കുറ്റിയാടി മണ്ഡലത്തില്‍ ഖത്വര്‍ പ്രവാസികളുടെ സ്ഥാനാര്‍ഥി

Posted on: March 28, 2016 8:37 pm | Last updated: March 29, 2016 at 6:39 pm
SHARE

Parakkal Abdullaദോഹ: പ്രവാസലോകത്തെ പൊതു പ്രവര്‍ത്തന രംഗത്തു നിന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തില്‍ ഇടം നേടിയ പാറക്കല്‍ അബ്ദുല്ല ഗള്‍ഫിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ നിറയുന്നു. ഖത്വറിലെ പ്രവാസി മലയാളികള്‍ക്ക് സുപരിചിതനായ കെ എം സി സി മുന്‍ ജന. സെക്രട്ടറിയുടെ പേര് തുടക്കംമുതലേ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും ഇന്നലെ മുസ്‌ലിംലീഗ് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ പ്രവാസികള്‍ക്കിടയില്‍ പ്രചാരണവും സജീവമായി. കുറ്റിയാടി മണ്ഡലത്തിലാണ് ദീര്‍ഘകാലത്തെ ഖത്വര്‍ പ്രവാസിയായ അബ്ദുല്ല ജനവിധി തേടുന്നത്.
പ്രവാസി മലയാളികളോട് പാര്‍ട്ടി കാണിക്കുന്ന ആഭിമുഖ്യമാണ് പാറക്കലിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ വ്യക്തമാകുന്നതെന്ന് കെ എം സി സി ഖത്വര്‍ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് എസ് എ എം ബഷീര്‍ പ്രതികരിച്ചു. പ്രവാസജീവിതം നയിച്ചയാള്‍ എന്ന നിലയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുന്നതിന് അദ്ദേഹത്തിനു സാധിക്കും. ജയസാധ്യതയും ജനപിന്തുണയും പരിഗണിച്ചാണ് പാര്‍ട്ടി സ്ഥനാര്‍ഥിയെ നിശ്ചയിച്ചത്. അബ്ദുല്ലയുടെ വിജയത്തിനു വേണ്ടി കെ എം സി സി പ്രചാരണ പരിപാടികള്‍ നടത്തുമെന്നും കുറ്റിയാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രവര്‍ത്തനം നടത്തുമെന്നും അദ്ദഹം അറിയിച്ചു.
നിയമസഭാ സ്ഥാനാര്‍ഥിത്വ താത്പര്യവുമായി വിവിധ ഗള്‍ഫ് നാടുകളില്‍നിന്നും കെ എം സി സി നേതാക്കള്‍ ശ്രമം നടത്തിയിരുന്നു. ഖത്വര്‍ പ്രസിഡന്റ് എസ് എ എം ബഷീര്‍, യു എ ഇ മുന്‍ പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ തുടങ്ങി പലരുടെയും പേരുകള്‍ പറഞ്ഞു കേള്‍ക്കുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം മറി കടന്നാണ് പ്രവാസജീവിതം വിരമിച്ച് നാട്ടിലെത്തി മുസ്‌ലിം ലീഗ് രാഷ്ട്രീയത്തില്‍ സജീവമായ പാറക്കല്‍ അബദുല്ലയുടെ സ്ഥാനാര്‍ഥിത്വം തീരുമാനമായത്. നിലവില്‍ ലീഗ് കോഴിക്കോട് ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റിം അംഗവുമാണ് അബ്ദുല്ല. കെ എം സി സിയില്‍ ഖത്വറില്‍ നിന്നുള്‍പ്പെടെ അബ്ദുല്ലയുടെ സ്ഥനാര്‍ഥിത്വത്തെ എതിര്‍ത്തവരുണ്ടെങ്കിലും പ്രഖ്യാപനം വന്ന സാഹചര്യത്തില്‍ വിമര്‍ശകര്‍ നിശബ്ദരായി.
എം എസ് എഫിലൂടെ രാഷ്ട്രീയത്തിലെത്തിയ അബ്ദുല്ല, യൂത്ത്‌ലീഗ് നേതാവായിരിക്കേ 1985ല്‍ ഖത്വറിലെത്തി. കെ എം സി സി വടകര മണ്ഡലം, കോഴിക്കോട് ജില്ലാ ഭാരവാഹിയായ അദ്ദേഹം 1996ല്‍ സ്റ്റേറ്റ് കമ്മിറ്റി ജന. സെക്രട്ടറിയായി. കെ എം സി സി ഖത്വര്‍ നാഷനല്‍ കമ്മിറ്റിയുടെ മികച്ച പ്രവര്‍ത്തനകാലമായിരുന്നു എസ് എ എം ബഷീര്‍ പ്രസിഡന്റും പാറക്കല്‍ ജന. സെക്രട്ടറിയുമായ വര്‍ഷങ്ങളെന്ന് ഒദ്യോഗിക വാര്‍ത്താകുറിപ്പ് വിശേഷിപ്പിക്കുന്നു. ഖത്വറിലെ സി എച്ച് സെന്റര്‍ സ്ഥാപകനായ അദ്ദേഹം നിവില്‍ ചന്ദ്രിക ദിനപ്പത്രം ഖത്വര്‍ ഗവേണിംഗ് ബോര്‍ഡ് ചെയര്‍മാനാണ്. കെ എം സി സി ഉപദേശക സമിതി അംഗമായും പ്രവര്‍ത്തിക്കുന്നു.
പാറക്കല്‍ അബ്ദുല്ലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിലൂടെ മുസ്‌ലീംലീഗും ഐക്യജനാധിപത്യമുന്നണിയും പ്രവാസലോകത്തെ പൊതുപ്രവര്‍ത്തകരെ ബഹുമാനിച്ചിരിക്കുകയാണെന്നും വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസിസംഘടനാ സാരഥികള്‍ക്കും നമ്മുടെ നാടിന്റെ നിയമനിര്‍മാണസഭകളില്‍ പങ്കാളിത്തം വഹിക്കാനുള്ള സാഹചര്യമാണ് ചരിത്രപരമായ ഈ പ്രഖ്യാപനത്തിലൂടെ മുസ്‌ലീംലീഗ് നിര്‍വഹിച്ചിരിക്കുന്നതെന്നും കെ എം സി സി സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here