Connect with us

National

'ന്യൂജെന്‍' പ്രചാരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പിനോട് വിമുഖതയുള്ള “ന്യൂജെനറേഷന്‍” തലമുറയെ ബോധവത്കരിക്കാന്‍ വ്യത്യസ്ത പ്രചാരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിനോട് താത്പര്യമില്ലാത്ത ഒരു വിഭാഗം ജനങ്ങളെ ലക്ഷ്യംവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യത്യസ്തമായ ബോധവത്കരണ പരിപാടിയാണ് സംഘടിപ്പിക്കുന്നത്. ഉചിതമായ മാര്‍ഗത്തില്‍ സ്വാതന്ത്ര്യത്തോടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നാവശ്യപ്പെട്ട് വോട്ടര്‍മാരോട് നേരിട്ടും അല്ലാതെയുമായി കമ്മീഷന്‍ സന്ദേശം അയച്ചുതുടങ്ങിയിട്ടുണ്ട്.
യുവതലമുറയുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ യൂടൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തുന്നുണ്ട്. പോസ്റ്ററുകള്‍, മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ എന്നിവക്ക് പുറമെ ട്രാഫിക് സിഗ്നലുകളില്‍ അനൗണ്‍സ്‌മെന്റും അധികൃതര്‍ ഏര്‍പ്പെടുത്തി. യുവതലമുറയെ ആകര്‍ഷിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് ഇവ. തിരഞ്ഞെടുപ്പുകളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വനിത വോട്ടര്‍മാരെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണം ലക്ഷ്യംവെക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് തീയതിയും വോട്ടിംഗ് കേന്ദ്രവും അറിയിച്ചുകൊണ്ടുള്ള എസ് എം എസ് പദ്ധതിയെ കുറിച്ചും അധികൃതര്‍ ആലോചന തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള സംസ്ഥാനങ്ങളിലൊന്നായ പശ്ചിമ ബംഗാളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ പ്രചാരണ പരിപാടിയുമായി അധികൃതര്‍ രംഗത്തെത്തിയത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില 84.4 ശതമാനം ആയിരുന്നെങ്കില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 82.22 ആയി കുറഞ്ഞിരുന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 81.7 ആയിരുന്നു വോട്ടിംഗ് നില.
കൊല്‍ക്കത്തയടക്കമുള്ള നഗരങ്ങളില്‍ ബൂത്തിലേക്ക് പോകുന്നവരുടെ എണ്ണം കുറവുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. 294ല്‍ 114 മണ്ഡലങ്ങളിലും വോട്ടിംഗ് നില സംസ്ഥാന ശരാശരിയിലും താഴെയാണ്.
ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കുന്ന സെലിബ്രിറ്റികളെ പ്രചാരണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗിച്ചിട്ടുണ്ട്. വീരാട് കോഹ്‌ലിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുമ്പിലുള്ളത്.
വോട്ടിംഗ് ശതമാനം കൂട്ടാന്‍ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നൂതന മാര്‍ഗങ്ങള്‍ തേടുമ്പോള്‍ മുന്നണികളുടെ നെഞ്ചിടിപ്പ് വര്‍ധിക്കുകയാണ്. വോട്ടിംഗ് നില വര്‍ധിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം ആര്‍ക്ക് അനുകൂലമാകുമെന്നത് പ്രവചനാതീതമാണ്.

 

Latest