്‍. വേളിയും പൂന്തുറയും ബീമാപ്പള്ളിയും ചേരുന്ന തീരദേശവും മണ്ഡലത്തിന്റെ ഭാഗം തന്നെ.
മന്ത്രിയെന്ന നിലയില്‍ അഞ്ചുവര്‍ഷം നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടാക്കി ജയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വി എസ് ശിവകുമാറിന്. നേരത്തെ മണ്ഡലത്തെ പ്രതിനിധീകരിച്ചതിന്റെ പരിചയത്തിനൊപ്പം ന്യൂനപക്ഷ വോട്ടുകള്‍ തനിക്ക് അനുകൂലമായി കേന്ദ്രീകരിക്കുമെന്ന് ആന്റണി രാജുവും കണക്ക് കൂട്ടുന്നു. ഭൂരിപക്ഷവോട്ടുകളില്‍ കണ്ണുവെക്കുന്ന ബി ജെ പി ശ്രീശാന്തിന്റെ സാന്നിധ്യത്തിലൂടെ യുവ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയുമെന്നും അവകാശപ്പെടുന്നു. എന്നാല്‍, ക്രിക്കറ്റ് വാതുവെപ്പ് ഉള്‍പ്പെടെ ഉയര്‍ന്ന ആരോപണങ്ങള്‍ വലിയ രീതിയില്‍ തിരിച്ചടിയാകുമെന്ന ആശങ്കയും ബി ജെ പിക്കുണ്ട്.
കരട് വോട്ടര്‍പട്ടികയില്‍ ആകെയുള്ള 190882 വോട്ടര്‍മാരില്‍ 98,409 സ്ത്രീകളും 92,473 പുരുഷന്മാരുമാണ്. വോട്ടര്‍പട്ടിക അന്തിമമായിട്ടില്ലാത്തതിനാല്‍ ഈ കണക്കില്‍ ഇനിയും മാറ്റങ്ങള്‍ വരും. 2011ല്‍ മണ്ഡലത്തില്‍ വി എസ് ശിവകുമാറിന് ലഭിച്ച ഭൂരിപക്ഷം 5352 വോട്ട്. ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ആയിരം വോട്ടിലധികം ലീഡ് ഒ രാജഗോപാല്‍ സ്വന്തമാക്കി.
തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ വാര്‍ഡ് കൂടുതല്‍ ബി ജെ പിക്ക് എങ്കിലും വോട്ട് കണക്കില്‍ മേല്‍ക്കൈ ലഭിച്ചത് ഇടത് മുന്നണിക്ക്. അഞ്ച് വര്‍ഷത്തിനിടെ മൂന്ന് കക്ഷികളോടും അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്ന് സാരം. 2011ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ വി എസ് ശിവകുമാര്‍ നേടിയത് 49,122 വോട്ട്. 43,770 വോട്ടാണ് എല്‍ ഡി എഫിനായി മത്സരിച്ച വി സുരേന്ദ്രന്‍പിള്ള നേടിയത്. ബി ജെ പി സ്ഥാനാര്‍ഥിയായി ഇറങ്ങിയ ബി കെ ശേഖര്‍ 11,519 വോട്ടും നേടി. എന്നാല്‍ ലോക്‌സഭാതിരഞ്ഞെടുപ്പോടെ സ്ഥിതി മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍നിന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ശശിതരൂര്‍ 39,027 വോട്ട് നേടിയപ്പോള്‍ രാജഗോപാല്‍ നേടിയത് 40,835 വോട്ട്. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാം മൂന്നാംസ്ഥാനത്തേക്ക് പോയി.
മണ്ഡല പുനര്‍നിര്‍ണയത്തിന് മുമ്പ് 2006 ല്‍ തിരുവനന്തപുരം വെസ്റ്റില്‍ എല്‍ ഡി എഫിലെ വി സുരേന്ദ്രന്‍പിള്ള 13193 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അതിന് മുമ്പ് 2001 ല്‍ യു ഡി എഫ് സ്ഥാനാര്‍ഥി ആയി എം വി രാഘവന്‍ 8381 വോട്ടുകള്‍ക്ക് വിജയിച്ചിട്ടുണ്ട്.
1996 ല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ആന്റണി രാജു 6894 വോട്ടിന്റെ ഭൂരിപക്ഷത്തിനും ജയിച്ചു. തിരുവനന്തപുരം നഗരസഭയിലെ 26 മുതല്‍ 30വരെയുളള വാര്‍ഡുകളും, 40 മുതല്‍ 47വരെയും 59, 60, 69 മുതല്‍ 75വരെയും, 77, 78, 80 വാര്‍ഡുകളും ചേരുന്നതാണ് മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം. ഇതില്‍ ആറു വാര്‍ഡുകളില്‍ മാത്രമാണ് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ജയിച്ചതെന്നത് മറ്റൊരു വസ്തുത.

---- facebook comment plugin here -----

Latest