മൂന്നര പതിറ്റാണ്ടിന്റെ അധ്യാപനവൃത്തി; ജോര്‍ജ് വര്‍ഗീസ് മടങ്ങുന്നു

Posted on: March 28, 2016 2:33 pm | Last updated: March 28, 2016 at 2:33 pm

teacherഷാര്‍ജ: മൂന്നര പതിറ്റാണ്ടോളം നീണ്ട അധ്യാപനവൃത്തിക്കു ശേഷം വിദ്യാര്‍ഥികളുടെയും സഹ പ്രവര്‍ത്തകരായ അധ്യാപകരുടെയും ജി വി സാര്‍ സര്‍വീസില്‍ നിന്നു വിരമിക്കുന്നു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ ബോയ്‌സ് വിഭാഗം പ്രധാനാധ്യാപകന്‍ ജോര്‍ജ് വര്‍ഗീസ് എന്ന ജി വി സാറാണ് സര്‍വീസില്‍ നിന്ന് പിരിയുന്നത്. ഏകദേശം മൂന്നര പതിറ്റാണ്ട് കാലത്തോളം പ്രവാസി കുരുന്നുകള്‍ക്ക് വിദ്യ പകര്‍ന്നു നല്‍കിയ ചാരിതാര്‍ഥ്യവും സംതൃപ്തിയുമായാണ് 59 കാരനായ ഈ മലയാളി അധ്യാപകന്‍ വിരമിക്കുന്നത്. 1982 സെപ്തംബറിലാണ് എം എ, ബി എഡ് ബിരുദ ധാരിയായ ഇദ്ദേഹം സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ കയറിയത്. 24 വര്‍ഷം അധ്യാപകനായി സേവനം ചെയ്തു. തുടര്‍ന്ന് 2006ല്‍ യു പി വിഭാഗം സൂപ്പര്‍ വൈസറായി നിയമിതനായി. 2009 മുതല്‍ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
1982ല്‍ തിരുവനന്തപുരത്ത് നിന്ന് ദുബൈയില്‍ വിമാന മാര്‍ഗം എത്തിയ ആലപ്പുഴ, മാവേലിക്കര, കിഴക്കേ വീട്ടില്‍ ജോര്‍ജ് വര്‍ഗീസ് അതേ വര്‍ഷം തന്നെ സ്‌കൂളില്‍ ജോലിയില്‍ കയറുകയായിരുന്നു. അന്ന് സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് ചെറിയ കാലമേ ആയിരുന്നുള്ളൂ. ഇന്ന് സ്ഥാപനം വളര്‍ന്ന് എമിറേറ്റിലെ ഏറ്റവും വലിയ സ്വകാര്യ സ്‌കൂളായി മാറി. സ്‌കൂളിന്റെ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കാനായതില്‍ അദ്ദേഹം ഏറെ സന്തുഷ്ടനാണ്. അധ്യാപക ജീവിതത്തിലെ പിന്നിട്ട ഓരോ നിമിഷവും തനിക്ക് സംതൃപ്തി പകരുന്നതായി ജോര്‍ജ് വര്‍ഗീസ് പറഞ്ഞു. അധ്യാപക ജോലിക്കിടയിലുണ്ടായ ഓരോ അനുഭവങ്ങളും അദ്ദേഹം സ്മരിക്കുന്നത് സന്തോഷത്തോടെയാണ്. താന്‍ വിദ്യപകര്‍ന്നു നല്‍കിയ കുട്ടികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഉന്നത പദവിയിലിരിക്കുന്നത് കാണുമ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് അദ്ദേഹത്തിനു സഫലമായത്. നേരത്തെ അടൂരിലെ പ്രശസ്തമായ സെന്റ് മേരീസ് കോളജില്‍ മൂന്നു വര്‍ഷം ലക്ചററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിരമിക്കുന്നതോടൊപ്പം പ്രവാസ ജീവിതവും അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയാണ് അദ്ദേഹം. പ്രവാസ ജീവിതത്തെ കുറിച്ച് മൂന്നര പതിറ്റാണ്ടോളം കാലത്തെ അനുഭവങ്ങളും അധ്യാപക ജീവിതത്തിലെ അനുഭവങ്ങളും ആസ്പദമാക്കി പുസ്തകം എഴുതാനും ആലോചിക്കുന്നുണ്ട്. ശിഷ്ടകാലം ലഹരികള്‍ക്കെതിരെ പോരാടാനാണ് തന്റെ തീരുമാനമെന്ന് ജോര്‍ജ് വര്‍ഗീസ് പറഞ്ഞു. യുവാക്കളില്‍ പ്രത്യേകിച്ച് കുട്ടികളടക്കമുള്ള കൗമാര പ്രായക്കാരില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ ചെന്നൈ കേന്ദ്രമാക്കി പ്രത്യേക ബോധവത്കരണവും കൗണ്‍സിലിംഗും സൗജന്യമായി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘റൈറ്റ് ട്രാക്ക്’ എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസുകളും നടത്തും. കുട്ടികള്‍ക്കു ശരിയായ പാത കാണിച്ചു കൊടുക്കുകയാണ് ലക്ഷ്യം. സാങ്കേതികമായി ഉന്നതി പ്രാപിക്കുന്ന ഇക്കാലത്ത് ബന്ധങ്ങളും, രക്ഷിതാക്കളെയും ഗുരുക്കന്മാരെയും യുവതലമുറ മറക്കരുതെന്ന് അദ്ദേഹം ഉണര്‍ത്തി. ഔര്‍ ഓണ്‍ സ്‌കൂളിലെ അധ്യാപികയായിരുന്ന ഷേര്‍ളിയാണ് ഭാര്യ. ശ്യാം (ബ്രിട്ടീഷ് കൗണ്‍സില്‍ ചെന്നൈ), അനു (എഞ്ചിനീയര്‍ കോയമ്പത്തൂര്‍) എന്നിവരാണ് മക്കള്‍.