ലീഗ് സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി

Posted on: March 28, 2016 9:14 am | Last updated: March 28, 2016 at 9:14 am

മഞ്ചേരി: നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി തേടുന്ന മഞ്ചേരി, മലപ്പുറം, ഏറനാട് മണ്ഡലങ്ങളിലെ ലീഗ് സ്ഥാനാര്‍ഥികള്‍ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കി. മൂന്നു മണ്ഡലങ്ങളിലും ലീഗ് സ്ഥാനാര്‍ഥികളുടെ ഫഌക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നു കഴിഞ്ഞു. മഞ്ചേരിയില്‍ അഡ്വ. എം ഉമ്മര്‍, മലപ്പുറത്ത് പി ഉബൈദുല്ല, ഏറനാട്ടില്‍ പി കെ ബശീര്‍ എന്നിവരാണ് പ്രചാരണത്തില്‍ ഏറെ മുന്നേറിയവര്‍. മഞ്ചേരി മണ്ഡലത്തിലെ എടപ്പറ്റ പഞ്ചായത്തിലുണ്ടായിരുന്ന അനൈക്യമാണ് അഡ്വ. എം ഉമ്മര്‍ നേരിട്ടിരുന്ന പ്രധാന പ്രശ്‌നം.
പാണക്കാട് നടന്ന അനുരഞ്ജന ചര്‍ച്ചയിലൂടെ ഈ പ്രശ്‌നം രമ്യതയിലെത്തി. എടപ്പറ്റ പഞ്ചായത്തില്‍ നടന്ന പര്യടനത്തില്‍ യു ഡി എഫ് ഒറ്റക്കെട്ടായി ആയിട്ടായിരുന്നു പ്രചാരണം. മഞ്ചേരി നഗരസഭ, പാണ്ടിക്കാട്, തൃക്കലങ്ങോട്, കീഴാറ്റൂര്‍ പഞ്ചായത്തുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ ഉമ്മര്‍ പര്യടനം നടത്തിയിരുന്നു. മലപ്പുറത്ത് ഉബൈദുല്ല ഒട്ടുമിക്ക ഭാഗങ്ങളിലും ഇതിനകം വോട്ടഭ്യര്‍ഥിച്ച് എത്തി കഴിഞ്ഞു. കഴിഞ്ഞ തവണ സംസ്ഥാനത്ത് റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയ മലപ്പുറത്ത് എതിരാളികള്‍ പോലും അട്ടിമറി പ്രതീക്ഷിക്കുന്നില്ല. ഏറനാട്ടില്‍ പി കെ ബശീര്‍ ആദ്യറൗണ്ട് പര്യടനം കഴിഞ്ഞ് സൗദി സന്ദര്‍ശനത്തിനായി പുറപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ബശീര്‍ ഗള്‍ഫ് യാത്ര നടത്തുന്നത്.
വിവിധ പഞ്ചായത്തുകളില്‍ ഇടഞ്ഞ് നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളെ നേരില്‍ കണ്ട് അനുനയിപ്പിക്കുകയും വോട്ടഭ്യര്‍ഥിക്കുകയും സഹായം തേടുകയും ചെയ്തു. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പാണക്കാട് നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ലീഗ് പ്രവര്‍ത്തകര്‍. ഇതേ സമയം ഇടത് പാളയത്തില്‍ അനിശ്ചിതത്വത്തിന് ഇനിയും അറുതിയായില്ല. ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനം പോലും അനിശ്ചിതത്വത്തിലാണ്. അതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയവും വഴിമുട്ടി നില്‍ക്കുകയാണ്. 19ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കമ്മറ്റിയില്‍ ഇതു സംബന്ധമായി അന്തിമ തീരുമാനം ഉണ്ടാകുമെന്നായിരുന്നു ഇടത് നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ കമ്മറ്റി വ്യക്തമായ തീരുമാനമെടുക്കാനാകാതെ പിരിച്ചു വിടുകയായിരുന്നു.