ഐ എന്‍ എല്ലുമായി ധാരണ; മൂന്നിടത്ത് മത്സരിക്കും

Posted on: March 28, 2016 4:23 am | Last updated: March 27, 2016 at 11:25 pm

INLതിരുവനന്തപുരം/കോഴിക്കോട്: എല്‍ ഡി എഫുമായുള്ള ഐ എന്‍ എല്ലിന്റെ സീറ്റുവിഭജന പൂര്‍ത്തിയായി. മൂന്ന് സീറ്റുകളില്‍ ഐ എന്‍ എല്‍ മത്സരിക്കും. കാസര്‍കോഡ്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന് സീറ്റുകളിലാവും ഐ എന്‍ എല്‍ മത്സരിക്കുക. ഘടകകക്ഷികള്‍ നേരത്തെ മത്സരിച്ച സീറ്റുകളില്‍ വര്‍ധനവ് വരുത്താന്‍ നിലവിലെ സാഹചര്യത്തില്‍ കഴിയില്ലെന്ന എല്‍ ഡി എഫ് നേതാക്കളുടെ നിര്‍ദേശം നാലാംഘട്ട ചര്‍ച്ചയില്‍ ഐ എന്‍ എല്‍ അംഗീകരിക്കുകയായിരുന്നു.
എല്‍ ഡി എഫ് വികസിക്കുമ്പോള്‍ പ്രഥമ പരിഗണന ഐ എന്‍എല്ലിന് നല്‍കുമെന്നും എല്‍ ഡി എഫ് നേതാക്കള്‍ ഉറപ്പുനല്‍കി.
സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയായതോടെ കോഴിക്കോട് സൗത്തില്‍ മുസ്‌ലിം ലീംഗിലെ ഡോ. എം കെ മുനീറിനെതിരെ മത്സരിക്കുന്നത് ഐ എന്‍ എല്‍ സംസ്ഥാന ജന. സെക്രട്ടറി അഡ്വ. എ പി അബ്ദുല്‍ വഹാബായിരിക്കുമെന്ന് ഉറപ്പായി.
കോഴിക്കോട് സൗത്ത് വിജയസാധ്യതയുള്ള സീറ്റായാണ് ഐ എന്‍ എല്‍ കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി സംസ്ഥാന ജന. സെക്രട്ടറി അബ്ദുല്‍ വഹാബിനെ മത്സരിപ്പിച്ച് സീറ്റ് പിടിച്ചെടുക്കാനാകുമെന്നാണ് വിശ്വാസം. ഇടത് മുന്നണിയും വഹാബിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം മത്സരിക്കുകയാണെങ്കില്‍ സീറ്റ് നല്‍കാമെന്നാണത്രേ സി പി എമ്മിന്റെയും നിര്‍ദേശം. ഐ എന്‍ എല്ലിലും വഹാബിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നാണ് അറിയുന്നത്.
2006ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഐ എന്‍ എല്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പി എം എ സലാം ഇവിടെ ജയിച്ചിട്ടുണ്ട്. അബ്ദുല്‍ വഹാബ് നേരത്തെ തിരൂര്‍, മഞ്ചേരി മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. നാഷനല്‍ യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, ഐ എന്‍ എല്‍ മലപ്പുറം ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വള്ളിക്കുന്ന്, കാസര്‍ക്കോട് സീറ്റുകളില്‍ അതാത് ജില്ലയില്‍ നിന്നുള്ളവര്‍ തന്നെയായിരിക്കും മത്സരിക്കുക. സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ കോഴിക്കോട് നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ വെച്ച് നടക്കും.
എം കെ മുനീര്‍ കഴിഞ്ഞ തവണ 1,376 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് 5,216 വോട്ടിന്റെ ഭൂരിപക്ഷം ഈ നിയമസഭാ മണ്ഡലത്തിലുണ്ടെങ്കിലും കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ നേട്ടം നിലനിര്‍ത്താന്‍ യു ഡി എഫിന് കഴിഞ്ഞില്ല. എല്‍ ഡി എഫ് മുന്‍തൂക്കം നേടിയിരുന്നു.
അബ്ദുല്‍ വഹാബിന്റെ സ്ഥാനാര്‍ഥിത്വത്തോടെ കോഴിക്കോട് സൗത്തില്‍ ഇത്തവണ പോരാട്ടം തീപാറുമെന്നാണ് സൂചന.