കോണ്‍ഗ്രസിന്റെ അഞ്ച് സീറ്റില്‍ മത്സരിക്കാന്‍ 22 പേര്‍

Posted on: March 28, 2016 9:30 am | Last updated: March 28, 2016 at 9:30 am

കോഴിക്കോട്: ജില്ലയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന അഞ്ച് സീറ്റുകളിലേക്ക് 22 പേരുടെ പട്ടിക. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും പട്ടികയുടെ നീളം കുറക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. എന്നാല്‍ ജംബോ പട്ടികയിലും കെ പി സി സി ജനറല്‍ സെക്രട്ടറിയുടെ പേരില്ല.
കോഴിക്കോട് നോര്‍ത്തിലാണ് കൂടുതല്‍ പേരുള്ളത്. പട്ടികയില്‍ മൂന്ന് പേര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരാണ്. പി എം സുരേഷ്ബാബു, കെ ഉഷാദേവി ടീച്ചര്‍, വിദ്യാ ബാലകൃഷ്ണന്‍ എന്നിവരും, പുറമെ മുന്‍ മന്ത്രി അഡ്വ. പി ശങ്കരന്‍, ഡി സി സി പ്രസിഡന്റ് കെ സി അബു, കെ ജയന്ത് എന്നിവരുടെയും പേരുകളാണുള്ളത്. മറ്റ് മണ്ഡലങ്ങളിലെല്ലാം നാല് പേരുടെ പട്ടികയാണ് കോണ്‍ഗ്രസ് നല്‍കിയിട്ടുള്ളത്. ബേപ്പൂരില്‍ കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ആദം മുല്‍സി, ഡി സി സി പ്രസിഡന്റ് കെ സി അബു, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി എം നിയാസ് എന്നിവരുടെ പേരുകളാണുള്ളത്.
ബാലുശേരിയില്‍ വി ടി സുരേന്ദ്രന്‍, രമ്യ ഹരിദാസ്, കെ വി സുബ്രഹ്മണ്യന്‍, ഇ വി ഗോപാലന്‍, കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യന്‍, കെ പ്രവീണ്‍കുമാര്‍, കഴിഞ്ഞ തവണ പരാജയപ്പെട്ട കെ പി അനില്‍ കുമാര്‍, യു രാജീവന്‍ എന്നിവരുടെയും പേരുകളാണുള്ളത്. നാദാപുരത്ത് കെ പ്രവീണ്‍ കുമാര്‍, ഐ മൂസ, വി എം ചന്ദ്രന്‍, പി എം സുരേഷ്ബാബു എന്നിവരുടെയും പേരുകളാണുള്ളത്.
ഇതില്‍ ബാലുശേരി വച്ചു മാറണമെന്ന ആവശ്യം മുസ്‌ലിം ലീഗ് അറിയിച്ചിട്ടുണ്ട്. ബാലുശേരിക്ക് പകരം ജില്ലയില്‍ നിന്നു തന്നെ മണ്ഡലം മുസ്‌ലിം ലീഗ് വിട്ട് നല്‍കുകയാണെങ്കില്‍ അത് കുന്ദമംഗലാകുമെന്നാണ് സൂചന.
എന്നാല്‍ നിലവിലുള്ള അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസ് പട്ടിക സമര്‍പ്പിച്ചപ്പോള്‍ ലിസ്റ്റിലെവിടെയും കെ പി സി സി ജന. സെക്രട്ടറി അഡ്വ. ടി സിദ്ദീഖിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ജില്ലയിലെവിടെയെങ്കിലും അദ്ദേഹം മത്സരിക്കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കുന്ദമംഗലം കോണ്‍ഗ്രസിന് ലഭിച്ചാല്‍ ടി സിദ്ദീഖൊ കെ സി അബുവൊ സ്ഥാനാര്‍ഥിയാകുമെന്നാണ് അറിയുന്നത്.
എന്നാല്‍ കുന്ദമംഗലത്തിന് വേണ്ടി കെ സി അബു ശക്തമായി രംഗത്തുണ്ട്. മത്സരിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം മുന്‍ ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്തത്. അതിനിടെ ബാലുശേരി മുസ്‌ലിം ലീഗിന് വിട്ടു നല്‍കുന്നത് സംബന്ധിച്ച് ജില്ലാ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസം ശക്തമാണ്.