Connect with us

Malappuram

ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കൊന്നു

Published

|

Last Updated

കൊളത്തൂര്‍: പുലാമന്തോള്‍ പാലൂര്‍ ആലഞ്ചേരി പൂരം എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന പാപ്പാനെ കൊന്നു. പത്തനംതിട്ട തിരുവല്ല ചുങ്കപ്പാറ കൊടുങ്ങല്‍ ബീച്ചനാട്ട് ഭാസ്‌കരന്റെ മകന്‍ പി ബി അനില്‍ കുമാര്‍ (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം.
ഇടഞ്ഞ ആനയെ ശാന്തനാക്കാന്‍ ശ്രമിക്കവേ ആന തുമ്പിക്കൈ കൊണ്ട് അനിലിനെ വരിഞ്ഞുമുറുക്കുകയായിരുന്നു. കൊമ്പിനും തുമ്പിക്കൈക്കുമിടയില്‍ അര മണിക്കൂറോളം അനില്‍കുമാര്‍ കുടുങ്ങിക്കിടന്നു. മറ്റ് പാപ്പാന്മാരുടെ സഹായത്തോടെ ഇയാളെ രക്ഷിച്ചെങ്കിലും മാലാപറമ്പ് എം ഇ എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ച് ഉച്ചക്ക് 12.30 ഓടെ മരിച്ചു.

പുലാമന്തോളില്‍ ഇടഞ്ഞ ആന തകര്‍ത്ത കാര്‍

പുലാമന്തോളില്‍ ഇടഞ്ഞ ആന തകര്‍ത്ത കാര്‍

തൃശൂര്‍ സ്വദേശിയുടെ വടക്കുംനാഥന്‍ ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. ഈ ആനക്ക് പുറമേ നാല് ആനകള്‍ ക്ഷേത്രം ഉത്സവ എഴുന്നള്ളിപ്പിന് ഉണ്ടായിരുന്നു. ഇടഞ്ഞ ആന ഏറെ നേരം അക്രമം അഴിച്ചുവിട്ടു. വഴിയോര കച്ചവട സ്ഥാപനങ്ങളും വാഹനങ്ങളും വൈദ്യുതി പോസ്റ്റുകളും മതിലുകളും തകര്‍ത്തു. നിരവധി വാഹനങ്ങള്‍ പൂര്‍ണമായും ചിലത് ഭാഗികമായും തകര്‍ന്നു. രണ്ട് കിലോമീറ്ററോളം റോഡില്‍ ഓടിയ ആന പുലാമന്തോള്‍ ജി വി എച്ച് എസ് എസിന്റെ വളപ്പില്‍ കയറി. പരീക്ഷ നടക്കുകയായിരുന്ന സ്‌കൂളില്‍ ആനയുടെ പരാക്രമത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളെ മൂന്നാം നിലയിലേക്ക് മാറ്റി.
പിന്നീട് മറ്റ് ആനകളുടെ പാപ്പാന്മാരും പോലീസും നാട്ടുകാരും ചേര്‍ന്ന് ആനയെ കയറുകളും മറ്റും ഉപയോഗിച്ച് നിയന്ത്രിച്ചു നിര്‍ത്തി. വൈകുന്നേരം മൂന്നോടെ തൃശൂരില്‍ നിന്നെത്തിയ എലിഫന്റ് സ്‌ക്വാഡ് വടവും മറ്റ് സാമഗ്രികളും ഉപയോഗിച്ച് ആനയെ തളക്കുകയായിരുന്നു. ആനയെക്കണ്ട് രക്ഷപ്പെടുന്നതിനിടെ വീണ് ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.