മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങള്‍: ആറാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി

Posted on: March 29, 2016 6:00 am | Last updated: March 29, 2016 at 12:06 am

supreme court1ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‌ലിം സ്ത്രീകളുടെ അവകാശങ്ങളും അവരുടെ പ്രശ്‌നങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട് ആറാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതോടൊപ്പം ബഹുഭാര്യത്വം, വിവാഹ മോചനം തുടങ്ങിയ വിഷയങ്ങളില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം തേടിയിട്ടുമുണ്ട്. ഇതുസംബന്ധമായി പഠനം നടത്താനായി നിയോഗിച്ച സമിതിയോടാണ് ഒന്നര മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരിക്കുന്നത്. മുസ്‌ലിംകളിലെ ബഹുഭാര്യത്വം മുത്വലാഖ് തുടങ്ങിയ വിഷയങ്ങള്‍ ചോദ്യംചെയ്ത് ശഅറാബാനു എന്ന യുവതി സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ഇതിന് മറുപടി അറിയിക്കാന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോടും കോടതി നിര്‍ദേശിട്ടിട്ടുണ്ട്.
ബ്രിട്ടീഷുകാരുടെ കാലത്ത് കൊണ്ടുവന്ന മുസ്‌ലിം വിവാഹ നിയമം റദ്ദാക്കണമെന്നും അത് ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നില്ലെന്നും അവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, സ്ത്രീകളുടെ അനന്തരാവകാശം, വിവാഹമോചനം, കുടുംബം, വിവാഹം തുടങ്ങിയവ വ്യക്തമാക്കുന്ന സ്ത്രീയും നിയമവും എന്ന റിപ്പോര്‍ട്ട് കഴിഞ്ഞവര്‍ഷം കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയത്തിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും ഈ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ നേരിട്ട് ഹാജരാക്കാനാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി നിര്‍ദേശിച്ചത്. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറും ജസ്റ്റിസ് യു യു ലളിതും അടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും അവരുടെ വീട്ടുകാരും തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നും മര്‍ദനത്തിനൊടുവില്‍ താന്‍ അബോധാവസ്ഥയിലാവുകയും മാരകമായി മുറിവേല്‍ക്കുകയും ചെയ്തിരുന്നുവെന്നും അഭിഭാഷകനായ അമിത് ഛദ്ധ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ശഅറാബാനു ആരോപിച്ചിരുന്നു. ഈ അവസ്ഥയില്‍ മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലി ഭര്‍ത്താവ് തന്നെ വിവാഹമോചനം ചെയ്യുകയായിരുന്നു.
മുത്വലാഖ് (മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലല്‍), ബഹുഭാര്യത്വം എന്നിവക്ക് അനുമതി നല്‍കുന്ന മുസ്‌ലിം വ്യക്തിനിയമത്തിലെ (ശരീഅത്ത്) സെക്ഷന്‍ രണ്ടിനുള്ള ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ശഅറാബാനുവിന്റെ ഹരജിയില്‍ ഈ മാസമാദ്യം സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു. മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച് നിലവില്‍ രണ്ട് കേസുകളാണ് സുപ്രിംകോടതിയുടെ മുമ്പിലുള്ളത്. ഒന്ന് ശഅറാബാനുവിന്റെ ഹരജി യും മറ്റൊന്ന് മുസ്‌ലിംസ്ത്രീകള്‍ വിവേചനം നേരിടുന്നുവെന്ന പരാതിയില്‍ കോടതി സ്വമേധയാ എടുത്ത കേസും. അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് (എ ഐ എം പി എല്‍ ബി), ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് എന്നീ കക്ഷികളും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. ഇസ്‌ലാമിക ശരീഅത്ത് പ്രകാരം മുന്നുത്വലാഖും ചൊല്ലപ്പെട്ട സ്ത്രീയെ അതേ ഭര്‍ത്താവിന് വീണ്ടും വിവാഹം കഴിക്കാന്‍ വളരെ നടപടിക്രമങ്ങളുണ്ട്. മറ്റൊരാള്‍ വിവാഹം കഴിച്ച് ആ ഭര്‍ത്താവ് ഉപേക്ഷിച്ച ശേഷമെ ആദ്യ ഭര്‍ത്താവിന് അവളെ സ്വീകരിക്കാന്‍ കഴിയൂ. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം കോടതി പരിശോധക്കണമെന്നും ശഅറാ ബാനു ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.