Editorial
അനാഥാലയങ്ങള്‍ പൂട്ടിക്കണോ?
 
		
      																					
              
              
            സംസ്ഥാനത്തെ അനാഥശാലകള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഡിസംബറില്‍ പാര്‍ലിമെന്റ് പാസാക്കിയ ബാലനീതി നിയമം സംസ്ഥാന സര്‍ക്കാര്‍ അനാഥശാലകള്‍ക്ക് കൂടി ബാധമാക്കിയതോടെ അവ അടച്ചുപൂട്ടേണ്ട അവസ്ഥിയിലാണ് നടത്തിപ്പുകാര്‍. അത്ര കര്‍ശനവും ഭാരിച്ച സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതുമാണ് നിയമത്തിലെ വ്യവസ്ഥകള്‍. കേന്ദ്ര നിയമത്തിലെ കാര്‍ക്കശ്യത്തിലുപരി, അതില്‍ പ്രായോഗിക ഭേദഗതികള്‍ വരുത്തുന്നതിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ അധികാരം ഉപയോഗപ്പെടുത്തുന്നതില്‍ കേരള സര്‍ക്കാര്‍ കാണിച്ച ഗുരുതര വീഴ്ചയും 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ പഠിക്കുന്ന അനാഥ-അഗതി മന്ദിരങ്ങള്‍ നിര്‍ബന്ധമായും ബാലനീതി നിയമത്തിന്‍ കീഴില്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഈ ഉത്തരവ് നടപ്പാക്കുന്നതില്‍ സാമൂഹിക ക്ഷേമവകുപ്പ് പതിവില്‍ കവിഞ്ഞ ആവേശം കാണിക്കുകയും ചെയ്തു. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് ഹാനികരമല്ലാത്ത വിധം അതിന്റെ ചട്ടങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അനുമതിയുണ്ടായിരുന്നു. ഇതനുസരിച്ചു കുട്ടികളുടെ പ്രവേശം, ജീവനക്കാരുടെ എണ്ണം തുടങ്ങിയ കാര്യങ്ങളില്‍ അതാത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറ്റം വരുത്താം. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്ന് മാത്രമല്ല, കേന്ദ്രം ആവിഷ്‌കരിച്ചതിനേക്കാള്‍ കര്‍ശനമായ ചട്ടങ്ങള്‍ ഉള്‍ക്കൊളളിച്ചു കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു.
ബാലനീതി നിയമത്തിന്‍ കീഴിലുള്ള രജിസ്‌ട്രേഷന്‍ ജൂലൈ 15നകം നടത്തിയിരിക്കണമെന്നും 100 കുട്ടികള്‍ക്ക് 25 ജീവനക്കാര്‍ വേണമെന്നുമാണ് കേന്ദ്ര നിയമത്തിലെ വ്യവസ്ഥയെങ്കില്‍ റജിസ്‌ട്രേഷന്‍ ജൂണ്‍ 15നകം വേണമെന്നും 100 കുട്ടികള്‍ക്ക് 40 ജീവനക്കാര്‍ ഉണ്ടായിരിക്കണമെന്നുമാണ് സംസഥാന നിയമത്തില്‍ അനുശാസിക്കുന്നത്. സ്ഥാപനചുമതല വഹിക്കുന്നയാള്‍ക്ക് ബിരുദാനന്തര ബിരുദം, 50 കുട്ടികള്‍ക്ക് 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള താമസ മുറി, 600 ചതുരശ്ര അടിയുള്ള ക്ലാസ് റൂം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. രജിസ്‌ട്രേഷന്‍ വൈകിക്കുന്ന സ്ഥാപന അധികൃതര്‍ക്ക് ഒരു ലക്ഷം രൂപ പിഴയോ ഒരു മാസത്തെ തടവോ ശിക്ഷയും വിധിക്കുന്നു. വൈകുന്ന ഓരോ മാസത്തിനും ബാധകമാണ് ഈ ശിക്ഷ. സംസ്ഥാനത്ത് അംഗീകൃത സ്ഥാപനങ്ങളിലായി 52,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. ഈ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുമ്പോള്‍ മിക്ക സ്ഥാപനങ്ങളിലും പകുതിയില്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ പഠനം തുടരാനാവുകയുള്ളു. ബാക്കിയുള്ളവരെ രക്ഷിതാക്കള്‍ക്കൊപ്പം തിരിച്ചയക്കേണ്ടി വരും. ഇത് കുട്ടികളുടെ ഭാവി അവതാളത്തിലാക്കും.
ചില ഉദ്യോഗസ്ഥരാണ് നിയമം കര്‍ക്കശമാക്കിയതിന് പിന്നിലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അനാഥാലയങ്ങളെയും മുസ്‌ലിം സ്ഥാപനങ്ങളെയും ദ്രോഹിക്കുന്നതില്‍ ആത്മനിര്‍വൃതി കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ പല വകുപ്പുകളിലും ഉണ്ടെന്നത് വസ്തുതയാണ്. വടക്കേ ഇന്ത്യയില്‍ നിന്ന് പഠനാവശ്യാര്‍ഥം സംസ്ഥാനത്തെ അനാഥ ശാലകളിലേക്ക് കുട്ടികളെ കൊണ്ട് വരുന്നത് മനുഷ്യക്കടത്തായി ആരോപിച്ചു അവരുടെ പഠനം അവതാളത്തിലാക്കാന്‍ ശ്രമിച്ചത് ഇത്തരം വര്‍ഗീയ മനസ്‌കരായിരുന്നല്ലോ. അറബി സര്‍വകലാശാല സ്ഥാപിക്കാനുള്ള നീക്കത്തിന് അള്ള് വെച്ചതില്‍ ഉദ്യോഗസ്ഥ ലോബിയുമുണ്ടായിരുന്നു. അതേസമയം ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ പഴിചാരി സാമൂഹിക നീതിവകുപ്പ് മന്ത്രിക്കോ സംസ്ഥാന സര്‍ക്കാറിനോ തടിയൂരാാനാകില്ല. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും നിലക്കു നിര്‍ത്താനുമുള്ള ബാധ്യത മന്ത്രിമാര്‍ക്കുണ്ട്.
മാതാപിതാക്കളില്ലാത്തവരും നിര്‍ധനരുമായ കുട്ടികളെ നല്ല നിലയില്‍ സംരക്ഷിക്കുകയും മത-ഭൗതിക വിദ്യാഭ്യാസം നല്‍കി നാടിനും സമൂഹത്തിനും ഉപകാരപ്രദമാകുന്ന ഉത്തമ പൗരന്മാരായി വാര്‍ത്തെടുക്കുകയുമാണ് യതീംഖാനകളുടെ ധര്‍മം. അനാഥരുടെയും അഗതികളുടെയും വിദ്യാഭ്യാസ സാമൂഹിക വളര്‍ച്ചയില്‍ നിസ്തുലമായ പങ്കാണ് ഈ സ്ഥാപനങ്ങള്‍ വഹിക്കുന്നത്. ഇവയില്‍ നിന്ന് പഠിച്ചു അത്യുന്നത സ്ഥാനങ്ങളിലെത്തിയവര്‍ നിരവധിയാണ്. എന്നാല്‍, മുസ്‌ലിം സന്താനങ്ങള്‍ പഠിച്ചു വലുതാകുന്നതും ഉന്നത സ്ഥാനങ്ങളിലെത്തിപ്പെടുന്നതും ഇഷ്ടപ്പെടുന്നില്ല പലര്‍ക്കും. അവരെന്നും സമൂഹത്തിന്റെ താഴേ ശ്രേണിയില്‍ ദുരിത ജീവിതം നയിക്കുന്നവരായി കാണാനാണ് അവര്‍ക്ക് താത്പര്യം. ഈ കുടില മനസ്‌കരുടെ പ്രതിലോമ നീക്കങ്ങള്‍ക്ക് തടയിട്ട് സംസ്ഥാനത്ത് അനാഥശാലകളുടെ വളര്‍ച്ചക്ക് സഹായകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ് തുടങ്ങിയ സുന്നി സംഘടനകളും ശനിയാഴ്ച കോഴിക്കോട്ട് ചേര്‍ന്ന അനാഥശാലാ ഭാരവാഹികളുടെ യോഗവും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും പരിഹാരമില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ പ്രഖ്യാപിക്കുകയുമുണ്ടായി അതിനിടവരുത്താതെ നിയമ നിര്‍മാണത്തിലൂടെയോ കോടതിയെ സമീപിച്ചോ പ്രശ്‌നത്തിന്‍ പരിഹാരം കാണാന്‍ അധികൃതര്‍ മുന്നോട്ട് വരേണ്ടതാണ്.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          