സപ്ലൈകോ സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങളില്ല; വരവ് കുറയുന്നു, ചെലവ് കൂടുന്നു

Posted on: March 28, 2016 9:28 am | Last updated: March 28, 2016 at 9:28 am

കൊടുവള്ളി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണ, ഇടത്തരം കുടുംബങ്ങളുടെ ദൈനംദിന ജീവിതം ദുസ്സഹമാക്കുന്നു. നിത്യോപയോഗ വസ്തുക്കളുടെയും മത്സ്യം മാംസം, പച്ചക്കറി തുടങ്ങിയവയുടെയും വില കുത്തനെ വര്‍ധിച്ചത് നിരവധി കുടുംബങ്ങളെയാണ് ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്നത്.
വറ്റല്‍മുളക് വില സര്‍വകാല റെക്കോര്‍ഡിലാണ്. കിലോ 140നും 150നും ഇടയിലാണ് ചില്ലറ വില്‍പ്പന. മല്ലിക്ക് 130ല്‍ നിന്ന് താഴ്ന്ന് 95-100 രൂപയായിട്ടുണ്ട്. പഞ്ചസാര വില 25-26 വില്‍പ്പന നടന്നിരുന്നത് ഒരു മാസം കൊണ്ട് പത്ത് രൂപ വര്‍ധിച്ചു. പുഴുക്കലരി 30നും 37നും ഇടയിലാണ് വിവിധ ബ്രാന്റുകള്‍ക്ക് വില്‍പ്പന നടക്കുന്നത്. ചായപ്പൊടി കുറഞ്ഞത് 170ന് മുകളിലാണ്. ശര്‍ക്കര 49 രൂപയോളമായിട്ടുണ്ട്.
പയര്‍ വര്‍ഗങ്ങളില്‍ പരിപ്പിനാണ് ഏറ്റവും കൂടുതല്‍ വില. കിലോഗ്രാമിന് 130. തൊട്ടുതാഴെ ചെറുപയര്‍- 100 രൂപ. കടല വലുത് 80, വന്‍പയര്‍ 60, പച്ചപ്പട്ടാണി 40, മുതിര 40, നെയ്യ് ഡാള്‍ഡ 40 എന്നിങ്ങനെയാണ് വില കള്‍. പച്ചരിക്ക് വിവിധ ബ്രാന്റുകള്‍ക്ക് 24 മുതല്‍ 30 രൂപയോളം വരും. ചെറിയ ജീരകം 280, വലിയ ജീരകം 180, കടുക് 80- 100 എന്നിങ്ങനെയാണ് ചില്ലറ വില്‍പ്പന. വെളിച്ചെണ്ണക്ക് നാളികേര വിലത്തകര്‍ച്ച കാരണം 90 രൂപയാണ് ലിറ്ററിന്. പാമൊലിന്‍ 60, സണ്‍ ഫ്‌ലവര്‍ ഓയില്‍ 85 രൂപയുമാണ്. ജീരകശാല. അരിക്ക് 58 മുതല്‍ 85 രൂപയോളമാണ്. കബ്‌സ ഫൈ ഡ്രൈസ് എന്നിവക്ക് ഉപയോഗിക്കുന്ന ബസുമതി അരി വില അല്‍പം കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ വിവിധ ഇനങ്ങള്‍ക്ക് 60 രൂപ മുതല്‍ 110 രൂപ വരെയാണ് കിലോഗ്രാമിമിന് ചില്ലറ വില്‍പ്പന.
തക്കാളി, സവാള എന്നിവ യുടെ വില കുറഞ്ഞപ്പോള്‍ മറ്റിനങ്ങള്‍ക്കെല്ലാം വില കൂടുതലാണ്. തക്കാളി 10-12, സവാള 14-16 എന്നിങ്ങനെയാണ് വില. അതേസമയം പച്ചമുളക് 50, പയര്‍ 30, കാരറ്റ് 45,ബീന്‍സ് 40, ബീറ്റ്‌റൂട്ട് 30, വെണ്ട 30, പാവക്ക 40, ഇഞ്ചി 60 എന്നിങ്ങനെയാണ് നിലവാരം
സാധാരണക്കാരന്റെ ഇഷ്ടവിഭവമായ കപ്പയുടെ വില പോലും വര്‍ധിച്ചു വരികമാണ്. 16 രൂപയുണ്ടായിരുന്നത് 22 രൂപയോളമായി.
മത്സ്യത്തിന്റെ വിലയും ഒട്ടും വിഭിന്നമല്ല. മത്തി, അയല, മാന്തള്‍, കോര തുടങ്ങിയ ചെറു മത്സ്യങ്ങള്‍ക്ക് പോലും 80 രൂപ മുതല്‍ 200 രൂപയോളമാണ് നിലവാരം. അയക്കോറ, ആവോലി, നെയ്മീന്‍, സ്രാവ്. തിണ്ട തുടങ്ങിയവക്കും തൊട്ടാല്‍ പൊള്ളുന്ന വില തന്നെ. മാട്ടിറച്ചിക്ക് കിലോക്ക് 220-250 രൂപയും കോഴി ഇറ ച്ചിക്ക് 150 രൂപയുമാണ് നിലവാരം. മട്ടനാവട്ടെ വിലകാരണം സാധാരണക്കാരന് തികച്ചും അപ്രാപ്യമായിരിക്കയാണ്.
കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചയും തൊഴില്‍ വ്യാപാര രംഗത്തെ മാന്ദ്യവും പ്രവാസികളുടെ തൊഴില്‍ രംഗത്തെ അസ്ഥിരതയും കാരണം നിത്യവരുമാനം കറഞ്ഞുവരുന്ന ഇടത്തരം, സാധാരണ കുടുംബങ്ങള്‍ക്ക് ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് അനുദിനം വിലകള്‍ കുതിച്ചുയരുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നട്ടം തിരിയേണ്ട സ്ഥിതിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു
അവര്‍ക്ക് അല്‍പം ആശ്വാസമേകിയിരുന്ന സപ്ലൈകോ സൂപ്പര്‍, ലാഭം മാര്‍ക്കറ്റുകളിലും സാധനങ്ങളില്ലാത്തത് കൂനിന്‍മേല്‍ കുരു എന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. റേഷന്‍ കടകള്‍ വഴിയാവട്ടെ പ്രതിമാസം എട്ടോ. ഒമ്പതോ കിലോഗ്രാം ഗുണ നിലവാരം കുറഞ്ഞ അരി ലഭിക്കുന്നത് മാത്രമാണ് സര്‍ക്കാര്‍ വകലഭിക്കുന്ന സഹായം. ഇതാവട്ടെ ഒരാഴ്ചത്തേക്ക് പോലും തികയില്ലെന്നാണ് ജനം ചൂണ്ടിക്കാണിക്കുന്നത്.