Connect with us

Gulf

അല്‍ ജസീറയില്‍ നിന്ന് 500 ജീവനക്കാരെ പിരിച്ചു വിടുന്നു

Published

|

Last Updated

ദോഹ : ഖത്വര്‍ ഉടമസ്ഥതയിലുള്ള അല്‍ ജസീറ ടെലിവിഷന്‍ നെറ്റ് വര്‍ക്കില്‍ നിന്നും 500 ജീവനക്കാരെ പിരിച്ചു വിടുന്നു. ജോലി നഷ്ടപ്പെടുന്നവരില്‍ അധികവും ദോഹയിലെ ആസ്ഥാനത്തു പ്രവര്‍ത്തിക്കന്നവരാണെന്ന് അല്‍ ജസീറ വൃത്തങ്ങള്‍ അറിയിച്ചു. വിവിധ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 4,500 ജീവനക്കാരില്‍ നിന്നാണ് 500 പേരെ ഒഴിവാക്കുന്നത്. കമ്പനിയുടെ 11 ശമതാനം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെടുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെയാണ് ജീവനക്കാര്‍ക്ക് കമ്പനിയുടെ പിരിച്ചുവിടല്‍ അറിയിപ്പു ലഭിച്ചത്. ഏറെ നാളുകളായി അല്‍ ജസീറയില്‍ പിരിച്ചു വിടല്‍ അഭ്യൂഹം പരന്നിരുന്നു. വര്‍ക്ക് ഫോഴ്‌സ് ഒപ്റ്റിമൈസേഷന്റെ ഭാഗമായാണ് ഏതാനും ജീവനക്കാരെ ഒഴിവാക്കുന്നതെന്നാണ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുസ്ഥഫ സോഗിന്റെ അഭിപ്രായം.
ലോകത്ത് മുന്‍നിര സ്ഥാപനങ്ങളിലെല്ലാം ഗുണകരമല്ലാത്ത ജീവനക്കാരെ ഒഴിവാക്കി ബിസിനസ് രീതികളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. അല്‍ ജസീറക്കും ഇതില്‍ നിന്നു മാറിനില്‍ക്കാനാകില്ല. മാധ്യമസ്ഥാപനങ്ങളില്‍ വലിയ മാറ്റങ്ങളാണ് വന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അല്‍ ജസീറയുടെ ബജറ്റ് നിയന്ത്രണം സംബന്ധിച്ച് വിശദീകരിക്കാന്‍ അദ്ദേഹം തയാറായില്ല. ഖത്വര്‍ ഗവണ്‍മെന്റ് സാമ്പത്തിക സഹായിത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമ സ്ഥാപനമാണ് അല്‍ ജസീറ.
എണ്ണവിലയിടിവിനെത്തുടര്‍ന്ന് രാജ്യത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് നിരവധി പേരെ പിരിച്ചുവിട്ടിരുന്നു. ഹമദ് മെഡില്‍ കോര്‍പറേഷന്‍, ഖത്വര്‍ പെട്രോളിയം തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നാണ് കൂടുതല്‍ പേര്‍ക്ക് ജോലി നഷ്ടമായി. ഖത്വര്‍ പെട്രോളിയത്തില്‍നിന്ന് ആയിരത്തോളം ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അറിയിച്ചിരുന്നു.
സിദ്‌റ മെഡിക്കല്‍ സെന്റര്‍, റാസ് ഗ്യാസ്, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്നും പിരിച്ചു വിടലുണ്ടായി. അല്‍ ജസീറയില്‍നിന്നും പിരിച്ചു വിടലുണ്ടാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അല്‍ ജസീറ അമേരിക്ക അടച്ചു പൂട്ടാന്‍ തീരുമാനിച്ചതോടെ അഭ്യൂഹം ശക്തമായി.
പിരിച്ചു വിടലിനു പുറമേ സര്‍ക്കാര്‍ ധന സഹയാത്തോടെ പ്രവര്‍ത്തിക്കുന്ന കതാറ, ഖത്വര്‍ ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റില്‍ കുറവു വരുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ വികസന പദ്ധതികളെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്.

Latest