സീറ്റ് വിഭജനം: പ്രമുഖരുടെ രാഷ്ട്രീയ ഭാവി തുലാസില്‍

Posted on: March 30, 2016 5:09 am | Last updated: March 30, 2016 at 12:10 am

തിരുവനന്തപുരം: മത്സരിക്കാന്‍ ഇടം ഇല്ലാതെ വന്നതോടെ കേരള രാഷ്ട്രീയത്തിലെ പ്രമുഖരില്‍ ചിലരുടെ രാഷ്ട്രീയ ഭാവി ഇരുളടയുന്നു. അനാരോഗ്യമാണ് കെ ആര്‍ ഗൗരിയമ്മക്ക് വിനയായതെങ്കില്‍ രാഷ്ട്രീയത്തിലെ നിരന്തരമുള്ള ചാഞ്ചാട്ടമാണ് പി സി ജോര്‍ജിനെ തിരിച്ചടിച്ചത്. ആര്‍ ബാലകൃഷ്ണപിള്ളയെ തിരിഞ്ഞ് കുത്തിയതാകട്ടെ പഴയ അഴിമതി കേസും. യു ഡി എഫില്‍ ജോണി നെല്ലൂരിനും സീറ്റുണ്ടാകില്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
ഗൗരിയമ്മ മത്സരിക്കില്ലെന്ന് നേരത്തെ അറിയിച്ചതാണെങ്കിലും തനിക്കൊപ്പമുള്ളവര്‍ക്കായി നാല് സീറ്റ് ചോദിച്ചിരുന്നു. ഒന്നെങ്കിലും കിട്ടുമെന്ന പ്രതീക്ഷ അവസാനം വരെ ഉണ്ടായിരുന്നു. ഒന്നുപോലും കിട്ടാതെ വന്നതോടെ ഗൗരിയമ്മ രൂപം നല്‍കിയ ജെ എസ് എസിന് ഇനി കേരള രാഷ്ട്രീയത്തിന്റെ ചരിത്ര രേഖയില്‍ മാത്രമാണ് ഇടം. ഇരുമുന്നണികളും കൈവിട്ട പി സി ജോര്‍ജ് ഒറ്റക്ക് മത്സരിച്ച് ശക്തിതെളിയിക്കാന്‍ ഒരുങ്ങുന്നു.
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി നാല് സീറ്റാണ് ഗൗരിയമ്മ ആവശ്യപ്പെട്ടിരുന്നത്. മത്സരിപ്പിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും നിര്‍ദേശിച്ചു. എ എന്‍ രാജന്‍ബാബു എന്‍ ഡി എയിലേക്കും കെ കെ ഷാജു കോണ്‍ഗ്രസിലേക്കും പോയതോടെ മത്സരിക്കാന്‍ നേതാക്കളില്ലെന്ന അവസ്ഥവന്നു. സത്യജിത്തിനൊപ്പമുള്ളവര്‍ ഗൗരിയമ്മയുമായി ഇടഞ്ഞ് നില്‍ക്കുകയുമാണ്. സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയായതോടെ അവര്‍ക്ക് നല്‍കാന്‍ സീറ്റില്ലെന്ന സ്ഥിതിയും വന്നു. സി പി ഐയില്‍ നിന്ന് രണ്ട് സീറ്റ് ഏറ്റെടുക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതാണ് ഗൗരിയമ്മക്ക് വിനയായത്.
ആര്‍ ബാലകൃഷ്ണപിള്ളയോട് പത്തനാപുരം മാത്രമെ നല്‍കാന്‍ കഴിയൂവെന്ന് നേരത്തെ തന്നെ സി പി എം വ്യക്തമാക്കിയതാണ്. ചവറ, ഇരവിപുരം, ആറന്മുള, ചെങ്ങന്നൂര്‍ സീറ്റുകളിലൊന്ന് നല്‍കിയാല്‍ മതിയെന്ന് വരെ പിള്ള പറഞ്ഞ് നോക്കിയെങ്കിലും മത്സരിപ്പിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഓര്‍ത്ത് സി പി എം ഈ നിര്‍ദേശം അംഗീകരിച്ചില്ല.
പൂഞ്ഞാറില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി പി സി ജോര്‍ജ് സ്വയംപ്രഖ്യാപിച്ച് രംഗത്ത് വന്നപ്പോള്‍ തന്നെ പ്രാദേശിക സി പി എം നേതൃത്വം എതിര്‍പ്പറിയിച്ചിരുന്നു. ജോര്‍ജിന് സീറ്റ് നല്‍കരുതെന്ന നിലപാടാണ് തുടക്കം മുതല്‍ പിണറായി വിജയന്‍ സ്വീകരിച്ചത്.
ആര്‍ ശെല്‍വരാജിനെ കൂറ്മാറ്റിയത് മുതല്‍ ലാവ്‌ലിന്‍ കേസില്‍ വരെ ജോര്‍ജ്ജ് നടത്തിയ ഇടപെടല്‍ ഇങ്ങനെയൊരു നിലപാടെടുക്കാന്‍ സി പി എമ്മിനെ പ്രേരിപ്പിച്ചു. ഘടക കക്ഷികളില്‍ ചിലര്‍ ജോര്‍ജിന് അനുകൂലമായി നിന്നെങ്കിലും ആരും സീറ്റ് വിട്ടുനല്‍കാന്‍ തയ്യാറായതുമില്ല.
കടന്നപ്പള്ളി രാമചന്ദ്രന് ജയിക്കാവുന്ന ഒരു സീറ്റ് എന്ന കോണ്‍ഗ്രസ് എസിന്റെ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. സി എം പി അരവിന്ദാക്ഷന്‍ വിഭാഗത്തിന് ചവറ സീറ്റ് ലഭിച്ചത് മാത്രമാണ് ആശ്വാസം. ഒരു സീറ്റെങ്കിലും വേണമെന്ന ഫോര്‍വേഡ് ബ്ലോക്കിന്റെ ആവശ്യവും തള്ളി.
യു ഡി എഫില്‍ പ്രധാനമായി ജോണി നെല്ലൂരിനാണ് സീറ്റില്ലാതെ പോകുന്നത്. അങ്കമാലിക്ക് വേണ്ടി ഇപ്പോഴും അദ്ദേഹം അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ വന്നാല്‍ ഉയര്‍ന്ന പദവിയെന്ന വാഗ്ദാനമാണ് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. ഒരു സീറ്റിന് വേണ്ടി കേരളാകോണ്‍ഗ്രസ് എം കടുംപിടുത്തം തുടരുന്ന സാഹചര്യമാണ് യു ഡി എഫിലെ സീറ്റ് വിഭജനം വൈകാന്‍ ഇടയാക്കുന്നത്.